ad
Deshabhimani

print edition ഇൻഫോപാർക്ക് മൂന്നാംഘട്ടം ; ലാൻഡ്‌പൂളിങ്ങിന്‌ ടെക്‌നിക്കൽ ടീം രൂപീകരിക്കാൻ അനുമതി

infopark third phase
വെബ് ഡെസ്ക്

Published on Feb 07, 2026, 12:15 AM | 1 min read


കൊച്ചി

ഇൻഫോപാർക്ക്‌ മൂന്നാംഘട്ടത്തിന്‌ ലാൻഡ്‌പൂളിങ്‌ നടത്താൻ ടെക്‌നിക്കൽ ടീം രൂപീകരിക്കാൻ അനുമതി നൽകി സംസ്ഥാന സർക്കാർ ഉത്തരവായി. തദ്ദേശസ്വയംഭരണ വകുപ്പാണ്‌ 20 അംഗ ടീം രൂപീകരിക്കാൻ ജിസിഡിഎക്ക്‌ അനുമതി നൽകിയത്‌. സീനിയർ ട‍ൗൺ പ്ലാനർ, ട‍ൗൺ പ്ലാനിങ്‌ ഓഫീസർ, ഡെപ്യൂട്ടി ട‍ൗൺ പ്ലാനർ ഉൾപ്പെടെയുള്ളവർ അടങ്ങുന്നതാകും ടീം.


മൂന്നാംഘട്ട പദ്ധതിയുടെ ഉടമസ്ഥ ഏജൻസിയായി ഇൻഫോപാർക്ക്‌ പ്രവർത്തിക്കും. ലാൻഡ്‌പൂളിങ്‌ പ്രവൃത്തികൾ ജിസിഡിഎ നടത്തണം. ഇതിനുള്ള ഭരണചെലവുകൾ ഇൻഫോപാർക്ക്‌ നൽകുന്ന ഫണ്ടിൽനിന്ന്‌ നിർവഹിക്കണമെന്നും ഉത്തരവിലുണ്ട്‌.

ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിൽ 300 ഏക്കറിലാണ്‌ ‘സൈബർവാലി’ ഒരുങ്ങുന്നത്‌. കേരളത്തിന്റെ ആദ്യ നിർമിതബുദ്ധി (എഐ) ടൗൺഷിപ്പായാണ്‌ മൂന്നാംഘട്ടം വിഭാവനം ചെയ്‌തിരിക്കുന്നത്‌. ഐടി, ഐടി അധിഷ്ഠിത സേവനങ്ങൾ, നിർമിതബുദ്ധി, മറ്റു പുതിയ സാങ്കേതികവിദ്യകൾ എന്നിവയുടെ കേന്ദ്ര ഹബ്ബാകും.


ആദ്യഘട്ടത്തിൽ കിഴക്കന്പലം, കുന്നത്തുനാട്‌ പഞ്ചായത്തുകളിലാണ്‌ ലാൻഡ് പൂളിങ്‌. മൂന്നാംഘട്ടം യാഥാർഥ്യമാകുന്പോൾ കൊച്ചി പ്രധാന ആഗോളശേഷികേന്ദ്ര(ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ)മായി മാറും. ആഗോള കമ്പനികൾ അവരുടെ ആസ്ഥാനത്തിന്റെ അതേ മാതൃകയിൽ ഒരുക്കുന്ന കേന്ദ്രങ്ങളാണ്‌ ജിസിസികൾ. പിപിപി മാതൃകയിൽ ആസൂത്രണം ചെയ്യുന്ന പദ്ധതിക്കായി 30 കോടിയാണ്‌ ബജറ്റിൽ നീക്കിവച്ചത്‌.

പരമ്പരാഗത ഭൂമി ഏറ്റെടുക്കലിലെ കാലതാമസവും നിയമപ്രശ്നങ്ങളും ഒഴിവാക്കി വികസനപദ്ധതികൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കാൻ സർക്കാർ നടപ്പാക്കുന്ന പുതിയ സമീപനമാണ് ലാൻഡ് പൂളിങ്‌. ഇതിലൂടെ സ്വകാര്യ ഭൂവുടമകളുടെ സമ്മതത്തോടെ അവരുടെ ചെറിയ തുണ്ടുഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കുന്നു. ഈ ഭൂമിയിൽ റോഡുകൾ, ഐടി പാർക്കുകൾ, മറ്റ് പൊതുസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി ആസൂത്രിതമായ വികസനം നടത്തുന്നു. വികസിപ്പിച്ച ഭൂമിയുടെ ഒരുഭാഗം അടിസ്ഥാന സൗകര്യങ്ങൾക്കായി ഉപയോഗിച്ചശേഷം ബാക്കി മൂല്യവർധനയോടെ ഭൂവുടമകൾക്ക് തിരികെനൽകും. എഐ ട‍ൗൺഷിപ്പിലേക്ക്‌ കൊച്ചി മെട്രോ നീട്ടുന്നതിന്‌ കെഎംആർഎല്ലിന്‌ ഇൻഫോപാർക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home