ഞെട്ടിക്കുന്ന കാഴ്‌ച, നടുക്കം മാറാതെ

ഐവിൻ ജിജോയെ ഇടിച്ചു കൊലപ്പെടുത്തിയ കാർ എറണാകുളം റൂറൽ എസ്-പി എം ഹേമലതയുടെ നേതൃത്വത്തിൽ പരിശോധിക്കുന്നു
പി സി സോമശേഖരൻ
Published on May 16, 2025, 01:47 AM | 1 min read
നെടുമ്പാശേരി
‘‘ഐവിന്റെ ശരീരത്തിന്റെ ഒരുഭാഗം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. വായിലും മൂക്കിലുമെല്ലാം കട്ടച്ചോര’’–അങ്കമാലി നഗരസഭാ പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസിന്റെ വാക്കുകളിൽ നിറഞ്ഞത് സിഐഎസ്‌എഫുകാരിൽനിന്ന് ഐവിൻ നേരിട്ട ക്രൂരത.
സംഭവത്തിന്റെ ദൃശ്യങ്ങളും നടുക്കുന്നതായിരുന്നു. ഇടിച്ചുവീഴ്‌ത്തിയശേഷം ബോണറ്റിൽ ഐവിനുമായി അതിവേഗം കാർ കുതിക്കുന്നതും പിന്നീട് യുവാവ് ദേഹമാസകലം ചോരയിൽ കിടക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. പ്രദേശത്തെ സിസിടിവിയിൽനിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.
സിഐഎസ്‌എഫുകാരുമായുള്ള തർക്കം ഐവിൻ സ്വന്തം മൊബൈൽഫോണിൽ പകർത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ചത്. സിസിടിവി ദൃശ്യങ്ങളും ഐവിന്റെ ഫോണും പൊലീസ് പരിശോധിക്കുകയാണ്.

നാട്ടുകാരും പൊലീസും ചേർന്നാണ് ആംബുലൻസിൽ ഐവിനെ ആശുപത്രിയിൽ എത്തിച്ചത്. വിനയകുമാർ ദാസിനെ മറ്റൊരുവാഹനത്തിലും എത്തിച്ചു. വാക്കുതർക്കത്തിനിടെ ഐവിൻ പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാർ വെട്ടിത്തിരിച്ച് പോകാൻ ശ്രമിച്ചിരുന്നു. ഐവിൻ കാറിന്റെ മുന്നിൽ നിന്നതോടെ കാറിടിപ്പിക്കുകയായിരുന്നു.
‘‘ഇവിടെ നിരവധി സിഐഎസ്എഫ് ഉദ്യോഗസ്ഥർ വാടകയ്ക്ക് താമസിക്കുന്നുണ്ട്. പ്രദേശവാസികളുടെ സ്വൈരജീവിതം തകർക്കുന്നവിധത്തിലാണ് ചിലരുടെ പെരുമാറ്റം. ഫുട്‌ബോൾ ടൂർണമെന്റുമായി ബന്ധപ്പെട്ടുള്ള പാർക്കിങ് വിഷയത്തിൽ ഒരു സിഐഎസ്എഫുകാരൻ തോക്കെടുക്കുന്ന സ്ഥിതിയുണ്ടായി. സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമാണ് ഐവിന്റെ ജീവനെടുത്തത്’’– -ഏലിയാസ് പറഞ്ഞു.









0 comments