"സംരക്ഷിക്കേണ്ടവർ അവന്റെ ജീവനെടുത്തു'

ivin murder
avatar
വർഗീസ് പുതുശേരി

Published on May 16, 2025, 01:50 AM | 2 min read


അങ്കമാലി

‘‘എന്റെ കൊച്ച്‌ പാവമായിരുന്നു. ദേഷ്യമുണ്ടെങ്കിൽ അവന്റെ കൈയോ കാലോ തല്ലിയൊടിച്ചാൽ പോരായിരുന്നോ. ഞങ്ങൾ ചോദിക്കാൻപോലും വരില്ലായിരുന്നു. പക്ഷേ, അവരവനെ കൊന്നു’’–ഹൃദയം തകർന്നുള്ള നിലവിളിക്കിടെ ഐവിന്റെ അമ്മ റോസ്‌മേരി പറഞ്ഞു.


‘‘രാജ്യം സംരക്ഷിച്ച പട്ടാളക്കാരന്റെ കൊച്ചുമകനാ അവൻ. സുരക്ഷ നൽകേണ്ട സിഐഎസ്‌എഫ്‌ തന്നെ അവന്റെ ജീവനെടുത്തു. ഞാൻ പാലായിലാണ്‌ ജോലി ചെയ്യുന്നത്‌. ബുധനാഴ്‌ച മോനുമായി സംസാരിച്ചിരുന്നു. വ്യാഴാഴ്‌ച വീട്ടിൽ വരുമെന്നും കാണാമെന്നും പറഞ്ഞാണ്‌ ഫോൺ വച്ചത്‌. എന്നാൽ, എന്റെ പൊന്നുമോനെ ഇങ്ങനെ കാണേണ്ടിവരുമെന്ന്‌ കരുതിയില്ല. അവന്‌ ഒരപകടം പറ്റി, വേഗം വരാനാണ്‌ ഭർത്താവ്‌ പറഞ്ഞത്‌. അതോടെ നാട്ടിലേക്ക്‌ തിരിച്ചു. പാതിവഴിയിൽ എത്തിയപ്പോൾ അവരവനെ കൊന്നെടീ എന്ന്‌ വിളിച്ചുപറഞ്ഞു–- റോസ്‌മേരിയുടെ വാക്കുകൾ മുറിഞ്ഞു.


‘‘സുരക്ഷ കരുതിയാണ്‌ കാറിൽ ജോലിക്ക്‌ പോകുന്നത്‌. രാത്രിയിൽ ബൈക്ക്‌ എടുക്കാൻ അനുവദിച്ചിരുന്നില്ല. റോഡിൽ നായ കുറുകെ ചാടി അവന്‌ അപകടം സംഭവിക്കരുതെന്ന്‌ വിചാരിച്ചാണ്‌ കാറിൽ പോകണമെന്ന്‌ ഞങ്ങൾ നിർബന്ധം പിടിച്ചത്‌. ക്യാമ്പസ്‌ സെലക്‌ഷനിലൂടെയാണ്‌ ജോലി കിട്ടിയത്‌. അവനാഗ്രഹിച്ചപോലെ വീടിനടുത്ത്‌ ജോലി ലഭിച്ചപ്പോൾ ഞങ്ങൾ സന്തോഷിച്ചു. ജോലിക്ക്‌ കയറിയിട്ട്‌ ഒരുവർഷം തികഞ്ഞു. അധികം കൂട്ടുകാരൊന്നുമില്ല. ഞങ്ങളും ജോലിസ്ഥലത്തെ ചില കൂട്ടുകാരും മാത്രമാണുള്ളത്‌. ഞാനും ഭർത്താവും മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്‌. ജീവൻ രക്ഷിക്കുന്നവരാണ്‌. ആ ഞങ്ങളുടെ മകനോടാണ്‌ ഈ ക്രൂരത’’– -റോസ്‌മേരി വിലപിച്ചു.


"മോന്റെ ജീവനെടുത്തവർക്ക്‌ ശക്തമായ ശിക്ഷ നൽകണം'

‘‘എന്റെ മകനെ കൊന്നവർക്ക്‌ ശക്തമായ ശിക്ഷ നൽകണം. എനിക്കുവേണ്ടിയല്ല, യുവതലമുറയ്‌ക്കുവേണ്ടി, ഈ സമൂഹത്തിനുവേണ്ടി. സംരക്ഷണം നൽകേണ്ട സിഐഎസ്‌എഫുകാർതന്നെ അവനെ കൊന്നു. അത്‌ ഞങ്ങളുടെ വിഷമം കൂട്ടുന്നു’’–- കരച്ചിൽ ഒതുക്കി ഐവിന്റെ അച്ഛൻ ജിജോ ജയിംസ്‌ പറഞ്ഞു.


ബുധൻ രാത്രി പന്ത്രണ്ടരയോടെയാണ്‌ നെടുമ്പാശേരി പൊലീസ്‌ സ്‌റ്റേഷനിൽനിന്ന്‌ ഫോൺ വിളിച്ചത്‌. വണ്ടിയുടെ നമ്പറും ആരാണ്‌ ഓടിക്കുന്നതെന്നും ചോദിച്ചു. മറുപടി നൽകി. നേരത്തേ അവന്‌ പൊലീസ്‌ പെറ്റി അടിച്ചിട്ടുണ്ട്‌. അതുപോലെ എന്തെങ്കിലുമാണെന്ന്‌ കരുതി. ഞാൻ മകന്റെ ജോലിസ്ഥലത്ത്‌ വിളിച്ചപ്പോൾ അവിടെ എത്തിയിട്ടില്ലെന്ന്‌ മനസ്സിലായി. എത്താൻ താമസിക്കുമെന്ന്‌ മകൻ അറിയിച്ചതായി അവിടെയുള്ളവർ പറഞ്ഞു. ഇതോടെ വീണ്ടും പൊലീസ്‌ സ്‌റ്റേഷനിൽ വിളിച്ചു. മോൻ ജോലിക്ക്‌ കയറിയിട്ടില്ലെന്നും എന്താണ്‌ കാര്യമെന്നും ചോദിച്ചു. പട്രോളിങ്ങിന്‌ പോയവർ വണ്ടി സൈഡിൽ കിടക്കുന്നത്‌ കണ്ട്‌ വിളിച്ചതാണെന്ന്‌ പൊലീസ്‌ പറഞ്ഞു. തുടർന്ന്‌ മകന്റെ നമ്പറിൽ പലതവണ വിളിച്ചെങ്കിലും എടുത്തില്ല. പുലർച്ചെ ഒന്നോടെ ജോലിസ്ഥലത്തുനിന്ന്‌ വീണ്ടും വിളിയെത്തി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലേക്ക്‌ വരാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ അറിയിച്ചു. ഞാൻ ജോലി ചെയ്യുന്ന ആശുപത്രിയാണത്‌. അവിടെ ചെന്നപ്പോൾ ആശുപത്രിയിലുണ്ടായിരുന്നവരുടെ മുഖം മാറി... അപ്പോൾ എനിക്ക്‌ മനസ്സിലായി, എന്റെ മകൻ ജിജോയ്‌ക്ക്‌... വാക്കുകൾ മുഴുമിപ്പിക്കാനായില്ല.



deshabhimani section

Related News

View More
0 comments
Sort by

Home