print edition ഫണ്ട് വെട്ടിപ്പിന് പിന്നാലെ ആഭ്യന്തര കലഹം; ബിജെപിയിൽ തലകൾ ഉരുളുന്നു


സി കെ ദിനേശ്
Published on Jul 25, 2026, 12:00 AM | 1 min read
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നതിനെ തുടർന്ന് പ്രതിരോധത്തിലായ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പോരിൽ തലകളുരുളുന്നു. യുവമോർച്ചയുടെയടക്കം ചുമതലയുള്ള പ്രഭാരി സ്ഥാനത്തുനിന്ന് ജനറൽ സെക്രട്ടറി അനൂപ് ആന്റണിയെ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കി. വൈസ് പ്രസിഡന്റ് ഷോൺ ജോർജിന്റെ പരാതിയിലാണിത്.
പി സി ജോർജിന്റെയും ഷോണിന്റെയും നിലപാടുകൾ ബിജെപിയുടേതല്ലെന്ന് പരസ്യമായി പ്രതികരിച്ച് അനൂപ് രംഗത്തുവന്നിരുന്നു. നാളുകളായി തുടരുന്ന ഏറ്റുമുട്ടലിനൊടുവിലാണ് അനൂപിന്റെ കസേര തെറിച്ചത്. കെ സുരേന്ദ്രനുമായി അടുത്തുനിൽക്കുന്ന പി സുധീർ ആണ് പുതിയ പ്രഭാരി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സുരേഷിനെ പ്രധാന ചുമതലകളിൽനിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. പാർടി തീരുമാനങ്ങളും സർക്കുലറുകളും മുന്പ് അറിയിച്ചിരുന്നത് സുരേഷാണ്. യുവമോർച്ച പ്രഭാരിയെ മാറ്റിയതടക്കമുള്ള പുതിയ തീരുമാനങ്ങളും മറ്റ് സർക്കുലറുകളും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖൾ നേരിട്ടാണ് അയക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് നടത്തിയ വാർത്താസമ്മേളനത്തിലും സുരേഷിനെ മാറ്റി നിർത്തിയിരുന്നു. ഫണ്ട് വെട്ടിപ്പില്ല, നടപടികളില്ല എന്ന വാദങ്ങൾ പൊളിക്കുന്ന തീരുമാനങ്ങളാണിവ.
അതീവഗുരുതര ആക്ഷേപങ്ങൾ ഉയർന്നതിനാൽ അടിയന്തിരമായി കോർകമ്മിറ്റി വിളിച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു. അകത്ത് നടപടിയെടുക്കലും പുറത്ത് നിഷേധിക്കലും കൊണ്ട് പിടിച്ചുനിൽക്കാനാകില്ല. രാജീവ് ചന്ദ്രശേഖറിനെതിരെ പാർടിയിൽ ഉയരുന്ന ശക്തമായ വികാരവും സുരേന്ദ്രൻ വിഭാഗം പിടിമുറുക്കുന്നതിന്റെ ലക്ഷണവുമാണ് പുതിയ നീക്കങ്ങൾ. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ പ്രസിഡന്റ് നിഷേധിച്ചില്ല, ഇപ്പോൾ പ്രതികരിക്കുന്നില്ല എന്നുപറഞ്ഞ് ഒഴിയുകയായിരുന്നു. ശബ്ദരേഖകൾ അടക്കം തെളിവുകളും മൂന്നുപേർക്കെതിരെ സംഘടനാ തലത്തിൽ നടപടിയെടുത്തതും പുറത്തുവന്നതാണ് ബിജെപി നേതാക്കളെ വെട്ടിലാക്കിയത്.










0 comments