Deshabhimani

print edition സമസ്‌ത ഓഫീസ്‌ മുസ്ലിം ലീഗുകാർ തല്ലിത്തകർത്തു; 4 നേതാക്കൾക്കും പരിക്ക്‌

IUML Workers Vandalise Samastha Office

കണ്ണൂർ താണ ട്രെയിനിങ് സ്‌കൂളിനുസമീപത്തെ ഇസ്ലാമിക് സെന്ററിന്റെ ജനൽ മുസ്ലീം ലീഗുകാർ അടിച്ചുതകർത്ത നിലയിൽ

വെബ് ഡെസ്ക്

Published on Oct 25, 2026, 01:00 AM | 1 min read

കണ്ണൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കണ്ണൂർ ജില്ലാ ആസ്ഥാനത്തിനുനേരെ ലീഗുകാർ നടത്തിയ അക്രമത്തിൽ നാല്‌ എസ്‌കെഎസ്‌എസ്‌എഫ് നേതാക്കൾക്കും പരിക്ക്‌. താണ ട്രെയിനിങ് സ്‌കൂളിന്‌ സമീപത്തെ ഇസ്ലാമിക് സെ ന്ററിൽ കയറി വെള്ളിയാഴ്‌ച രാത്രിയാണ്‌ ലീഗുകാർ അക്രമം അഴിച്ചുവിട്ടത്‌. ഇസ്ലാമിക് സെന്ററിന്റെ വാതിലും ജനലുകളും അക്രമികൾ തകർത്തു. ടൗൺ പൊലിസിൽ പരാതി നൽകി.


എസ്‌കെഎസ്‌എസ്‌എഫ്‌ മട്ടന്നൂർ മേഖലാ കൗൺസിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം മട്ടന്നൂർ പഴശിയിൽ കൗൺസിൽ സംഗമം വിളിച്ചപ്പോഴും പ്രാദേശിക ലീഗ് നേതൃത്വം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചിരുന്നു. അന്ന് തടസപ്പെട്ട കൗൺസിൽ യോഗമാണ് ജില്ലാകമ്മിറ്റി ഇടപെട്ട് വെള്ളിയാഴ്ച ഇസ്ലാമിക് സെന്ററിൽ ചേർന്നത്. ഈ യോഗത്തിലേക്കാണ് ലീഗ് കൗൺസിലർമാരുൾപ്പെടെയുള്ള മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കൾ ഇരച്ചെത്തിയത്.


മുസ്ലിം ലീഗ് ജില്ലാ നേതാവും മട്ടന്നൂർ മുനിസിപ്പൽ കൗൺസിലറുമായ വി എൻ മുഹമ്മദലി, ലീഗ് കീഴല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി അയ്യൂബ് കൊതേരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അമ്പതോളംപേരാണ് ആക്രമിച്ചതെന്ന്‌ എസ്‌കെഎസ്‌എസ്‌എഫ്‌ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സുറൂർ പാപ്പിനിശേരി പറഞ്ഞു.


ലീഗുകാർ ആക്രമിച്ച സമസ്‌ത ഓഫീസ്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്‌, സംസ്ഥാന കമ്മിറ്റിയംഗം പി ശശി എന്നിവർ സന്ദർശിച്ചു. മുസ്ലിം ലീഗ്‌ അക്രമത്തിൽ എസ്‌കെഎസ്‌എസ്‌എഫ്‌ കൗൺസിൽ യോഗം പ്രതിഷേധിച്ചു. പാർടി സംവിധാനങ്ങൾ ദുരുപയോഗപ്പെടുത്തി രാഷ്ട്രീയ ഗുണ്ടകൾ നടത്തിയ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അക്രമികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ പൊലീസ്‌ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home