ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഐഎസ്‍ആർഒ ജീവനക്കാരന് സസ്പെൻഷൻ; കേന്ദ്ര ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സമൂഹമാധ്യമത്തിലെ പോസ്റ്റ് ഭാരതാംബയ്ക്കെതിരാണെന്ന് വ്യാഖ്യാനിച്ച് ഐഎസ്‍ആർഒ ജീവനക്കാരന് സസ്പെൻഷൻ. ഐഎസ്‍ആർഒ സ്റ്റാഫ് അസോസിയേഷന്റെ കോർഡിനേറ്റിംഗ് സെക്രട്ടറിയും കോൺഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജി ആർ പ്രമോദിനെയാണ് അന്യായമായി സസ്പെൻഡ് ചെയ്തത്. നേരത്തെ പ്രമോദിനെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെയാണ് ഇന്നലെ സസ്പെൻഡ് ചെയ്തത്.
പോസ്റ്റിട്ടത് ബിജെപി ചാനലായ ജനം ടിവി തുടർച്ചയായി വാർത്ത കൊടുത്തിരുന്നു. തുടർന്ന് പ്രമോദിനോട് വിശദീകരണം ചോദിച്ചു. സർവീസ് ചട്ടം ലംഘിക്കുന്ന ഒന്നും പോസ്റ്റിൽ ഇല്ലെന്ന് മറുപടി നൽകി. തൃപ്‌തരാകാത്ത അധികൃതർ വേളിയിലെ സീനിയർ അസിസ്റ്റന്റായ അദ്ദേഹത്തെ വലിയമല എംവിഐടിയിലേക്ക് മാറ്റി. വെള്ളിയാഴ്‌ച ചുമതലയേറ്റതിനുപിന്നാലെയാണ് വൈകിട്ട് സസ്‌പെൻഷൻ ഉത്തരവിറങ്ങിയത്.
2014 ന് ശേഷം ജീവനക്കാർക്കെതിരെ നിരന്തരമായി സമാന നടപടികളെടുക്കുന്നതായി ഐഎസ്‍ആർഒ സ്റ്റാഫ് അസോസിയേഷൻ പറഞ്ഞു. നിയമാനുസൃത ചർച്ചാവേദിയായ ജെസിഎം വിളിച്ചു ചേർക്കാതെ ജെ സി എം സംഘടനകളുടെ അംഗീകാരം റദ്ദ് ചെയ്തു. അംഗീകാരമില്ലാത്ത ഭരണപക്ഷ അനുകൂല സംഘടനയെ ഉപദേശക സമിതികളിൽ തിരുകിക്കയറ്റിയ നിലപാടുകളിൽ പ്രതിഷേധിച്ച ജീവനക്കാർക്കെതിരെ കടുത്ത അച്ചടക്ക നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചതെന്നും സ്റ്റാഫ് അസോസിയേഷൻ ആരോപിച്ചു.
ജീവനക്കാരെ കടന്നാക്രമിക്കുന്ന നടപടികൾക്കെതിരെ കേന്ദ്ര സർക്കാർ ജീവനക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. ജി ആർ പ്രമോദിന്റെ സസ്പെൻഷൻ അടിയന്തിരമായി പിൻവലിക്കണമെന്ന് ഐഎസ്‍ആർഒ സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് നേരെയുള്ള ഇത്തരം പ്രതികാര നടപടികളിൽ സംസ്ഥാന വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുന്നതായി കേന്ദ്രസർക്കാർ ജീവനക്കാരുടെ കോൺഫെഡറേഷൻ അറിയിച്ചു.








0 comments