ad
Deshabhimani

print edition സ്‌റ്റാഫിൽ ഇഷ്‌ടമുള്ളവരെ നിയമിക്കുമെന്ന്‌ മന്ത്രിമാർ; ലീഗ്‌ നേതൃത്വം വെട്ടിൽ

muslim league.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 01:29 AM | 1 min read

മലപ്പുറം: പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനത്തിൽ മന്ത്രിമാർ പാർടി നിർദേശം പാലിക്കാത്തതിൽ മുസ്ലിംലീഗിൽ കടുത്ത പ്രതിഷേധം. പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമനത്തിനുള്ള പട്ടിക തയ്യാറാക്കാൻ സംസ്ഥാന പ്രസിഡന്റ്‌ പി എം എ സലാമും പാണക്കാട്‌ റഷീദലി തങ്ങളുമുൾപ്പെട്ട ഉപസമിതിയെയാണ്‌ ലീഗ്‌ ചുമതലപ്പെടുത്തിയത്‌. ഉപസമിതി നൽകിയ പട്ടികയിലുൾപ്പെട്ടവർ തിരുവനന്തപുരത്ത്‌ എത്തുന്പോഴേയ്‌ക്ക്‌ മന്ത്രിമാരുടെ സ്വന്തക്കാർ ചുമതലയേറ്റ സംഭവങ്ങളുണ്ടായി.


മലപ്പുറത്ത്‌ ലീഗ്‌ ഹ‍ൗസിലെ മീഡിയ കോ–ഓർഡിനേറ്ററെ മന്ത്രി പി കെ ബഷീറിന്റെ പ്രസ്‌ സെക്രട്ടറിയായാണ്‌ ഉപസമിതി നിശ്‌ചയിച്ചത്‌. എന്നാൽ, നേരത്തെ മലയാള മനോരമയിൽ പത്രപ്രവർത്തകനായിരുന്നയാളെയാണ്‌ നിയമിച്ചത്‌. മുന്പ്‌ ലീഗ്‌ മന്ത്രിയുടെ സ്‌റ്റാഫിൽ പ്രവർത്തിച്ച ഇദ്ദേഹം ഗൾഫിലായിരുന്നു. യുഡിഎഫ്‌ ജയിച്ചയുടൻ നാട്ടിലെത്തി.


കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിച്ച്‌, ഉപസമിതി അംഗീകരിച്ച ചന്ദ്രിക ലേഖകനും സമാന അനുഭവമാണ്‌. ചുമതലയേൽക്കാൻ എത്തിയെങ്കിലും അവ്യക്തത നീങ്ങാത്തതിനാൽ പാർടി തീരുമാനിച്ച തസ്‌തികയും ലഭിച്ചില്ല. അവ്യക്തത നിലനിൽക്കുന്നതിനാൽ മന്ത്രി പി കെ ബഷീറിന്റെ പ്രൈവറ്റ്‌ സെക്രട്ടറി നിയമനവും നടന്നിട്ടില്ല. പല മന്ത്രിമാരുടെയും പേഴ്‌സണൽ സ്‌റ്റാഫിൽ സ്വന്തം മണ്ഡലത്തിലെ ആരുമില്ലെന്നതും ചർച്ചയാകുന്നു.


ഉപസമിതി പട്ടികയ്‌ക്ക്‌ പുറത്ത്‌ നിയമനം നടത്താൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കുമാത്രമാണ്‌ ഇളവുനൽകിയത്‌. സ്വന്തമായി പേഴ്‌സണൽ സ്‌റ്റാഫിനെ നിയമിക്കാമെന്നായിരുന്നു ഇളവ്‌. എന്നാൽ, പാർടി നിർദേശം മറികടന്ന്‌ കെ എം ഷാജി സ്വന്തമായി സ്‌റ്റാഫിനെ നിയമിച്ചു. ഇതോടെ മറ്റ്‌ മന്ത്രിമാരും ഇ‍ൗ വഴിയിൽ നീങ്ങി. മന്ത്രി വി ഇ അബ്ദുൾ ഗഫൂർ മാത്രമാണ്‌ പാർടി നിർദേശപ്രകാരം നിയമനം നടത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home