‘ജാനകിയെ’ മാറ്റില്ല; നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് അണിയറ പ്രവർത്തകർ

JSK
വെബ് ഡെസ്ക്

Published on Jun 24, 2025, 07:42 PM | 1 min read

കൊച്ചി : ജാനകി വേഴ്‌സസ്‌ സ്‌റ്റേറ്റ്‌ ഓഫ്‌ കേരള സിനിമക്ക്‌ എതിരെയുള്ള സെൻസർ ബോർഡ്‌ നടപടിയെ നിയമപരമായി നേരിടുമെന്ന്‌ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിനിമയുടെയും കഥാപാത്രത്തിന്റെയും പേര്‌ ജാനകിയെന്നത്‌ മാറ്റണമെന്നാണ്‌ ബോർഡ്‌ അധികൃതർ വാക്കാൽ ആവശ്യപ്പെട്ടത്‌. ഇതിനുള്ള കാരണം വ്യക്തമാക്കുകയോ നോട്ടീസ്‌ നൽകുകയോ ചെയ്‌തട്ടില്ല. ഈ സാഹചര്യത്തിൽ കാരണം കാണിക്കൽ നോട്ടീസ്‌ നൽകണമെന്നും ജാനകിയെന്ന പേര്‌ നിലനിർത്തി തന്നെ ചിത്രത്തിന്‌ സർടിഫിക്കറ്റ്‌ നൽകണമെന്നും ആവശ്യപ്പെട്ട്‌ ഹൈക്കോടതിയിൽ ഹർജി നൽകി.


കോടതിയെ സമീപിച്ചതിന്‌ പിന്നാലെ സെൻസർബോർഡ്‌ അധികൃതർ ബന്ധപ്പെട്ടു. വ്യാഴാഴ്‌ച പ്രിവ്യുകമ്മിറ്റി മുംബൈയിൽ ചേരുമെന്നും സിനിമ കാണുമെന്നും അവർ അറിയിച്ചു. നേരത്തെ കേരളത്തിലെ ബോർഡ്‌ അധികൃതർ ചിത്രം കണ്ടപ്പോൾ തൃപ്‌തി രേഖപ്പെടുത്തിയിരുന്നു.

യഥാർഥ സംഭവത്തെ ആസ്‌പദമാക്കിയെടുത്ത ചിത്രമാണിത്‌. ഇതിൽ ദേശവിരുദ്ധമായി ഒന്നുമില്ല.


പുരാണമോ, ചരിത്രമോ ആയി ബന്ധവുമില്ല. ചിത്രത്തിന്റെ എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസർമാരിൽ ഒരാൾ ബിജെപിക്കാരനാണ്‌. അദ്ദേഹം കാണാത്ത എന്താണ്‌ ബോർഡ്‌ കണ്ടതെന്ന്‌ അറിയില്ല. പേര്‌ മാറ്റുന്നത്‌ വൻ സാമ്പത്തിക ബാധ്യതക്കിടയാക്കും. 96 തവണ ജാനകിയെന്ന പേര്‌ ചിത്രത്തിൽ വരുന്നുണ്ട്‌. മാറ്റം വരുത്തുന്നത്‌ ചിത്രത്തെ പ്രതികൂലമായി ബാധിക്കും. നിങ്ങൾ നിങ്ങളുടെ വഴിക്ക്‌ പോകൂവെന്നാണ്‌ ചിത്രത്തിലെ നായകനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ്‌ ഗോപിയെ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്‌. അഞ്ച്‌ ഭാഷകളിലാണ്‌ ചിത്രം. 27നാണ്‌ റിലീസ്‌ നിശ്ചയിച്ചിരുന്നത്‌. റിവ്യു കമ്മിറ്റി ചേർന്ന്‌ സർടിഫിക്കറ്റ്‌ നൽകിയാൽ തന്നെ ഈ ദിവസം ഇനി റീലീസ്‌ നടക്കില്ലെന്നും പറഞ്ഞു. സംവിധായകൻ പ്രവീൺ നാരായണൻ, നിർമാതാവ്‌ ജെ ഫണീന്ദ്രകുമാർ, എക്‌സിക്യുട്ടീവ്‌ പ്രൊഡ്യൂസർ കിരൺ രാജ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Home