നിക്ഷേപക ഉച്ചകോടിക്ക് കൊടിയിറങ്ങി
നേടി കേരളം ; നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാൻ കേരളം ഒറ്റക്കെട്ടായി

ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി സമാപനച്ചടങ്ങിനെത്തിയ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി മന്ത്രി പി രാജീവിനൊപ്പം. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സമീപം
എം എസ് അശോകൻ
Published on Feb 23, 2025, 01:22 AM | 1 min read
കൊച്ചി : സംസ്ഥാനത്തേക്ക് ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ വ്യവസായനിക്ഷേപം എത്തുമെന്ന് ഉറപ്പിച്ച് ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊടിയിറങ്ങി. കേരളത്തെ നേട്ടങ്ങളുടെ നെറുകയിലേക്ക് നയിക്കാൻപോന്ന വമ്പൻ പ്രഖ്യാപനത്തോടെയാണ് ദ്വിദിന ഉച്ചകോടി സമാപിച്ചത്. വ്യവസായലോകമൊന്നാകെ കൊച്ചിയിൽ സംഗമിച്ച ഉച്ചകോടി ചരിത്രവിജയമായി.
സംരംഭകലോകത്തിന്റെ സവിശേഷ ശ്രദ്ധനേടിയ ഉച്ചകോടിയിലൂടെ കേരളം എഴുതിച്ചേർത്തത് വികസനചരിത്രത്തിലെ തിളക്കമാർന്ന ഏട്. വികസനമെത്തിക്കുന്നതിൽ രാഷ്‌ട്രീയഭിന്നതകൾ തടസമാകില്ലെന്നും കൂടുതൽ നിക്ഷേപവും തൊഴിലവസരങ്ങളും സൃഷ്‌ടിക്കാൻ കേരളം ഒറ്റക്കെട്ടാണെന്നുമുള്ള സന്ദേശം സംരംഭകലോകത്തിന് പകരാനും ഉച്ചകോടിക്ക് കഴിഞ്ഞു.
കേരളത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന 1.52 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനമുണ്ടായി. 374 കമ്പനികൾ നിക്ഷേപസന്നദ്ധത അറിയിച്ച് താൽപ്പര്യപത്രം ഒപ്പിട്ടു. 66 കമ്പനികൾ സമാപനച്ചടങ്ങിൽ താൽപ്പര്യപത്രം കൈമാറി. 26 കമ്പനികൾ 1000 കോടിക്കുമുകളിലാണ് നിക്ഷേപം പ്രഖ്യാപിച്ചത്. വ്യവസായം ആരംഭിക്കുന്നതിൽ അതിവേഗ ഇടപെടലും തുടർനടപടികളും ഉണ്ടാകുമെന്ന പ്രഖ്യാപനം സംരംഭകർക്ക് ആവേശമായി.
വികസനസൂചികകളിലെ ഒന്നാംസ്ഥാനങ്ങളും നിക്ഷേപസൗഹൃദ അന്തരീക്ഷവും കേരളത്തെ സംരംഭകലോകത്തിന് പ്രിയപ്പെട്ടതാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു പങ്കാളിത്തം. 26 രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ മൂവായിരത്തോളം പ്രതിനിധികളാണ് പങ്കെടുത്തത്. കേരളത്തിന്റെ സാധ്യതകളെ തുറന്നുകാട്ടിയ അവതരണങ്ങൾ നടന്ന 30 പ്രത്യേക സെഷനുകളിൽ പ്രതിനിധികളുടെ സജീവപങ്കാളിത്തം ശ്രദ്ധേയമായി. മൂന്നു റൗണ്ട് ടേബിൾ ചർച്ച നടന്നു. രണ്ടെണ്ണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് പങ്കെടുത്തു. രണ്ടുദിവസവും മുഖ്യമന്ത്രിയുടെ പൂർണസമയ സാന്നിധ്യവും സംരംഭകസമൂഹത്തിന് ആവേശമായി.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ജയന്ത് ചൗധരി, പിയൂഷ് ഗോയൽ, ജോർജ് കുര്യൻ എന്നിവരുടെ സാന്നിധ്യം ഉച്ചകോടിക്ക് പിന്തുണ നൽകി. കേരളം കൈവരിച്ച നേട്ടങ്ങളെ വാനോളം പ്രശംസിച്ച കേന്ദ്രമന്ത്രിമാർ പുതിയ പദ്ധതികളും ഉച്ചകോടിയിൽ പ്രഖ്യാപിച്ചു.









0 comments