പലരുടെയും ഇംഗ്ലീഷ് പുകൾപെറ്റതാണ്, പക്ഷെ പ്രതിസന്ധികളിൽ നാടിനും മനുഷ്യർക്കും എന്ത് ഗുണം; കുറിപ്പുമായി ജെയ്‌ക്ക്

തിരുവനന്തപുരം: ആർദ്രതയുള്ള മലയാളി അഭിലാഷത്തിന്റെ പൂർത്തീകരണമായിരുന്നു യലഹങ്കിയിലെ സർവവും നഷ്ടപെട്ട മനുഷ്യരുടെ നടുവിൽനിന്നു നമ്മളോട് പൊള്ളുന്ന യാഥാർഥ്യങ്ങളെ കാട്ടിത്തന്ന റഹിം എംപി എന്ന് ഡിവൈഎഫ്ഐ കേന്ദ്ര സെക്രെട്ടറിയറ്റ് അംഗം ജെയ്‌ക്ക് സി തോമസ്.
സംഘടിതമായി നടക്കുന്ന സൈബർ അധിക്ഷേപത്തിനിരയായ റഹിമിന് പിന്തുണ അർപ്പിച്ചാണ് ജെയ്‌ക്കിന്റെ കുറിപ്പ്. കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർരാജിന്റെ ഇരകളെ നേരിട്ട് കണ്ടശേഷം മാധ്യമങ്ങളോട് സംസാരിച്ച റഹീമിന്റെ ചില സംഭാഷണ ഭാഗങ്ങൾ മാത്രം പ്രചരിപ്പിച്ചുകൊണ്ട് വ്യപക അധിക്ഷേപമാണ് സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്.
തെരുവിൽ ഇറക്കപ്പെട്ട മനുഷ്യരെ കാണാനുള്ള ഡിവൈഎഫ്ഐ പ്രതിനിധി സംഘത്തിന്റെ ഭാഗമായുള്ള യാത്രയുടെ ഭാഗമായാണ് റഹിം ബംഗളൂരു നഗരത്തിനടുത്തുള്ള യലഹങ്കയിലെ കോഗിലു ലേഔട്ടിൽ (വസീം ലേഔട്ട്, ഫക്കീർ കോളനി) എത്തിയത്.
19 പേരുണ്ട് കേരളത്തിൽ നിന്ന് ലീഗിന്റെയും കോൺഗ്രസിന്റെയുമൊക്കെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ടവർ,അതിൽ പ്രഗത്ഭമതികൾ പലരുമുണ്ട്. തിരുവനന്തുപരം ബാർസിലോണ ആക്കുമെന്നു പറഞ്ഞു മോഡി-ആർഎസ്എസ് സ്തുതിപാടകനായ ശശി തരൂർ മുതൽ കമ്മ്യൂണിസ്റ്റുകാരിൽ നിന്നും ശാഖയ്ക്ക് കാവൽ കിടന്ന കെ സുധാകരൻ വരെയുണ്ട്.
സിവിൽ കോഡിന്റെ ചർച്ചയിൽ കോൺഗ്രസിന്റെ നിശബ്ദതയിൽ ഭയമുണ്ട് എന്ന് പറഞ്ഞ മുസ്ലിം ലീഗിന്റെ അബ്ദുൽ വഹാബ് ഉണ്ട്, തൊഴിലുറപ്പ് മുതൽ ഗാന്ധി വരെ നിരോധിക്കപെട്ടപ്പോൾ മോഡിയുമൊത്തു ചായ കുടിക്കാൻ പോയ വയനാട് അംഗം പ്രിയങ്ക ഗാന്ധിയുണ്ട്, ജർമനിയിൽ ബിഎംഡബ്ലിയു ഫോട്ടോഷൂട് നടത്തുന്ന വയനാട് മുൻഅംഗമായ നമ്മുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുണ്ട്, റീൽസിൽ പോലും ആർ എസ് എസ് എന്നൊരു വാക്ക് പറയാതെ സൂക്ഷിക്കുന്ന കുറുക്കൻ കണ്ണുകളുള്ള യുവരക്തങ്ങൾ പലരുമുണ്ട്.
പലരുടെയും ഇംഗ്ലീഷ് പുകൾപെറ്റതുമാണ്.പക്ഷെ പ്രതിസന്ധികളിൽ പ്രയാസങ്ങളിൽ നമ്മുടെ നാടിനും,അവിടെയുള്ള മനുഷ്യർക്കും എന്ത് ഗുണമെന്നതാണ് ചോദ്യമെങ്കിൽ, അവിടെ ഇവരൊക്കെ ആരോടൊപ്പമെന്നതാണ് ഉയരുന്നതെങ്കിൽ ഉപാധിരഹിതമായി നമ്മുക്ക് എ എ റഹിമിനോട് അയാളെ അങ്ങോട്ടേക്ക് കാന്തികശക്തി പോലെ വലിച്ചടുപ്പിച്ച നയിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തോട് കടപെടേണ്ടിയിരിക്കുന്നു - ജെയ്‌ക്ക് സമൂഹമാധ്യമത്തിൽ കുറിച്ചു.
തന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും നിങ്ങൾ കാണാതെ പോകരുതെന്നും തന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നുമുള്ള മറുപടി ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് കൂടിയായ എ എ റഹിം സൈബർ അധിക്ഷേപത്തിനെതിരായി നൽകിയിരുന്നു.










0 comments