ഇതോ പൊലീസ്; പാരിയത്തുകാവിൽ വസ്‌ത്രംകീറി; കലൂരിൽ സദാചാര അധിക്ഷേപം

കൊച്ചി: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ ജില്ലയിലുണ്ടായ രണ്ട് ആക്രമണങ്ങളിലും മറനീക്കുന്നത് പൊലീസിന്റെ മാറുന്നമുഖം. സ്‌ത്രീസംരക്ഷകരാകേണ്ട പൊലീസ്, വേട്ടക്കാരനാകുന്ന സംഭവങ്ങളാണ് ആദ്യം പാരിയത്തുകാവിലും കഴിഞ്ഞദിവസം കലൂരിലുമുണ്ടായത്.
കലൂരിൽ പുലർച്ചെ രണ്ട് വിദ്യാർഥിനികൾക്കുനേരെയുണ്ടായ ആക്രമണം അന്വേഷിക്കാനെത്തിയ പൊലീസ് ‘സദാചാര പൊലീസ്’ ചമയുകയായിരുന്നു. പുലർച്ചെ പുറത്തിറങ്ങിയത് എന്തിനാണെന്നായിരുന്നു ആക്രമണത്തിനിരയായ പെൺകുട്ടികളോടുള്ള പൊലീസിന്റെ ചോദ്യം. വസ്‌ത്രധാരണത്തെ ചൊല്ലിയും പെൺകുട്ടികളെ അധിക്ഷേപിച്ചു. ആക്രമണത്തിൽ ശാരീരികമായി തളർന്ന പെൺകുട്ടികളെ മാനസികമായും തളർത്തി പൊലീസിന്റെ സമീപനം.
പാരിയത്തുകാവിൽ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കാൻ എത്തിയ പൊലീസ് സ്‌ത്രീകൾക്കും കുട്ടികൾക്കുംനേരെ നീചമായ ആക്രമണമാണ് നടത്തിയത്. സ്‌ത്രീകളെ ആക്രമിച്ചവരിൽ ഭൂരിഭാഗവും പുരുഷ പൊലീസുകാരായിരുന്നു. വനിതാ പൊലീസുകാരുണ്ടായിട്ടും പുരുഷ പൊലീസുകാർ സ്‌ത്രീകളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. സ്‌ത്രീകളെ ചവിട്ടി. അവരുടെ സാരിയും ബ്ലൗസും കീറി. കൈപിടിച്ച് ഞെരിച്ചു. തലമുടിയിൽ കുത്തിപ്പിടിക്കുകയും ചെയ്‌തിരുന്നു.










0 comments