print edition വെളുപ്പിച്ച് വെളുപ്പിച്ച് വീര്യം ചോർന്നവർ

യുഡിഎഫ് സർക്കാരിന്റെ ഹണിമൂൺ കാലം കഴിഞ്ഞോ? അധികാരത്തിലേറിയിട്ട് 50–ാം ദിവസത്തിലേക്ക് കടന്നു. വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു ഇത്ര ദിവസവും. വി ഡി സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റതുമുതൽ വിവാദങ്ങൾക്ക് ശരവേഗമാണ്. മുൻകൂട്ടി തയ്യാറാക്കിയ രഹസ്യ അജൻഡകളാണ് ദിവസവും പുറത്തുവരുന്നത്. ജനാധിപത്യത്തിന്റെ നാലാംതൂൺ എന്ന വിശേഷണമുള്ള മാധ്യമങ്ങൾ ഇൗ നാളുകളിൽ എന്തുചെയ്യകയായിരുന്നു? തങ്ങൾകൂടി അധ്വാനിച്ച് അധികാരത്തിലേറ്റിയ സർക്കാരായതിനാലാകണം, എല്ലാ വിവാദങ്ങളെയും ന്യായീകരിച്ച് വെളുപ്പിക്കാനാണ് ശ്രമം. അതെക്കുറിച്ചുള്ള പരിശോധന..... തയ്യാറാക്കിയത് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ ഒ വി സുരേഷ്
സോഫ്‌റ്റ് ഡ്രിങ്ക്‌സ്, റെഡി ടു ഡ്രിങ്ക്... കേൾക്കാൻ സുഖമുള്ള പേരുകൾ. കേട്ടാൽ ശീതളപാനീയമെന്ന് തോന്നും, മദ്യവുമായി ബന്ധമില്ലെന്നും. ഉദ്ദേശ്യവും അതുതന്നെ. വിപണനം ബിവറേജസ് കോർപറേഷനാണെന്ന് അറിയുന്പോഴാണ് കള്ളി വെളിച്ചത്താകുക. സോഫ്‌റ്റ്‌നസ് പേരിൽ മാത്രം. ഇങ്ങനെ സോഫ്റ്റായി മദ്യമൊഴുക്കി വരുമാനം കൂട്ടാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജൂൺ 19ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിലാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏർപ്പെടുത്തി, വിൽപ്പനയ്‌ക്ക് അവസരമൊരുക്കിയത്. എന്നാൽ മാധ്യമങ്ങൾ സമർഥമായി മൗനംപാലിച്ചു. വി എം സുധീരന്റെയും വിവിധ സമുദായ സംഘടനകളുടെയും ക്രൈസ്‌തവ സഭകളുടെയും വിമർശം കണ്ടില്ലെന്ന് നടിച്ചു.
വീര്യംകുറഞ്ഞ മദ്യത്തിന്റെ വിപണനത്തിന് ബക്കാഡിയുടെ അപേക്ഷ സർക്കാരിന് ലഭിച്ചിട്ട് വർഷങ്ങളായി. എൽഡിഎഫ് സർക്കാർ തീരുമാനമെടുത്തില്ല. ഇപ്പോൾ പുതിയ അപേക്ഷയില്ലാതെതന്നെ മുഖ്യമന്ത്രിവക അനുകൂല തീരുമാനം. എക്‌സൈസ് മന്ത്രിയും യുഡിഎഫും ഒന്നുമറിഞ്ഞില്ല. ധനബില്ലിലെ പുതിയ നികുതി നിർദേശങ്ങളിൽ, നികുതി നിയമത്തിന്റെ വകുപ്പ് അഞ്ചിൽ ‘ഹോർട്ടി വൈൻ’ എന്നതിനുശേഷം ‘ലോ ആൾക്കഹോളിക് ബിവറേജ്’ എന്ന് കൂട്ടിച്ചേർത്തു. ഇതുവഴി ബക്കാഡിക്കു മാത്രമല്ല, മറ്റു കമ്പനികൾക്കും യഥേഷ്‌ടം മദ്യം വിൽക്കാൻ സാഹചര്യമൊരുക്കി. ‘നികുതി നിർദേശം ബജറ്റിൽ ഉൾപ്പെടുത്താനാണിത്’ എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിലെ പൊള്ളത്തരം ഒരു മാധ്യമവും ചോദ്യംചെയ്‌തില്ല.
‘യുഡിഎഫ് വേണ്ടെന്നുവച്ചാൽ വിൽക്കില്ല, വേണം എന്നു പറഞ്ഞാൽ വിൽക്കും’ എന്ന മുഖ്യമന്ത്രിയുടെ ധാർഷ്‌ട്യം ചോദ്യംചെയ്യാനും വയ്യ മാധ്യമങ്ങൾക്ക്. കുട്ടികളും സ്‌ത്രീകളുമടക്കം വലിയൊരു വിഭാഗം ജനങ്ങളെ മദ്യപാനത്തിലേക്ക് നയിക്കുന്ന തീരുമാനത്തിനെതിരെ മൗനവ്രതം തുടരുകയാണ് സർക്കാർവിലാസം മാധ്യമങ്ങൾ.
(തുടരും)











0 comments