print edition തലതിരിഞ്ഞ ഭരണം; 2 മണിക്കൂർ 57 മിനിറ്റിൽ ഫയൽ പറന്നു, ബക്കാഡീൽ


സ്വന്തം ലേഖകൻ
Published on Jun 24, 2026, 01:41 AM | 1 min read
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആവശ്യപ്പെട്ട് കുത്തക മദ്യക്കമ്പനി ബക്കാഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ അപേക്ഷയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തീരുമാനമെടുത്തത് ശരവേഗത്തിൽ. രണ്ടു മണിക്കൂറും 57 മിനിറ്റും മാത്രമാണ് ഫയൽനീക്കത്തിനെടുത്ത സമയം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് അതിവേഗ നടപടിയെന്ന് സെക്രട്ടറിയറ്റിലെ ഇ–ഫയൽ രേഖകൾ തെളിയിക്കുന്നു. മന്ത്രിമാർക്ക് വകുപ്പ് നിശ്ചയിക്കുംമുമ്പേയുള്ള ദ്രുതവേഗത്തിലുള്ള ദുരൂഹനടപടി നികുതി വെട്ടിക്കുറച്ചതിലെ അഴിമതിയാരോപണം ശരിവയ്‌ക്കുന്നു.
ബക്കാഡി ഇന്ത്യ 2023ൽ നികുതി വകുപ്പിനുനൽകിയ അപേക്ഷയില്‍ ‘ TAXES-B3/15/2023-TAXES’ എന്ന ഫയലാക്കിയെങ്കിലും എൽഡിഎഫ് സർക്കാർ തീരുമാനം എടുത്തില്ല. 2026 മെയ് 18ന് യുഡിഎഫ് സർക്കാർ അധികാരമേറ്റു. 19ന് പകൽ 11.41ന് ഫയൽ തുറന്നു. 21ന് ഒരുദിവസം കൊണ്ട് ഏഴ് ഉദ്യോഗസ്ഥർ കണ്ട ശേഷം ഫയൽ മുഖ്യമന്ത്രി വി ഡി സതീശന് മുന്നിലെത്തി. 24 ദിവസം ഫയൽ മുഖ്യമന്ത്രിയുടെ മുന്നിൽ.
ജൂൺ 14ന് മുഖ്യമന്ത്രി തീരുമാനമെടുത്തു. രാത്രി 10.12ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിന് ഫയൽ അയച്ചു. 15ന് ഓഫീസ് തുറക്കുംമുമ്പ് രാവിലെ 8.45ന് ജ്യോതിലാൽ ഫയൽ നീക്കി.19ന് ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് മുഖ്യമന്ത്രി നികുതിയിളവും പ്രഖ്യാപിച്ചു. ബക്കാഡി അപേക്ഷ ഫയലാകുമ്പോൾ നിലവിൽ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ യു കേൽക്കർ നികുതി സെക്രട്ടറിയായിരുന്നു. കേൽക്കർ ഫയൽ കണ്ടിരുന്നു.
രണ്ടുവർഷംമുന്പ്, പ്രതിപക്ഷ നേതാവായിരിക്കെ വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നത് അഴിമതിക്കാണെന്ന് സതീശൻ നിയമസഭയിൽ പ്രസംഗിച്ചിരുന്നു. എക്‌സൈസ് മന്ത്രി എം ലിജു പോലും ബജറ്റ് പ്രസംഗത്തിലാണ് ഇക്കാര്യമറിഞ്ഞത്.










0 comments