print edition ഗവ പ്ലീഡർ നിയമനം, കെഎസ്‌യുവിനെ അപഹസിക്കൽ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാക്കൾ

വി ഡി സതീശൻ

സ്വന്തം ലേഖകൻ
Published on Jul 18, 2026, 01:30 AM | 1 min read
തിരുവനന്തപുരം: ആർഎസ്‌എസ് ബന്ധമുള്ള അഭിഭാഷകനെ ഹൈക്കോടതിയിലെ ഗവ.പ്ലീഡറാക്കിയതിൽ തുടങ്ങി കെഎസ്‌യുവിനെ പരസ്യമായി അധിക്ഷേപിച്ചതുവരെയുള്ള മുഖ്യമന്ത്രി വി ഡി സതീശന്റെ നടപടികൾക്കെതിരായ കോൺഗ്രസിനുള്ളിലെ പ്രതിഷേധങ്ങൾ തെരുവിൽ. മന്ത്രിമാരായ കെ മുരളീധരൻ, എം ലിജു, മാത്യു കുഴൽനാടൻ എംഎൽഎ, ദീപ്‌തി മേരി വർഗീസ്, വി ആർ അനൂപ്, ജിന്റോ ജോൺ, ബി ആർ എം ഷെഫീർ, അലോഷ്യസ് സേവ്യർ എന്നിവർ പ്രതികരണങ്ങളുമായി രംഗത്തെത്തി.
ഗവ.പ്ലീഡർ നിയമനത്തിൽ കെഎസ്‌യു ലോ കോളേജ് യൂണിറ്റിന് കാര്യമെന്തെന്നും അതൊന്നും അവരല്ല തീരുമാനിക്കുന്നതെന്നുമാണ് ബുധനാഴ്‌ച മുഖ്യമന്ത്രി വി ഡി സതീശൻ തുറന്നടിച്ചത്. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന് മുഖ്യമന്ത്രി സന്ദർശനാനുമതിയും നൽകിയിരുന്നില്ല. ഹിന്ദു ഐക്യവേദി നേതാക്കള്‍ക്ക് നല്‍കിയ പരിഗണന പോലും സ്വന്തം വിദ്യാര്‍ഥി സംഘടനയുടെ നേതാവിന് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്ന് ജിന്റോ ജോണും വി ആർ അനൂപും വിമർശിച്ചു. ഇരുവരേയും ചാനൽ ചർച്ചകൾക്കായുള്ള പാനലിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി നായർ കെപിസിസിക്ക് കത്ത് നൽകി. വി ആർ അനൂപ് കുമ്പിടി ആവേണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി ബി ആർ എം ഷഫീർ പറഞ്ഞു. താൻ കെഎസ്‌യു തൃശൂർ ജില്ലാ നേതൃത്വത്തിലുള്ളപ്പോൾ ഷെഫീർ പാർടിയെ തെറിപറഞ്ഞ് ഡിഐസിക്കുവേണ്ടി പ്രസംഗിച്ച് നടക്കുകയായിരുന്നെന്ന് അനൂപ് തിരിച്ചടിച്ചു.
മുഖ്യമന്ത്രി ഉത്തരവാദിത്വം പാലിക്കണമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. കെഎസ്‍യുവിനെ തള്ളിപ്പറയാൻ ഒരു കോൺഗ്രസ് നേതാവിനും കഴിയില്ലന്നായിരുന്നു ദീപ്തി മേരി വർഗീസിന്റെ പ്രതികരണം. മുഖ്യമന്ത്രി–- കെഎസ്‍യു പോര് അവരുതന്നെ തീർത്തോട്ടേയെന്നുപറഞ്ഞ് കെ മുരളീധരൻ കൈകഴുകി. കെഎസ്‍യു ആണ് നമ്മളെയൊക്കെ വളർത്തിയതെന്ന് മന്ത്രി എം ലിജു ഓർമിപ്പിച്ചു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കണ്ടിട്ടും മുഖ്യമന്ത്രി വി ഡി സതീശൻെ കാണാതെപോകുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായി.











0 comments