കാറിടിപ്പിച്ചത് കൊല്ലാൻതന്നെ ; കുറ്റം സമ്മതിച്ച് പ്രതികൾ

പ്രതികളായ സിഐഎസ്എഫ് കോൺസ്റ്റബിൾ മോഹൻകുമാറിനെയും (ഇടത്ത്) എസ്‌ഐ വിനയകുമാർ ദാസിനെയും കോടതിയിൽനിന്ന് പുറത്തേക്കുകൊണ്ടുവരുന്നു
കൊച്ചി
വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24)യെ പ്രതികൾ മനപ്പൂർവം കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ്. പ്രതികളായ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവർ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി നെടുമ്പാശേരി പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞു. ബിഹാർ സ്വദേശികളായ ഇരുവരും കൊച്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരാണ്.
നെടുമ്പാശേരിയിലെ കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് എന്ന കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായ ഐവിൻ ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടിൽനിന്ന് കാറിൽ വരുന്നതിനിടെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ കാറുമായി ഉരസിയതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസ് എത്തിയിട്ട് പോയാൽ മതിയെന്നു പറഞ്ഞ് ഐവിൻ കാർ തടഞ്ഞു. ഇതോടെയാണ് കാർ ഇടിപ്പിച്ചത്. ഇത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെതന്നെയായിരുന്നു.
ബോണറ്റിലേക്ക് വീണ ഐവിൻ ജിജോയെ രക്ഷപ്പെടാൻ അനുവദിക്കാതെ 600 മീറ്ററോളം കൊണ്ടുപോയി. ബ്രേക്കിട്ട് നിലത്തുവീഴ്‌ത്തിയശേഷം വീണ്ടും കാറിടിപ്പിച്ചു. അടിയിൽപ്പെട്ട ഐവിനെ 37 മീറ്ററോളം റോഡിലൂടെ ഉരച്ചുകൊണ്ടുപോയി. ഗുരുതരപരിക്കേറ്റാണ് മരണം. പ്രതികൾ ഇരുവരും ഒരുപോലെ കുറ്റക്കാരാണെന്ന് റിപ്പോർട്ടിൽ പറഞ്ഞു.
സംഭവത്തിനുശേഷം, രണ്ടാംപ്രതി മോഹൻകുമാറിനെ നെടുമ്പാശേരി എയർപോർട്ട് പരിസരത്തുനിന്നും ഒന്നാംപ്രതി വിനയകുമാർ ദാസിനെ സംഭവം നടന്ന നായത്തോട് പ്രദേശത്തുനിന്ന് പരിക്കുകളോടെയും പൊലീസ് പിടികൂടിയിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‌ക്കുശേഷം വിനയകുമാർ ദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് സ്‌റ്റേഷനിൽ എത്തിച്ചു. തുടർന്ന് ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തിരിച്ചറിയൽ പരേഡിൽ പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതായും റിപ്പോർട്ടിലുണ്ട്.
പ്രതികൾക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം
ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കിയശേഷം തിരികെ കൊണ്ടുപോകുമ്പോൾ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധം.
ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ കോടതിക്ക് പുറത്ത് നടന്ന പ്രതിഷേധയോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ്, ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും കോടതിക്കുമുന്നിൽ പ്രതിഷേധിച്ചു.









0 comments