print edition വഴിവിട്ട് അധിക നിയമന നീക്കം; ഇന്ത്യൻ കോഫി ഹൗസ് വൻ പ്രതിസന്ധിയിലേക്ക്

image: indian express

സ്വന്തം ലേഖകൻ
Published on Jul 25, 2026, 12:01 AM | 1 min read
തൃശൂർ : തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസുകൾ തകർക്കാൻ നീക്കം. ബിജെപി– കോൺഗ്രസ് സംഖ്യം ഭരിക്കുന്ന കോഫീഹൗസിൽ വഴിവിട്ട നിയമനം നടത്താനും നടപടി തുടങ്ങി. ശന്പളം കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ 600ഓളം പേരെ അധികമായി നിയമിക്കാനാണ് നീക്കം.
തൃശൂർ മുതൽ തിരുവനന്തപുരം വരെ 48 കോഫി ഹൗസുകളാണുള്ളത്. നിലവിൽ 1400 ജീവനക്കാരുണ്ട്. 2024– 25 സാമ്പത്തിക വർഷത്തെ ഓഡിറ്റ് പ്രകാരം 4.13 കോടി പ്രവർത്തന നഷ്ടവും 51.69 കോടി അറ്റനഷ്‌ടവുമുണ്ട്. 2025–26 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് വരുമ്പോൾ നഷ്ടം വീണ്ടും ഉയരും. ജീവനക്കാരുടെ ശമ്പളം നൽകാൻപോലും സംഘത്തിന് സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥയാണ്. 2005 മുതൽ 2019 വരെ നിയമനം നടത്തിയ 2,051 ജീവനക്കാരിൽ 1,350 പേരും ശന്പളം ലഭിക്കാത്തതിനാൽ ജോലി ഉപേക്ഷിച്ചു. തൊഴിലാളികളുടെ സ്റ്റാറ്റ്യൂട്ടറി പെൻഷനായ ഇപിഎഫിൽ 30 കോടി രൂപ ബാധ്യതയുണ്ട്. തൊഴിലാളികളുടെ പെൻഷൻ ഫണ്ടിലേക്ക് 2022 ഏപ്രിൽ മുതൽ സംഘം തുക അടയ്ക്കുന്നില്ല.
2025 ഏപ്രിൽ മുതൽ സംഘത്തിൽ നിന്നു വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. വിരമിച്ചവരുടെ കുടിശിക 11 കോടി ഗ്രാറ്റിവിറ്റിയടക്കം ആകെ കുടിശ്ശിക 43 കോടിയാണ്. കുടിശിക ഇൗടാക്കാനായി എംപ്ലോയ്മെന്റ് പ്രൊവിഡണ്ട് ഫണ്ട് കമീഷണർ സംഘത്തിന്റെ ആസ്തികൾ ജപ്തി ചെയ്യുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇൗ ഘട്ടത്തിലാണ് വീണ്ടും നിയമനം നടത്താൻ നീക്കം നടക്കുന്നത്. മുന്പ് തൊഴിലാളികൾക്ക് നൽകിയിരുന്ന യാതൊരുവിധ ആനുകൂല്യങ്ങളും 10 വർഷമായി നൽകുന്നില്ല. ഹയർ പെൻഷൻ പിഎഫിലേക്ക് അടയ്ക്കാനും കഴിയുന്നില്ല. ഭരണസമിതിയുടെ 20 വർഷ കാലയളവിൽ ദീർഘവീക്ഷണമില്ലാതെ കോടികൾ മുടക്കി പുതിയ 50 ബ്രാഞ്ചുകൾ തുറക്കുകയും 48 എണ്ണം അടച്ചുപൂട്ടുകയും ചെയ്തു. 80ശതമാനം ബ്രാഞ്ചുകളും നഷ്‌ടത്തിലാണ് പ്രവർത്തിക്കുന്നത്. സാമ്പത്തിക തകർച്ച മുന്നിൽ കണ്ടാണ് വകുപ്പ് ഇതുവരെയും നിയമനത്തിന് അനുമതി നൽകാതിരുന്നത്.










0 comments