print edition ഇൻവെസ്റ്റ് കേരളയിലെ പദ്ധതികൾക്ക് തുടർച്ചയുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ മാറിയാലും സംസ്ഥാനത്തെ വ്യവസായ നിക്ഷേപ നയങ്ങൾക്ക് കൃത്യമായ തുടർച്ചയുണ്ടാകുമെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. വ്യവസായികളോടും നിക്ഷേപകരോടും അനുകൂലമായ സമീപനവും രീതിയുമായിരിക്കും സർക്കാരിന്.
ഇൻവെസ്റ്റ് കേരളയിലെ പദ്ധതികൾക്ക് തുടർച്ചയുണ്ടാകുമെന്നും വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) സംഘടിപ്പിച്ച വ്യവസായ പങ്കാളികളുമായുള്ള കൂടിയാലോചനാ യോഗം ഉദ്ഘാടനംചെയ്‌ത് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിക്കുകയും നിരവധി പദ്ധതികൾ ആരംഭിക്കുകയും ചെയ്‌തിരുന്നു.
സമഗ്രമായ നിക്ഷേപ ആവാസവ്യവസ്ഥയായി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ, ഇൻവെസ്റ്റ് കേരള സെൽ, വിദേശത്തുള്ള കേരള ഡെസ്കുകൾ എന്നീ മൂന്ന് പ്രധാന സംരംഭങ്ങൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഈസ് ഓഫ് ഡൂയിങ് ബിസിനസിനെ വളരെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി അരുൺ കെ വിജയൻ, ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ എന്നിവർ സംസാരിച്ചു.










0 comments