കേരളം മറക്കുമോ ആ കാളരാത്രികൾ


റഷീദ് ആനപ്പുറം
Published on Jan 10, 2026, 05:17 PM | 3 min read
തിരുവനന്തപുരം: മതരാഷ്‌ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയെ മുഖ്യമന്ത്രിയും സിപിഐ എമ്മും വിമർശിക്കുമ്പോൾ മുസ്ലിങ്ങൾക്കെതിരെ പറയുന്നുവെന്ന് പ്രചരിപ്പിക്കുന്നവർ വിഴുങ്ങുന്നത് ന്യൂനപക്ഷത്തിനെതിരായ സ്വന്തം വാക്കുകൾ. മുസ്ലിങ്ങൾ അനർഹമായി പലതും കൈപ്പറ്റുന്നുവെന്നും ഗൾഫ് പണം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുവെന്നും പറഞ്ഞ എ കെ ആന്റണിയും അഞ്ചാം മന്ത്രിസ്ഥാനത്തെ മുസ്ലിം പ്രീണനമായി വ്യാഖ്യാനിച്ച ചെന്നിത്തലയും വി ഡി സതീശനും ഇപ്പോഴും കോൺഗ്രസിൽ വിലസുകയാണ്. എൽഡിഎഫ് ഭരണത്തിന് പത്തുവർഷം പൂർത്തിയാകുമ്പോൾ ഇൗ കാലത്ത് ഒരൊറ്റ വർഗീയ കലാപത്തിനും കേരളം സാക്ഷ്യം വഹിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയാം. എന്നാൽ യുഡിഎഫിന് അങ്ങനെ പറയാനാകുമോ? മാറാട് മാത്രമല്ല, തലശ്ശേരിയും വിഴിഞ്ഞവും പൂന്തുറയും തൈക്കലും... ആ കാളരാത്രികൾ കേരളം മറക്കുമോ?
എ കെ ബാലന്റെ പ്രസ്‌താവനയെപിടിച്ച് തുള്ളുന്നവർക്ക് ആർഎസ്എസ് തിട്ടൂരത്തിന് വഴങ്ങി മുസ്ലിംലീഗ് നേതാവുകൂടിയായിരുന്ന തന്റെ കാബിനറ്റിലെ രണ്ടാമൻ പി കെ കുഞ്ഞാലിക്കുട്ടിയെ ഗസ്‌റ്റ്‌ഹൗസിൽ ഇരുത്തി മാറാട് സന്ദർശിച്ച മുഖ്യമന്ത്രി എകെ ആന്റണിയെ ഓർമയുണ്ടോ? അന്ന്, പാർടി സെക്രട്ടറിയായിരിക്കുമ്പോൾ പിണറായി വിജയനും മാറാട് എത്തി. ചില നിബന്ധനകളുമായി ആർഎസ്‌എസ് പിണറായിക്കു മുമ്പിലുമെത്തി. എന്നാൽ അതിനൊന്നും ഒരു വിലയും കൽപിക്കാതെ പിണറായി സിപിഐ എം സംഘത്തിനൊപ്പം മാറാട് സന്ദർശിച്ചു മടങ്ങി. രണ്ടു പാർടികളും മുന്നണികളും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണാം. എന്നിട്ടും മാറാടിന്റെ പേരിൽ സിപിഐ എമ്മിനെ ലീഗും കോൺഗ്രസും കുറ്റപ്പെടുത്തുകയാണ്.
മുസ്ലിങ്ങൾ അനർഹമായി പലതും കൈപ്പറ്റുന്നുവെന്നും ഗൾഫ് പണം തെറ്റായ രീതിയിൽ ഉപയോഗിക്കുന്നുവെന്നും പറഞ്ഞ എ കെ ആന്റണിയും അഞ്ചാം മന്ത്രിസ്ഥാനത്തെ മുസ്ലിം പ്രീണനമായി വ്യാഖ്യാനിച്ച ചെന്നിത്തലയും വി ഡി സതീശനും ഇപ്പോഴും കോൺഗ്രസിൽ വിലസുകയാണ്. എൽഡിഎഫ് ഭരണത്തിന് പത്തുവർഷം പൂർത്തിയാകുമ്പോൾ ഇൗ കാലത്ത് ഒരൊറ്റ വർഗീയ കലാപത്തിനും കേരളം സാക്ഷ്യം വഹിച്ചിട്ടില്ല എന്ന് അഭിമാനത്തോടെ പറയാം.
പിണറായി വിജയനെ മാറാട് തടഞ്ഞു എന്ന കള്ളവാർത്ത പടച്ചിരിക്കുകയാണ് മാതൃഭൂമി. എ കെ ആന്റണി കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കി മാറാട് സന്ദർശിച്ച അതേ ദിവസമാണ് സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മാറാട് സന്ദര്‍ശിക്കുന്നത്. പിണറായി വിജയനോടൊപ്പം എളമരം കരീം, എസ് ശര്‍മ, പി കെ ശ്രീമതി, ടി പി രാമകൃഷ്ണന്‍, പി മോഹനന്‍, വി കെ സി മമ്മദ് കോയ, തോട്ടത്തില്‍ രവീന്ദ്രന്‍, അബ്ദുള്‍ ലത്തീഫ്, എം കെ നളിനി, പാനൂര്‍ തങ്കം, വി ബാലകൃഷ്ണന്‍, മാനുക്കുട്ടന്‍, മൊയ്തീന്‍ കോയ, ടി ഹസന്‍ എന്നിവരും ഉണ്ടായിരുന്നു. മുഖ്യമന്ത്രി എ കെ ആന്റണിയോട് ഉന്നയിച്ച അതേ ആവശ്യം ആര്‍എസ്എസ് പിണറായി വിജയനോടും ആവര്‍ത്തിച്ചു. മുസ്ലീം നാമധാരികള്‍ ആരും തന്നെ മാരാടേക്ക് വരരുത് എന്നായിരുന്നു ആര്‍എസ്എസ് തിട്ടൂരം. പക്ഷെ എളമരം കരീം, വികെസി മമ്മദ് കോയ, ടി മൊയ്തീന്‍ കോയ എന്നിവരെയെല്ലാം കൂട്ടിയാണ് പിണറായി വിജയന്‍ സ്ഥലം സന്ദര്‍ശിച്ചത്. തുടര്‍ന്ന് പിണറായിയെ തടയാന്‍ സംഘടിതമായി ആര്‍എസ്എസ് ശ്രമിച്ചെങ്കിലും കൊല്ലപ്പെട്ട ആവത്താന്‍ പുറായില്‍ ദാസന്റെ വീട്ടില്‍ പിണറായി സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളെ ആശ്വാസിപ്പിച്ച് മടങ്ങുകയും ചെയ്തു. ഇതാണ് വസ്‌തുത. മാറാട് കലാപ ഭൂമിയില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം ക്യാമ്പുകള്‍ തുടങ്ങിയപ്പോള്‍ സെക്കുലര്‍ ക്യാമ്പുകള്‍ തുടങ്ങിയതും സിപിഐ എം ആണ്.
കോൺഗ്രസിന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവനകൾ
‘ന്യൂനപക്ഷങ്ങൾ സംഘടിത ശക്തി ഉപയോഗിച്ച് സർക്കാരിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ നേടുന്നു. അതിനായി കൂടുതൽ വിലപേശൽ നടത്തുന്നു' എന്നായിരുന്നു മുഖ്യമന്ത്രിയായിരിക്കെ എ കെ ആന്റണി പറഞ്ഞത്. ആന്റണിക്തെിരെ ലീഗുകാർ മലപ്പുറത്ത് പ്രകടനം നടത്തി. ആന്റണിയുടെ കോലം കത്തിച്ചു. എന്നാൽ പറഞ്ഞതിൽ ഉറച്ചുനിന്നു ആന്റണി. ഒടുവിൽ സോണിയ ഗാന്ധി പാണക്കാട്ടേക്ക് ഫോൺവിളിച്ചെന്ന് പറഞ്ഞാണ് ലീഗ് നേതൃത്വം അണികളെ തണുപ്പിച്ചത്.
കെപിസിസി പ്രസിഡന്റായിരിക്കെ രമേശ് ചെന്നിത്തല നടത്തിയ ന്യൂനപക്ഷ വിരുദ്ധ പ്രസ്‌താവന ഓർമയുണ്ടോ? ‘മലബാറിൽ രണ്ടോ മൂന്നോ സീറ്റ് ലീഗിന് കൊടുക്കുന്നത് ഭാവിയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിന് കാരണമാകും എന്നും അതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവായിരുന്നു സി കെ ഗോവിന്ദൻ നായർ ' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സി കെ ഗോവിന്ദൻനായർ പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് പിൽക്കാല രാഷ്ട്രീയം തെളിയിച്ചു എന്നും ചെന്നിത്തല പറഞ്ഞു. വർഗീയ ശക്തികളുമായും സാമുദായിക സംഘടനകളുമായും കോൺഗ്രസ് പുലർത്തേണ്ട ബന്ധത്തിന് ലക്ഷ്മണ രേഖ വേണം എന്നായിരുന്നു സി കെ ഗോവിന്ദൻനായർ പറഞ്ഞത്.
അഞ്ചാംമന്ത്രി മുസ്ലിം ലീഗിന് ലാഭമാണോ ഉണ്ടാക്കിയത് എന്ന് ലീഗ് നേതൃത്വം ചിന്തിക്കണം എന്നായിരുന്നു വി ഡി സതീശൻ പറഞ്ഞത്. മലബാറിൽ പുതിയ 33 സ്കൂൾ തുറക്കാനുള്ള തീരുമാനം യു ഡി എഫ് എടുത്തപ്പോൾ കേരളത്തിലെ സാമൂഹ്യ പശ്ചാത്തലം നോക്കി വേണം സ്‌കൂളുകൾ അനുവദിക്കേണ്ടതെന്നും മലബാറിന് അനുവദിച്ച 33 സ്‌കൂളുകൾ ഭൂരിപക്ഷത്തിന്റെ കൺസോളിഡേഷൻ ഉണ്ടാക്കുമെന്നും വി ഡി സതീശൻ പ്രസംഗിച്ചത് അക്കാലത്ത് വലിയ വിവാദമായിരുന്നു. ഇത്തരത്തിൽ ഒന്ന് ആർഎസ്‌എസിനെതിരെ സതീശൻ പ്രസംഗിച്ച് കേട്ടിട്ടുണ്ടോ? കേൾക്കില്ല. കാരണം അദ്ദേഹവും സംഘപരിവാരും തമ്മിലുള്ള അന്തർധാര പലപ്പോഴായി പുറത്തുവന്നതാണ്.
എന്നാൽ ഇതേ കോൺഗ്രസ് നേതാക്കളാണ് നാലുവോട്ടിനായി ജമാഅത്തെ ഇസ്ലാമിയേയും എസ്‌ഡിപിഐയേയും വെളുപ്പിക്കുന്നത്. ജമാഅത്തെ ഇസ്ലാമി ഇപ്പോൾ മതനിരപേക്ഷ പാർടി എന്നാണ് അവരെല്ലാം പറയുന്നത്. കുറ്റം പറയരുതല്ലൊ, നുകത്തിന്റെ ഒരറ്റത്ത് ജമാഅത്തെ ഇസ്ലാമിയും ആർഎസ്‌എസും ആണെങ്കിൽ മറ്റൊരറ്റത്ത് ബിജെപിയും ആർഎസ്‌എസുമുണ്ട്. ബേപ്പൂർ, വടകര കോലീബി സഖ്യത്തെ ‘പാഴായ പരീക്ഷണം’ എന്നായിരുന്നു കെ ജി മാരാർ തന്റെ ആത്മകഥയിൽ പറഞ്ഞത്. എന്നാൽ കോലീബി ഇന്ന് പാഴായ പരീക്ഷണമല്ല. തിരുവനന്തപുരം നഗരസഭ മുതൽ മറ്റത്തൂർ വരെ ആ ഐക്യമങ്ങനെ തിളങ്ങി നിൽക്കുകയാണ്.
ഓർമയുണ്ടോ, വർഗീയ കലാപങ്ങളുടെ വിളനിലമായ ആ കാലം? വർഗീയ കലാപമില്ലാത്ത കാലമാണ് എൽഡിഎഫ് ഭരണം എങ്കിൽ യുഡിഎഫ് ഭരണകാലത്ത് കേരളം സാക്ഷ്യം വഹിച്ച വർഗീയകലാപങ്ങൾ ഏറെയാണ്. മാറാടിന്റെ നോവ് ഇന്നും മാഞ്ഞിട്ടില്ല. വിഴിഞ്ഞം, പൂന്തുറ, തൈക്കൽ കലാപങ്ങളും യുഡിഎഫ് ഭരണ കാലത്താണ് ഉണ്ടായത്. കേരളത്തിലെ ആദ്യ വർഗീയകലാപമായ തലശ്ശേരി കലാപവും യുഡിഎഫ് കാലത്താണുണ്ടായത്. 1971 ഡിസംബർ 28 മുതൽ ഒരാഴ്ചക്കാലം. 63 മുസ്ലിം പള്ളികളും മദ്രസകളും മൂന്ന് ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. കലാപത്തിലെ ഏക രക്തസാക്ഷി പള്ളിക്ക് കാവൽനിന്ന സിപിഐ എം പ്രവർത്തകൻ യു കെ കുഞ്ഞിരാമനായിരുന്നു എന്നതും മറക്കരുത്. ഇതെല്ലാം മറച്ചുപിടിച്ചാണ് സിപിഐ എമ്മിനെ ന്യൂനപക്ഷ വിരുദ്ധ പാർടിയാക്കാൻ യുഡിഎഫ് ശ്രമം. എന്നാൽ അതൊന്നും കേരളത്തിൽ വിലപ്പോകില്ല.










0 comments