സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടു
അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശുമരണ നിരക്കിൽ കുറവ്

തൃശൂർ: അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ശിശുമരണ നിരക്ക് കുത്തനെ കുറയുന്നു. എൽഡിഎഫ് സർക്കാരിന്റെ പത്തു വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളും ജനക്ഷേമ പദ്ധതികളും ഫലം കാണുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിന്റെ ആരോഗ്യ സൂചികകൾ സ്കാൻഡിനേവിയൻ രാജ്യങ്ങളോട് കിടപിടിക്കുന്ന തലത്തിലേക്ക് ഉയരുമ്പോഴാണ് അട്ടപ്പാടിയിലെ ഈ നേട്ടവും ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ പത്തു വർഷത്തിനിടെ അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്. 2014-ൽ മേഖലയിൽ 16 ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത്, 2023-ൽ അത് അഞ്ചായും 2024-ൽ ഏഴായും കുറഞ്ഞു. പത്തു വർഷത്തിനിടെ ആകെ 115 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പ്രതിവർഷ മരണനിരക്ക് പകുതിയിലധികം കുറയ്ക്കാൻ സർക്കാരിന്റെ ഇടപെടലുകളിലൂടെ സാധിച്ചു.
2016-ൽ കേരളം സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അട്ടപ്പാടിയെ 'സൊമാലിയ'യോട് ഉപമിച്ച് നടത്തിയ വിവാദ പരാമർശത്തിനുള്ള മറുപടി കൂടിയാണ് ഈ വികസന നേട്ടം. പശ്ചിമഘട്ടത്തിലെ നീലഗിരി മേഖലയിൽ 750 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന അട്ടപ്പാടിയിലെ ഇരുള (26,521 പേർ), മുഡുഗ (1,274 പേർ), കുറുമ്പ (2,251 പേർ) വിഭാഗങ്ങൾക്കിടയിൽ സർക്കാർ നടത്തിയ ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങളാണ് ഈ മാറ്റത്തിന് പിന്നിൽ.
ഗർഭിണികളുടെയും നവജാതശിശുക്കളുടെയും സംരക്ഷണം ഉറപ്പാക്കാൻ സർക്കാർ നടപ്പിലാക്കിയ സമഗ്ര പദ്ധതികൾ ഏറെ ഫലപ്രദമായി. അംഗൻവാടികൾ വഴി ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കി. ആദിവാസി സമൂഹങ്ങൾക്കിടയിൽ നിരന്തരമായ ആരോഗ്യ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
മികച്ച സൗകര്യങ്ങളുള്ള പ്രസവ കേന്ദ്രങ്ങൾ ഒരുക്കി സുരക്ഷിതമായ പ്രസവം ഉറപ്പുവരുത്തി.
പടവയൽ, അഗളി, കല്ലമല, കോട്ടത്തറ, പുഡൂർ, ഷോളയൂർ തുടങ്ങിയ ദുർഘട മേഖലകളിലെല്ലാം ആരോഗ്യ സംവിധാനങ്ങൾ എത്തിക്കാൻ കഴിഞ്ഞത് എൽഡിഎഫ് ഭരണത്തിന്റെ വലിയ നേട്ടമാണ്.









0 comments