26 വിദേശരാജ്യങ്ങളിൽനിന്ന്‌ പ്രതിനിധികൾ , 3000 സംരംഭകർ

ആദ്യദിവസം തന്നെ 
പതിനായിരക്കണക്കിനു 
കോടി രൂപയുടെ 
നിക്ഷേപ വാഗ്‌ദാനം

Invest Kerala Global Summit 2025
avatar
എം എസ്‌ അശോകൻ

Published on Feb 22, 2025, 02:33 AM | 2 min read


കൊച്ചി : കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി ഇതാ ലോകം കൊച്ചിയിൽ. സംസ്ഥാനം കാത്തിരുന്ന ഇൻവെസ്റ്റ്‌ കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക്‌ തുടക്കമായി. ആദ്യദിനം തന്നെ പതിനായിരക്കണക്കിനു കോടികളുടെ നിക്ഷേപ വാഗ്‌ദാനങ്ങളാണ്‌ നിറഞ്ഞത്‌. ഇനി കേരളത്തിന്‌ വ്യവസായ മുന്നേറ്റങ്ങളിലൂടെയുള്ള മാറ്റത്തിന്റെ കാലം. കേരളത്തിന്റെ വാതായനങ്ങൾ സമഗ്രവികസനത്തിലേക്കും തൊഴിൽ സാധ്യതകളിലേക്കും തുറക്കുന്നു.


26 വിദേശരാജ്യങ്ങളിൽനിന്ന്‌ ഉൾപ്പെടെ മൂവായിരത്തോളം സംരംഭകരാണ്‌ രണ്ടുദിവസത്തെ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ പങ്കാളിരാജ്യങ്ങളാണ്. ഇവിടെനിന്നുള്ള പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ച നടക്കും. കേന്ദ്രമന്ത്രിമാരും യുഎഇ, ബഹ്‌റൈൻ മന്ത്രിമാരും വ്യവസായ–-വാണിജ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉച്ചകോടി ഉദ്‌ഘാടനം ചെയ്‌തു.


സംസ്ഥാനത്തിന്റെ വ്യവസായചരിത്രത്തിലെ സുപ്രധാന വഴിത്തിരിവാകുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക്‌ ബോൾഗാട്ടി ലുലു ഇന്റർനാഷണൽ കൺവൻഷൻ സെന്ററാണ്‌ വേദി. പ്രത്യേക കൂടിക്കാഴ്‌ചകൾ, ബിസിനസ്‌ സെഷനുകൾ, അവതരണങ്ങൾ എന്നിവ നടക്കും. പൊതു–- സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ ഉൽപ്പന്നങ്ങളും സേവനങ്ങളും അണിനിരത്തുന്ന പ്രദർശനവുമുണ്ട്‌. ഉദ്‌ഘാടനച്ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്‌ അധ്യക്ഷനായി. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വീഡിയോസന്ദേശത്തിലൂടെ ആശംസ അറിയിച്ചു.


കേന്ദ്ര വാണിജ്യ–-വ്യവസായമന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര നൈപുണ്യ വികസനമന്ത്രി ജയന്ത് ചൗധരി, യുഎഇ സാമ്പത്തികകാര്യമന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ–--വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ എം എ യൂസഫ് അലി, ഐടിസി ലിമിറ്റഡ് ചെയർമാൻ സഞ്ജീവ് പുരി, അദാനി പോർട്ട് മാനേജിങ്‌ ഡയറക്ടർ കരൺ അദാനി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് തുടങ്ങിയവർ സംസാരിച്ചു.


റോഡിന്‌ 
50,000 കോടി : നിതിൻ ഗഡ്‌കരി

കേരളത്തിൽ റോഡ്‌ വികസനത്തിന്‌ 50,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന്‌ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. 896 കിലോമീറ്റർ ദൈർഘ്യമുള്ള 31 റോഡ് പദ്ധതികൾ നടപ്പാക്കുമെന്ന്‌ ഇൻവെസ്‌റ്റ്‌ കേരള ആഗോള ഉച്ചകോടിക്ക്‌ ആശംസയറിയിച്ച്‌ അയച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.


മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലൂടെ കടന്നുപോകുന്ന 120 കിലോമീറ്റർ പാതയ്‌ക്കാണ്‌ 10,814 കോടി. നിർമാണം മൂന്നുമാസത്തിനകം തുടങ്ങും. ദേശീയപാത 544ലെ അങ്കമാലി– കുണ്ടന്നൂർ–എറണാകുളം ബൈപാസ് ആറുവരിയാക്കൽ ആറുമാസത്തിനകം ആരംഭിക്കും.


62.7 കിലോമീറ്റർ ദൈർഘ്യമുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്കുള്ള പ്രധാന ഇടനാഴിയാകുന്ന തിരുവനന്തപുരം ഔട്ടർ റിങ്റോഡിന്റെയും കൊല്ലത്തെയും ചെങ്കോട്ടയെയും ബന്ധിപ്പിക്കുന്ന 38.6 കിലോമീറ്റർ റോഡിന്റെയും നിർമാണം അഞ്ചുമാസത്തിനുള്ളിൽ ആരംഭിക്കും. 5000 കോടിയാണ്‌ ചെലവ്‌.


കേരളത്തിൽ 20,000 കോടിയിലധികം രൂപയുടെ റോഡ്‌ പദ്ധതികൾ പൂർത്തിയാക്കി. 60,000 കോടിയുടെ പദ്ധതികൾ പുരോ​ഗമിക്കുകയാണെന്നും ഗഡ്‌കരി പറഞ്ഞു.


invest kerala



deshabhimani section

Related News

View More
0 comments
Sort by

Home