ad
Deshabhimani

print edition രാജ്യത്ത് വിലക്കയറ്റത്തോത്‌ വീണ്ടും ഉയർന്നു; വരുന്നത് കടുത്ത പ്രതിസന്ധി

inflation
avatar
വാണിജ്യകാര്യ ലേഖകൻ

Published on May 14, 2026, 12:00 AM | 1 min read

കൊച്ചി : സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി വിലക്കയറ്റത്തോത്‌ വീണ്ടും ഉയർന്നു. ഏപ്രിലിൽ ചില്ലറ വിൽപ്പനവിലയെ അടിസ്ഥാനമാക്കിയുള്ള നിരക്ക്‌ 3.48 ശതമാനം ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷത്തെതുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കാതിരുന്നതോടെയാണ്‌ വർധന.


ഗ്രാമീണ മേഖലയിലെ ചില്ലറവിൽപ്പന വിലക്കയറ്റത്തോത്‌ 3.74 ശതമാനമായും നഗരപ്രദേശങ്ങളിൽ 3.16 ശതമാനവുമായാണ്‌ ഉയർന്നത്. രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ആശങ്കയ്ക്കിടയിലാണ് ഈ വർഷം തുടർച്ചയായി നാലാംമാസവും വിലക്കയറ്റത്തോത്‌ വർധിച്ചത്. ഇത്‌ മാർച്ചിൽ 3.40 ശതമാനവും ഫെബ്രുവരിയിൽ 3.21 ശതമാനവും ജനുവരിയിൽ 2.74 ശതമാനവുമായിരുന്നു.


ഭക്ഷ്യവസ്തുക്കളുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വിലവർധനയാണ്‌ വിലക്കയറ്റത്തോത്‌ രൂക്ഷമാക്കുന്നത്. കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം മാർച്ചിലെ 3.87 ശതമാനത്തിൽനിന്ന് ഏപ്രിലിൽ 4.20 ശതമാനമായി വർധിച്ചിരുന്നു.സംസ്ഥാനങ്ങളിൽ 5.81 ശതമാനവുമായി തെലങ്കാനയാണ് വിലക്കയറ്റത്തിൽ മുന്നിൽ. ആന്ധ്രപ്രദേശ് (4.20), തമിഴ്നാട് (4.18), കർണാടകം (നാല്) എന്നിവയാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ.


കേരളത്തിലെ വിലക്കയറ്റത്തോത്‌ മാർച്ചിലെ 3.62 ൽനിന്ന്‌ 3.77 ശതമാനമായി. രാജ്യത്തെ വ്യവസായ, കാർഷിക, സേവന മേഖലകൾ നേരിടുന്ന കടുത്ത പ്രതിസന്ധിയാണ് വിലക്കയറ്റ കണക്കുകളിൽ പ്രതിഫലിക്കുന്നത്. മന്ത്രാലയം ഏപ്രിലിൽ പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ വ്യവസായ വളർച്ചാസൂചിക ഫെബ്രുവരിയിലെ 5.2ൽനിന്ന്‌ 4.1 ശതമാനമായി ഇടിഞ്ഞു. പാചകവാതകവില വർധിപ്പിച്ചതും മിക്ക സംസ്ഥാനങ്ങളിലും വൈദ്യുതി, ഇന്ധന, രാസവളം ക്ഷാമവും കാർഷിക, വ്യവസായ ഉൽപ്പാദനം വീണ്ടും കുറയ്ക്കാനിടയുണ്ട്‌. വരുംമാസങ്ങളിലും വിലക്കയറ്റത്തോത്‌ ഉയർന്നേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. പെട്രോൾ, ഡീസൽ വിലവർധനയുടെ ആഘാതം കൂടിയാകുന്നതോടെ സ്ഥിതി കൂടുതൽ ഗുരുതരമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home