ആശങ്കയൊഴിയുന്നില്ല


സ്വന്തം ലേഖകൻ
Published on Jun 25, 2026, 02:04 AM | 1 min read
പാലക്കാട്
ജില്ലയിൽ വീണ്ടും എച്ച്1 എൻ1 മരണം സ്ഥിരീകരിച്ചതോടെ ആശങ്കയേറുന്നു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ എഴുപത്തിയേഴുകാരനാണ് രണ്ടു ദിവസംമുമ്പ് മരിച്ചത്. പനിയെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ 22ന് രാവിലെയാണ് മരണം. നാല് ദിവസംമുമ്പ് കുമരംപുത്തൂർ സ്വദേശി മുപ്പത്തിനാലുകാരിയും മരിച്ചു. ഒന്നര മാസത്തിനിടെ ഡെങ്കിപ്പനി ബാധിച്ച് ആറുപേരാണ് ജില്ലയിൽ മരിച്ചത്. അങ്കണവാടി ജീവനക്കാരിയായ ചിറ്റൂർ പെരുമാട്ടി പള്ളിച്ചാർത്തുകുളമ്പ് സ്വദേശിനി ഗീത, കരിമ്പുഴ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ വീട്ടിൽ മറിയ, താഴേക്കോട് പിടിഎംഎച്ച്എസ്‌എസിലെ അധ്യാപകൻ കരിമ്പുഴ കരിപ്പമണ്ണ പുളിക്കാഞ്ചേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ, അകത്തേത്തറ സ്വദേശികളായ കൃഷ്‌ണൻ, മോഹനൻ, പട്ടാന്പി സ്വദേശിയായ എഴുപത്തിനാലുകാരി എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതുകൂടാതെ എലിപ്പനി ബാധിച്ച് രണ്ടുപേരും മരിച്ചു. ജില്ലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നതിനിടയിലാണ് മറ്റ് പകർച്ചവ്യാധികളും വെല്ലുവിളിയാകുന്നത്. 24 ദിവസത്തിനിടെ 288 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഒരാഴ്‌ച മുമ്പ് വടക്കഞ്ചേരി സ്വദേശിയായ പന്ത്രണ്ടുകാരന് ഷിഗല്ലയും സ്ഥിരീകരിച്ചിരുന്നു. രോഗപ്രതിരോധം അടിമുടി പാളുമ്പോഴും ഉത്തരവാദപ്പെട്ടവർ മൗനം തുടരുന്നു. സർക്കാരിന്റെ അനാസ്ഥമൂലം ജീവനുകൾ തുടരെ പൊലിഞ്ഞിട്ടും ആരോഗ്യ വകുപ്പ് മന്ത്രിയും ജില്ലയിൽനിന്നുള്ള രണ്ട് മന്ത്രിമാരും പ്രതികരിച്ചിട്ടില്ല. ഇത്തവണ മഴക്കാലപൂർവ ശുചീകരണം ഉൾപ്പെടെ വേണ്ട രീതിയിൽ നടന്നിട്ടില്ല. മഴയിൽ പാലക്കാട് നഗരത്തിൽ ഉൾപ്പെടെ മാലിന്യം നിറയുകയാണ്. പൊതുജനങ്ങളെ കുരുതികൊടുക്കുന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സർക്കാർ.









0 comments