സഖ്യം നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി
print edition യുഡിഎഫിൽ പിടിമുറുക്കാൻ ജമാഅത്തെ ഇസ്ലാമി ; കൂടുതൽ തദ്ദേശ സ്ഥാപനങ്ങളിൽ സഖ്യം

മലപ്പുറം: മതരാഷ്ട്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമി യുഡിഎഫിൽ സ്വാധീനമുറപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടാനാണ് തീരുമാനം. കഴിഞ്ഞ തവണ സഖ്യമുണ്ടായിരുന്ന ഇടങ്ങളിൽ ബന്ധം ശക്തമാക്കാനും പുതിയ തദ്ദേശ സ്ഥാപനങ്ങളിലേക്ക് സഖ്യം വ്യാപിപ്പിക്കാനുമാണ് നീക്കം. ജമാഅത്തെ ബന്ധത്തെച്ചൊല്ലി കോൺഗ്രസിലും ലീഗിലും പ്രാദേശിക ഘടകങ്ങളിൽ കടുത്ത എതിർപ്പുയർന്നു. എന്നാൽ, ജമാഅത്തെ ഇസ്ലാമിയെ പിണക്കരുതെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം പ്രാദേശിക ഘടകങ്ങൾക്ക് നിർദേശം നൽകി.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുമായി ഇതിനകം നിരവധി സ്ഥലങ്ങളിൽ സഖ്യമുണ്ട്. മറ്റിടങ്ങളിൽ ചർച്ച പുരോഗമിക്കുന്നു. പൊൻമുണ്ടം പഞ്ചായത്തിൽ കോൺഗ്രസിനെ ഒഴിവാക്കിയാണ് ലീഗ്–ജമാഅത്തെ കൂട്ടുകെട്ട്. പകുതിവീതം സീറ്റുകളും അധ്യക്ഷസ്ഥാനവും പങ്കിടാമെന്ന കോൺഗ്രസ് നിലപാട് ലീഗ് നേതൃത്വം വഴങ്ങിയില്ല.
മമ്പാട് യുഡിഎഫുമായാണ് ജമാഅത്തെ ധാരണ. അങ്ങാടിപ്പുറത്ത് ഇത്തവണയും ജമാഅത്തെ ഇസ്ലാമി– യുഡിഎഫ് കൂട്ടുകെട്ടാണ്. കഴിഞ്ഞ തവണ മേലാറ്റൂർ, വെട്ടത്തൂർ, കീഴാറ്റൂർ, ഏലംകുളം, അങ്ങാടിപ്പുറം, നന്നമ്പ്ര, തലക്കാട്, വെട്ടം, തിരുനാവായ പഞ്ചായത്തുകളിലാണ് യുഡിഎഫ്– വെൽഫെയർ സഖ്യം. വെട്ടത്തൂരും ഏലംകുളത്തും ജമാഅത്തെ പിന്തുണയിലാണ് യുഡിഎഫ് ഭരണംപിടിച്ചത്. ഇതിൽ ഏലംകുളത്ത് എൽഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. കൂട്ടിലങ്ങാടിയിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ പഞ്ചായത്ത് പ്രസിഡന്റാക്കിയാണ് യുഡിഎഫ് ഭരണം. നന്നമ്പ്ര പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയിൽ വെൽഫെയറിന് ഒരു സീറ്റ് കിട്ടി.
കൊണ്ടോട്ടി നഗരസഭയിൽ കഴിഞ്ഞ തവണ ഒരു സീറ്റിൽ വെൽഫെയർ ജയിച്ചു. ഇത്തവണ രണ്ട് സീറ്റാണ് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടത്. തിരൂർ നഗരസഭയിൽ ഇത്തവണ മൂന്ന് സീറ്റാണ് വെൽഫെയർപാർടിആവശ്യപ്പെട്ടത്. പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകളിലും സഖ്യമുണ്ട്. കോൺഗ്രസിന് ജയിക്കാൻ വോട്ടില്ലാത്ത വാർഡുകളിൽ മുന്നണി ധാരണയുടെ പേരിൽ സീറ്റ് നൽകുന്നത് നഷ്ടമാണെന്നാണ് ലീഗിന്റെ നിലപാട്.
സഖ്യം നിഷേധിക്കാതെ കുഞ്ഞാലിക്കുട്ടി
വെൽഫെയർ പാർടിയുമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് സഖ്യം നിഷേധിക്കാതെ മുസ്ലിംലീഗ്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയറുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് കാത്തിരിക്കൂ എന്നായിരുന്നു ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സഖ്യമുണ്ടാകില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് വെൽഫെയർ പാർടിയെ തള്ളാതെയുള്ള മറുപടി.









0 comments