ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ; ലാൻഡ് പൂളിങ് ധാരണപത്രം 29ന്

കൊച്ചി
ഇൻഫോപാർക്ക് മൂന്നാംഘട്ടമടക്കം വികസന പദ്ധതികൾക്കായി ലാൻഡ് പൂളിങ് വഴി ഭൂമി കണ്ടെത്താൻ നടപടികൾ ഉൗർജിതം. 29ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ജിസിഡിഎയും ഇൻഫോപാർക്കും ഇതിനായുള്ള ധാരണപത്രം ഒപ്പിടും.
കിഴക്കമ്പലം വില്ലേജിൽ 300 ഏക്കറിലാണ് ഇൻഫോപാർക്ക് മൂന്നാംഘട്ട വികസനം ലക്ഷ്യമിടുന്നത്. അനുബന്ധ സൗകര്യങ്ങൾക്കുൾപ്പെടെ 1000 ഏക്കർ ഭൂമിയാണ് ജിസിഡിഎ പൂൾ ചെയ്യുന്നത്. കിഴക്കമ്പലത്ത് പരിഗണിക്കുന്ന ഭൂമിയുടെ അതിർത്തികൾ, ഭൂ ഉപയോഗം, ഭൂരേഖകൾ, ഫ്ലഡ് അനാലിസിസ്, വാട്ടർ ഷെഡ്, ഗതാഗത കണക്ടിവിറ്റി എന്നിവ ശേഖരിച്ച് മാപ്പുകൾ തയ്യാറാക്കി.
കൂടുതൽ വിവരശേഖരണം, നടപ്പാക്കേണ്ട വികസനം, അടിസ്ഥാനസൗകര്യങ്ങൾ എന്നിങ്ങനെ ചർച്ചകൾ പുരോഗമിക്കുന്നു. ലാൻഡ് പൂളിങ്ങിനുള്ള വിജ്ഞാപനം പ്രസിദ്ധപ്പെടുത്താനും ജിസിഡിഎ നടപടി തുടങ്ങി.
ഏറ്റെടുക്കൽ ഉടമകളുടെ സമ്മതത്തോടെ
ഭൂമിവില, പാരിസ്ഥിതിക പ്രശ്‌നങ്ങൾ, ജനസാന്ദ്രത എന്നിവ ഭൂമി ഏറ്റെടുക്കലിന് തടസ്സമാകുന്നതിനാലാണ് ലാൻഡ് പൂളിങ് സാധ്യത സർക്കാരും ജിസിഡിഎയും പരിശോധിച്ചത്. പൊന്നുംവിലയ്‌ക്ക് സ്ഥലം ഏറ്റെടുക്കുന്നതിനു പകരം ഭൂവുടമകളിൽനിന്ന് നേരിട്ട് അവരുടെ സമ്മതത്തോടെ വാങ്ങുന്നതാണ് ലാൻഡ് പൂളിങ്. ജിസിഡിഎ സംഘടിപ്പിച്ച ‘ബോധി 2022’ വികസന കോൺക്ലേവിലെ നിർദേശങ്ങൾകൂടി പരിഗണിച്ചാണ് കേരള ലാൻഡ് പൂളിങ് നിയമവും ചട്ടങ്ങളും സർക്കാർ പാസാക്കിയത്.
തുടർനടപടികൾ ഇങ്ങനെ
ആദ്യം അനുയോജ്യമായ ഭൂമി കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിക്കും. കൃത്യമായി അതിരുകൾ അടയാളപ്പെടുത്തിയ മാപ്പിന്റെ സഹായത്തോടെ പൂൾ ചെയ്യാനുദ്ദേശിക്കുന്ന ഏരിയ, സർവേ നമ്പറടക്കം പ്രസിദ്ധപ്പെടുത്തും. തുടർന്ന് ഭൂവുടമകളുടെ യോഗം വിളിച്ച് പദ്ധതിയുടെ വിശദാംശങ്ങൾ അവതരിപ്പിക്കും. ആകെ ഭൂമിയുടെ 75 ശതമാനം പൂളിങ്ങിനായി ഭൂവുടമകൾ സമ്മതം നൽകിയാൽ പദ്ധതിയുമായി അതിവേഗം മുന്നോട്ടുപോകും. കരട് പദ്ധതിരേഖ തയ്യാറാക്കി പൊതുജനാഭിപ്രായംകൂടി സ്വീകരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തി അന്തിമ പദ്ധതിരേഖ തയ്യാറാക്കും.
പൂൾ ചെയ്തയിടത്ത് വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയശേഷം നിശ്ചിത ശതമാനം ഭൂമി തിരികെ ഭൂവുടമകൾക്ക് നൽകും. 75 ശതമാനം ഭൂവുടമകളുടെ സമ്മതം ലഭിക്കാത്തപക്ഷം അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തും.
ഇന്റഗ്രേറ്റഡ് ഐടി ടൗൺഷിപ് മാതൃകയിൽ ഒരുക്കുന്ന ഇൻഫോപാർക്ക് മൂന്നാം ഘട്ടത്തിൽ 25,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പൂർണസജ്ജമായാൽ രണ്ടുലക്ഷംപേർക്ക് നേരിട്ടും നാലുലക്ഷംപേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.








0 comments