പേരിനെച്ചൊല്ലി പ്രദർശനാനുമതി നിഷേധം ; നിർമാതാവും സംവിധായകനും കോടതിയിലേക്ക്

കൊച്ചി
‘ജാനകി v/s സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയ്‌ക്കെതിരായ കേന്ദ്ര സെൻസർ ബോർഡ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി നിർമാതാവും സംവിധായകനും. പേരിനെച്ചൊല്ലി പ്രദർശനാനുമതി നിഷേധിച്ചതായി രേഖാമൂലം അറിയിപ്പ് ലഭിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനാണ് നിർമാതാവ് ജെ ഫണീന്ദ്രകുമാർ, തിരക്കഥാകൃത്തും സംവിധായകനുമായ പ്രവീൺ നാരായണൻ എന്നിവരുടെ തീരുമാനം. ഇതിന് നടപടി ആരംഭിച്ചു.
നിർമാതാവിനെ പിന്തുണയ്‌ക്കുമെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് പറഞ്ഞു. കേസിൽ കക്ഷിചേരാനുള്ള തീരുമാനത്തിലാണ് അസോസിയേഷൻ. പേര് മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അണിയറപ്രവർത്തകർക്ക് സിനിമാസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഫ്‌ക പ്രത്യക്ഷസമരം നടത്തുമെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്‌ണൻ അറിയിച്ചിരുന്നു. സിനിമയുടെ പേരിൽനിന്നുമാത്രമല്ല, കഥാപാത്രത്തിന്റെ ജാനകി എന്ന പേരും മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിൽ പീഡനത്തിനിരയായ കഥാപാത്രത്തിന് ജാനകി എന്ന പേര് ഒഴിവാക്കണമെന്നാണ് ആവശ്യം.









0 comments