ad
Deshabhimani

സംഖ്യകൾക്ക് പിന്നിലുള്ള സത്യങ്ങൾ

maths
avatar
കെ സ്വാമിനാഥന്‍

Published on Jun 25, 2026, 01:59 AM | 2 min read

ഇന്ത്യൻ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന പ്രൊഫ.പ്രശാന്തചന്ദ്ര മഹാലനോബിസ് എന്ന ശാസ്ത്രജ്ഞൻറ ജന്മദിനമായ ജൂൺ 29 ആണ് ദേശീയ സ്ഥിതിവിവരക്കണക്ക് ദിനമായി ആചരിക്കുന്നത്.


​​സാമ്പിള്‍ സർവേ രീതികളെ ശാസ്ത്രീയമായി ഉപയോഗിക്കുന്നതിൽ മഹാലനോബിസ് മോഡൽ ഇന്ത്യയെ ലോകത്തിനു മുന്നിൽ എത്തിച്ചു. ‘മഹാലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകം അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. സ്ഥിതിവിവരക്കണക്ക് എന്നത് വെറും അക്കങ്ങൾ ശേഖരിക്കുന്നതല്ല. ഒരു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ക്രമീകരിക്കുകയും വിശകലനം ചെയ്യുകയും അതിൽ നിന്ന് നിഗമനങ്ങളിലെത്തുകയും ചെയ്യുന്ന ശാസ്ത്രശാഖയാണ് സ്ഥിതിവിവര ശാസ്ത്രം. ജനസംഖ്യ, മഴയുടെ അളവ്, വിദ്യാർഥികളുടെ പരീക്ഷാഫലം, കൃഷിവിളവുകൾ, രോഗബാധിതരുടെ എണ്ണം, തൊഴിലില്ലായ്മ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം സ്ഥിതിവിവരക്കണക്കുകളാണ്.


നമ്മുടെ ദൈനംദിന ജീവിതത്തിൽപ്പോ---ലും സ്ഥിതി വിവരക്കണക്കുകൾ വലിയ പങ്കുവഹിക്കുന്നു. സർക്കാർ പദ്ധതികൾ രൂപപ്പെടുത്തുന്നതിനും വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും കൃത്യമായ കണക്കുകൾ അനിവാര്യമാണ്. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് എത്ര സ്കൂളുകൾ വേണം, എത്ര ആശുപത്രികൾ വേണം, എത്ര ഭക്ഷ്യധാന്യം ആവശ്യമാണ് എന്നീ കാര്യങ്ങൾ തീരുമാനിക്കുന്നത് ശേഖരിച്ച കണക്കുകളെ അടിസ്ഥാനമാക്കിയാണ്.


​മഴയ്ക്കും കണക്കുണ്ട്‌


ഇപ്പോൾ കാലവർഷമാണല്ലോ. ഈ വർഷം ലഭിച്ച മഴ കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആയിരുന്നോ, കുറവായിരുന്നോ? കഴിഞ്ഞ 10 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ ഇടവപ്പാതി ലഭിച്ച വർഷം ഏതാണ്? കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിലെ ഏതെല്ലാം സ്ഥലങ്ങളിൽ കാലവർഷക്കെടുതി ഉണ്ടായി? കാലവർഷക്കെടുതിയും മഴക്കാല രോഗങ്ങളും കുറയ്ക്കാൻ എന്തു ചെയ്യണം?

മേൽ വിവരിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരം എവിടെ നിന്നാണ് നമുക്ക് ലഭിക്കുന്നത്? കാലാവസ്ഥാ നിരീക്ഷണവകുപ്പും ദുരന്തനിവാരണ അതോറിറ്റിയുമെല്ലാം ഈ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്‌. അതിന്റെ അടിസ്ഥാനത്തിലാണ് മഴക്കാലത്ത് ഉണ്ടാകാൻ ഇടയുള്ള ദുരന്തങ്ങളെ ലഘൂകരിക്കാനും മഴക്കാല രോഗങ്ങളെ നിയന്ത്രിക്കുവാനും നടപടികൾ സ്വീകരിക്കുന്നത്.

​​സെൻസസ് -2027


ഇന്ത്യ സെൻസസ് ജോലികളിലേക്ക് കടന്നിരിക്കുകയാണെല്ലോ. രാജ്യത്തെയോ പ്രദേശത്തെയോ ആളുകളുടെ ഒരു പ്രത്യേക സമയത്തുള്ള വിവരങ്ങൾ അവരിൽനിന്നും ശേഖരിച്ച് വിശകലനം ചെയ്യുന്ന പ്രവർത്തനമാണ് ‘കാനേഷുമാരി' അഥവാ സെൻസസ്.

ഇ‍ൗ വിവരങ്ങൾ ജനാധിപത്യപ്രക്രിയയുടെ ഭാഗമായുള്ള നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണയം, നികുതിവരുമാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ളവിഹിതം നിശ്ചയിക്കുന്ന ധനകാര്യാസൂത്രണം, ഗവേഷണം, വ്യാവസായികാവശ്യങ്ങൾ, പദ്ധതിനിർവഹണം എന്നിവയ്ക്ക്‌ ഉപയോഗിക്കുന്നു.

​​

​​ജീവിതനെെപുണി


സ്ഥിതിവിവരശാസ്ത്രം നിങ്ങൾ പ്രൈമറി ക്ലാസ് മുതൽ പഠിക്കുന്നുണ്ട്. വീടും സ്കൂളുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് ആദ്യം ചെയ്യുന്നത്. പട്ടികയിലൂടെയും ചിത്രങ്ങളിലൂടെയും രേഖപ്പെടുത്തുന്ന വിവരങ്ങൾ ഉയർന്ന ക്ലാസുകളിൽ എത്തുമ്പോൾ വിവിധ ഗ്രാഫുകളിലേക്ക് വളരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം കുട്ടികളിൽ നിരീക്ഷണപാടവം, യുക്തിചിന്ത,

പ്രശ്നപരിഹാരശേഷി എന്നിവ വളർത്തുന്നു.


വിവരങ്ങൾ പരിശോധിച്ച് ശരിയായ നിഗമനത്തിലെത്താൻ സഹായിക്കുന്നതിനാൽ ശാസ്ത്രീയ മനോഭാവം വളരാനും ഇത് സഹായിക്കുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ വിവരശേഖരണവും രേഖപ്പെടുത്തലും സൂക്ഷിക്കലും അപഗ്രഥനവും ഏറെ എളുപ്പമായിരിക്കുന്നു. എന്നാൽ ശരിയായ വിവരങ്ങൾ തിരിച്ചറിയാനും വിശകലനം ചെയ്യാനുമുള്ള കഴിവ് പ്രധാനമാണ്. വ്യാജവാർത്തകളെയും തെറ്റായ അവകാശവാദങ്ങളെയും തിരിച്ചറിയാൻ കണക്കുകളെ വിമർശനാത്മകമായി പരിശോധിക്കുന്ന ശീലം ആവശ്യമാണ്. അതിനാൽ സ്ഥിതിവിവരശാസ്ത്രം ഒരു പഠനവിഷയം മാത്രമല്ല, ജീവിതനൈപുണിയുമാണ്.


കൃത്യമായ വിവരങ്ങൾ ശേഖരിക്കുകയും അവ ശരിയായി ഉപയോഗിക്കുകയും ചെയ്യുന്ന സമൂഹത്തിനാണ് നല്ല തീരുമാനങ്ങൾ എടുക്കാൻ സാധിക്കുക. അതിനാൽ വിദ്യാർഥികളായ നിങ്ങൾ സ്ഥിതിവിവരശാസ്ത്രത്തിന്റെ പ്രാധാന്യമറിഞ്ഞ് --പുതിയ ലോകത്തിലേക്ക് മുന്നേറണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home