ഓർമയിലുണ്ട് ആ ജന്മദിനാഘോഷം

ഐവിൻ ജിജോയുടെ സഹപ്രവർത്തകർ തുറവൂരിലെ വീടിനുമുന്നിൽ

ശ്രീരാജ് ഓണക്കൂർ
Published on May 17, 2025, 12:53 AM | 1 min read
കൊച്ചി
പ്രിയകൂട്ടുകാരൻ ഐവിൻ ജിജോയെ ചേതനയറ്റ നിലയിൽ കാണാൻ കൊരട്ടി സ്വദേശി ജോഷ്വ വില്യത്തിന് കരുത്തുണ്ടായില്ല. സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ചുകൊന്ന ഐവിന്റെ മൃതദേഹം കാണാനാകാതെ ജോഷ്വയും കൂട്ടുകാരും മാറിനിന്നു.
ഇതിനുമുമ്പ് ഐവിന്റെ 24–-ാം പിറന്നാളിനാണ് ജോഷ്വയും കൂട്ടുകാരും തുറവൂരിലെ ആരിശേരിൽവീട്ടിൽ ഒത്തുകൂടിയത്. ആ സന്തോഷം മായുംമുമ്പ് അടുത്ത പിറന്നാൾ ആഘോഷിക്കാൻ നിൽക്കാതെ ഐവിൻ യാത്രയായി.
നെടുമ്പാശേരി കാസിനോ എയർ കാറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണിവർ. അവസാനം കണ്ടത് ചൊവ്വാഴ്ചയായിരുന്നു. ബേക്കറി സെക്‌ഷനിൽ ജോലി ചെയ്യുന്ന ഇരുവർക്കും അന്ന് നൈറ്റ് ഷിഫ്റ്റായിരുന്നു. അന്ന് വിശേഷങ്ങൾ പറഞ്ഞുപിരിഞ്ഞതാണ്–- ജോഷ്വ കണ്ണീരോടെ പറഞ്ഞു.
ജോഷ്വയ്ക്ക് ഒപ്പം കൂട്ടുകാരായ എൽവിൻ ഷാജുവും ടോബി സണ്ണിയും കാസിനോയിലെ മറ്റു ജീവനക്കാരും അന്ത്യാഞ്‌ജലി അർപ്പിക്കാൻ എത്തിയിരുന്നു. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് മടങ്ങിയ ഐവിൻ ഇപ്പോഴും ടോബിയുടെ ഓർമകളിലുണ്ട്. എപ്പോഴും ചിരിച്ചുകൊണ്ട് സൗഹൃദം പങ്കിട്ടിരുന്ന ഐവിന്റെ വേർപാട് കൂട്ടുകാർക്ക് തീരാവേദനയായി.









0 comments