print edition മന്ത്രിത്തർക്കം കലങ്ങിമറിയുന്നു

പ്രതീകാത്മക ചിത്രം

സി കെ ദിനേശ്
Published on May 16, 2026, 03:48 AM | 1 min read
തിരുവനന്തപുരം : യുഡിഎഫിലെ മുഖ്യ ഘടകകക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ധാരണയായെങ്കിലും കോൺഗ്രസിലെ മന്ത്രിത്തർക്കം കടുത്ത ഭിന്നതയിലേക്ക്. മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിനുള്ള 11 മന്ത്രിമാരിൽ ഗ്രൂപ്പും സാമുദായിക സമവാക്യങ്ങളും പരിഗണിക്കാനാകാത്ത സ്ഥിതി. ഒത്തുതീർപ്പ് പൂർണതയിലെത്താത്തതിനെ തുടർന്ന് വൈകിട്ട് നടന്ന യുഡിഎഫ് നേതൃയോഗം ചെന്നിത്തല ബഹിഷ്‌കരിച്ചു. യുഡിഎഫ് യോഗത്തിൽ കാര്യമായ തീരുമാനം ഒന്നും ഉണ്ടായില്ല. ലീഗിന് അഞ്ചു മന്ത്രിമാരെന്നത് തത്വത്തിൽ ധാരണയായി. കെ സി വേണുഗോപാലുമായി രാത്രി നടത്തുന്ന ചർച്ചയ്‌ക്ക് ശേഷമേ മറ്റ് കാര്യങ്ങൾ തീരുമാനിക്കൂ. ഘടകകക്ഷികളുമായി ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക് ചർച്ച നടത്താനും തീരുമാനമായി.
ഭൂരിപക്ഷം എംഎൽഎമാർ പിന്തുണച്ചിട്ടും മുഖ്യമന്ത്രിസ്ഥാനം കെെവിടേണ്ടിവന്ന കെ സി വേണുഗോപാൽ അഞ്ചുമുതൽ ഏഴുവരെ മന്ത്രിസ്ഥാനം ഉപാധിവച്ചതായി സൂചനയുണ്ട്. വേണ്ടപ്പെട്ട അഞ്ചുപേരെ മന്ത്രിയാക്കാൻ ഉദ്ദേശിക്കുന്ന വി ഡി സതീശൻ ആഭ്യന്തര വകുപ്പ് വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ലീഗ് മന്ത്രിമാർക്ക് പുറമെ, കോൺഗ്രസിലെ അൻവർ സാദത്തും ഷാനിമോൾ ഉസ്‌മാനും മന്ത്രിസഭയിലെത്തിയേക്കും. കേരള കോൺഗ്രസിലെ അപു ജോസഫും മോൻസ് ജോസഫും. അനൂപ് ജേക്കബ്, ആർഎസ്‌പിയിൽ നിന്ന് ഷിബു ബേബിജോൺ, സിഎംപിയിലെ സി പി ജോൺ എന്നിവരും മന്ത്രിമാരാകും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എം വിൻസന്റ്, എൻ ശക്തൻ, റോജി എം ജോൺ, മാത്യു കുഴൽനാടൻ, ടി ജെ വിനോദ്, ചാണ്ടി ഉമ്മൻ എന്നിവരും മുൻപന്തിയിലുണ്ട്.
ബാക്കിയുള്ള മന്ത്രിസ്ഥാനങ്ങൾ കൊണ്ട് സാമുദായിക സമവാക്യമുണ്ടാക്കാനാകില്ലെന്നാണ് നേതാക്കൾ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, വർക്കിങ് പ്രസിഡന്റുമാരായ പി സി വിഷ്‌ണുനാഥ്, എ പി അനിൽകുമാർ എന്നിവരെ മാറ്റി നിർത്താനാകില്ല. അവസാന പേരുകാരായി എം ലിജുവും ബിന്ദു കൃഷ്‌ണയുമുണ്ട്. എല്ലാ മന്ത്രിമാരും തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യത കുറവ്. ഏതെങ്കിലും വകുപ്പ് വാങ്ങി മന്ത്രിക്കസേരയിൽ ഇരിക്കുന്നതിലും ഭേദം പുറത്തുനിൽക്കാനാണ് രമേശ് ചെന്നിത്തല പക്ഷത്തിന് താൽപ്പര്യം. മുഖ്യമന്ത്രിയാകേണ്ടിയിരുന്നയാൾക്ക് ആഭ്യന്തര വകുപ്പിൽ കുറഞ്ഞ സ്ഥാനംനൽകുന്നത് അപമാനിക്കലാണ്. കൂടെ നിൽക്കുന്നവരുടെ താൽപ്പര്യം ബലികഴിച്ച് സ്ഥാനം നേടേണ്ടെന്ന നിലപാടിലാണ് ചെന്നിത്തല.










0 comments