Deshabhimani

print edition വെളുക്കാൻ തേച്ച് വൃക്കരോഗം; അന്വേഷണം തുടങ്ങി

Ftune
വെബ് ഡെസ്ക്

Published on Nov 24, 2026, 12:21 AM | 2 min read

മലപ്പുറം: അമിതമായ അളവില്‍ മെർക്കുറി കലർന്ന ഫെയർനെസ് ക്രീം ഉപയോഗത്തിലൂടെ പെൺകുട്ടിക്ക്‌ ഗുരുതര വൃക്കരോഗം ബാധിച്ചെന്ന പരാതിയിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അന്വേഷണം തുടങ്ങി. കോഴിക്കോട് സീനിയർ ഡ്രഗ്സ് കൺട്രോൾ ഇൻസ്പെക്ടർ പെൺകുട്ടിയുടെ മലപ്പുറം അരീക്കോട്ടെ വീട്ടിലെത്തി മൊഴിയെടുത്തു. കുട്ടി ചികിത്സതേടിയ ആശുപത്രിയിൽനിന്ന് ചികിത്സാരേഖകൾ ഉൾപ്പെടെ ശേഖരിച്ചു. സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. റിപ്പോർട്ട് സർക്കാരിന് ഉടൻ കൈമാറും.


ക്രീം ഓൺലൈൻവഴി വിറ്റ ‘എഫ്‌ ട്യൂൺ‘ കമ്പനിക്കെതിരെ അരീക്കോട്‌ പൊലീസ്‌ കേസെടുത്തിരുന്നു. അരീക്കോട്‌ എസ്എച്ച്ഒ എസ് എസ് വിഷ്ണുവിനാണ് അന്വേഷണച്ചുമതല. കെമിക്കൽ ലാബ് പരിശോധനയ്ക്കുശേഷം തുടർനടപടി സ്വീകരിക്കുമെന്നും ‘മരുന്നുകമ്പനി’യുടെ വിവരങ്ങൾ ശേഖരിക്കുമെന്നും പൊലീസ് പ
റഞ്ഞു.

​കന്പനി ഇൻസ്റ്റഗ്രാംവഴിയാണ്‌ ക്രീം വിൽപ്പന നടത്തിയത്‌. ക്രീം ഉപയോഗത്തിലൂടെ പെൺകുട്ടിയുടെ വൃക്ക തകരാറിലായെന്നും ചികിത്സക്ക്‌ ഒരുലക്ഷം രൂപ ചെലവായെന്നും എഫ്‌ഐആറിൽ പറയുന്നു.


​കന്പനിക്കെതിരെ 
ഗുരുതര വകുപ്പുകൾ


വിശ്വാസ വഞ്ചന, വഞ്ചന, വിഷാംശമുള്ളതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ വസ്തുക്കളുടെ വിൽപ്പന, വ്യാജമോ മായംചേർത്തതോ ആയ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന എന്നീ കുറ്റങ്ങൾക്ക്‌ ഭാരതീയ ന്യായസംഹിത, ഡ്രഗ്‌സ് ആൻഡ്‌ കോസ്‌മെറ്റിക്‌സ് ആക്ട്, കേരള പൊലീസ്‌ ആക്ട്‌ എന്നിവയിലെ ഗുരുതര വകുപ്പുകളാണ് കമ്പനിക്കെതിരെ ചുമത്തിയത്.


​മെർക്കുറി ശരീരത്തിലെത്തിയത്‌ എങ്ങനെയെന്ന്‌ കണ്ടെത്താൻ നെഫ്രോളജി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. എസ്‌ ഗൗരി നടത്തിയ അന്വേഷണത്തിലാണ് മുഖകാന്തിക്ക്‌ തേച്ച ക്രീമാണ് കാരണമെന്ന് തിരിച്ചറിഞ്ഞത്. കേന്ദ്രസർക്കാർ അംഗീകൃത ലബോറട്ടറിയിലെ പരിശോധനയിൽ 12500 പിപിഎം മെർക്കുറി (1.25 ശതമാനം) അടങ്ങിയതായി കണ്ടെത്തി. ഇന്ത്യയിൽ അനുവദനീയമായ പരിധിയുടെ 12,500 മടങ്ങാണ്‌ ഇത്‌. ഒരുവർഷത്തോളം ക്രീം ഉപയോഗിച്ചു. ഇൻഫ്ലുവൻസർമാർവഴിയായിരുന്നു ക്രീമിന്റെ പ്രചാരണം. വിവാദത്തെ തുടർന്ന്‌ കന്പനിയുടെ സമൂഹമാധ്യമ സൈറ്റുകൾ പൂട്ടി.


മറ്റുള്ളവരെങ്കിലും രക്ഷപ്പെടട്ടെ ( രോഗബാധിതയായ പെൺകുട്ടി )


‘‘ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വരാൻ കാരണമായ ഫെയ്സ് ക്രീം പലരും ഉപയോഗിക്കുന്നുണ്ടെന്നറിഞ്ഞു. മറ്റുള്ളവരെങ്കിലും രക്ഷപ്പെടണമെന്ന്‌ കരുതിയാണ് അനുഭവം തുറന്നുപറഞ്ഞത്‌. ആരെങ്കിലും ഈ ക്രീം ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻ നിർത്തണം. മൂത്രത്തിലൂടെ പ്രോട്ടീൻ പോകാൻ തുടങ്ങിയപ്പോഴാണ് ഗൗരവമായെടുത്തത്‌. ആദ്യഘട്ടത്തിലായതിനാലാണ്‌ രക്ഷപ്പെടാനായത്. ആരോഗ്യപ്രശ്നങ്ങളുള്ളവർ ചികിത്സ തേടണം’’ .


ഫെയ്‌സ്‌ ക്രീമിലെ വിഷം; വ്യാജൻ മുമ്പും വില്ലൻ


വെളുക്കാൻ തേച്ച ഫെയർനെസ്‌ ക്രീം ജീവിതം അപകടത്തിലാക്കുന്നത്‌ തുടർസംഭവം. വ്യാജ ഫെയർനെസ്‌ ക്രീം ഉപയോഗം തടയാൻ സർക്കാർ 2023ൽ ‘ഓപ്പറേഷൻ സ‍ൗന്ദര്യ’ എന്ന പേരിൽ വ്യാപക പരിശോധന നടത്തിയിരുന്നു. ഡ്രഗ്സ്‌ കൺട്രോൾ വകുപ്പ്‌ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന്‌ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും വിൽപ്പനശാലകൾ പൂട്ടുകയും ചെയ്തിരുന്നു. 2025ൽ നടത്തിയ പരിശോധനയിലും നിരവധി കേസുകളെടുത്തു. എന്നാൽ അത്തരം പരിശോധനകൾ നിലച്ചതോടെ സമൂഹമാധ്യമ വ്ലോഗർമാർക്ക്‌ പണം നൽകി വിൽപ്പന വീണ്ടും വ്യാപകമാക്കി.


2023 -ഫെബ്രുവരിയിൽ മലപ്പുറത്ത്‌ എട്ടുപേരിൽ ഗുരുതര വൃക്കരോഗം കണ്ടെത്തിയിരുന്നു. പതിനാലുകാരിക്കാണ്‌ വൃക്കയുടെ അരിപ്പയ്ക്ക്‌ കേടുവരികയും പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന മെംബ്രേനസ്‌ നെഫ്രോപതി രോഗം സ്ഥിരീകരിച്ചത്‌. രോഗിയുടെ ബന്ധുവിനും യുവാവിനും രോഗം സ്ഥിരീകരിച്ചു. സമാനലക്ഷണങ്ങളുമായി ചികിത്സതേടിയവരിൽ നടത്തിയ പരിശോധനയിലാണ്‌ എട്ടുപേർ ഒരേ ഫെയർനെസ്‌ ക്രീം ഉപയോഗിച്ചതായി കണ്ടെത്തിയത്‌. ഒമ്പതുദിവസം കൊണ്ട്‌ ബ്രിട്ടീഷുകാരെ പോലെ വെളുക്കുമെന്ന്‌ അവകാശപ്പെട്ട ക്രീം ഉപയോഗിച്ച കാസർകോട്‌ ജില്ലക്കാരായ യുവാക്കളിൽ വ്യാപകമായി ത്വക്ക്‌ രോഗം റിപ്പോർട്ട്‌ ചെയ്തിരുന്നു. ക്രീമുകൾ ഉപയോഗിച്ച്‌ തുടങ്ങി ദിവസങ്ങൾക്കുള്ളിൽ നിറ വ്യത്യാസമുണ്ടായെങ്കിലും ഉപയോഗം നിർത്തിയപ്പോൾ ചർമം വരണ്ടുണങ്ങി പാടുകളുണ്ടായി. തൃശൂരിൽ ത്വക്ക്‌ രോഗമുണ്ടായ യുവാവിന്‌ ആറുമാസത്തെ ചികിത്സയ്ക്ക്‌ ശേഷമാണ്‌ ആരോഗ്യം വീണ്ടെടുക്കാനായത്‌.


​​പെർഫ്യൂമുകളിലും അപകടകാരികൾ


കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ‘ഓപ്പറേഷൻ സ‍ൗന്ദര്യ’യുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മായം ചേർത്ത പെർഫ്യൂമുകൾ പിടിച്ചെടുത്തിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്ന മീഥൈൽ ആൽക്കഹോളിന്റെ അളവ്‌ 95 ശതമാനം കണ്ടെത്തി. പെർഫ്യൂം ആയാണ്‌ നിർമിക്കുന്നതെങ്കിലും ശരീരത്തിൽ പുരട്ടാനും ഉപയോഗിച്ചാൽ മൃദുവായ മുഖചർമത്തിലൂടെയും മുറിവിലൂടെയും ശരീരത്തിലെത്തി ഗുരുതര പ്രശ്നങ്ങളുണ്ടാകും. പാരബിൻസ്‌, സൾഫേറ്റ്‌ പോലുള്ള രാസവസ്തുക്കളടങ്ങിയ ഷാംപൂകളും അപകടകാരികളാണ്‌.


​ജാഗ്രത വേണം


വെളുത്ത നിറം നല്ലതിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതീകമായും കറുപ്പിനെ മോശമാക്കി ചിത്രീകരിക്കുന്നതും 1954ലെ ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്‌ റെമഡി ആക്ട്‌ പ്രകാരം കുറ്റകരമാണ്‌. കോസ്‌മെറ്റിക്‌ ഉൽപ്പന്നം വാങ്ങുമ്പോൾ ഡ്രഗ്‌സ്‌ കൺട്രോൾ ജനറൽ ഇന്ത്യയുടെ അംഗീകാരമുണ്ടോയെന്ന്‌ ഉറപ്പുവരുത്തണം.







deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Sabarimala opening day pilgrim rush

04

print edition ശബരിമല തീർഥാടകർക്കായി ഹെൽപ്പ്‌ലൈൻ
asdfsdf

05

print edition ജയം തടഞ്ഞു; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് സമനില
sibi

06

print edition 1.75 കോടിയുടെ തട്ടിപ്പ്: മഹിളാ കോൺഗ്രസ്‌ നേതാവ്‌ റിമാൻഡിൽ
deshabhimani section

Recommended

Deshabhimani
Home