സാർവദേശീയ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം


സ്വന്തം ലേഖകൻ
Published on Aug 17, 2025, 01:46 AM | 1 min read
തൃശൂർ: കേരള സാഹിത്യഅക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം രണ്ടാം പതിപ്പ് (ഐഎൽഎഫ്കെ) ഞായറാഴ്‌ച തുടങ്ങും. രാവിലെ 10ന് തൃശൂർ സാഹിത്യഅക്കാദമി ഹാളിലാണ് ഉദ്‌ഘാടനചടങ്ങ്. അക്കാദമി ഓഡിറ്റോറിയം ‘കേരള സാഹിത്യഅക്കാദമി എംടി ഓഡിറ്റോറിയം’ എന്ന് പുനർനാമകരണം ചെയ്യും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ പരിപ്രേക്ഷ്യം അവതരിപ്പിക്കും. മന്ത്രി കെ രാജന്‍ ഫെസ്റ്റിവൽ ബുക്കും മന്ത്രി ആര്‍ ബിന്ദു ഫെസ്റ്റിവൽ ബുള്ളറ്റിനും പ്രകാശിപ്പിക്കും. എഴുത്തുകാരൻ വൈശാഖന്‍ പതാകയുയര്‍ത്തും. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, സംഭാഷണങ്ങള്‍, കുട്ടികളുടെ സാഹിത്യോത്സവം, കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവ അരങ്ങേറും. ബഷീർ, എംടി, ചങ്ങമ്പുഴ എന്നിങ്ങനെ മൂന്ന് വേദികളിലായി എഴുപതോളം സെഷനുകളാണ് ക്രമീകരിച്ചിട്ടുള്ളത്. പലസ്തീന്‍ കവിയും പത്രപ്രവര്‍ത്തകയുമായ അസ്മാ അസൈസി, ടിബറ്റന്‍ കവിയും സാമൂഹ്യപ്രവർത്തകനുമായ ടെന്‍സിന്‍ സുണ്ടു, നേപ്പാളി കവികളായ ഭുവന്‍ തപാലിയ, അമര്‍ ആകാശ് എന്നിവരാണ് വിദേശ പാനലിലുള്ളത്. എംടിയുടെ മഞ്ഞ്, നാലുകെട്ട് എന്നീ നോവലുകളെ അടിസ്ഥാനമാക്കി ഫൈന്‍ആര്‍ട്സ് കോളേജില്‍ മനോജ് ഡി വൈക്കം ഒരുക്കുന്ന സാഹിത്യ ഫോട്ടോഗ്രഫി പ്രദര്‍ശനം തിങ്കളാഴ്‌ച ആരംഭിക്കും. സാഹിത്യോത്സവ സമാപനം 21ന് വൈകിട്ട് അഞ്ചിന് മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനംചെയ്യും. സാഹിത്യഅക്കാദമി ലൈബ്രറിക്ക് ‘ലളിതാംബിക അന്തര്‍ജനം സ്മാരക ലൈബ്രറി’ എന്ന് പുനർനാമകരണവും ചെയ്യും.









0 comments