വ്യവസായ സ്‌മാർട്ട്‌സിറ്റി ; 220 ഏക്കർകൂടി കൈമാറി

industrial smart city
വെബ് ഡെസ്ക്

Published on Apr 23, 2025, 03:32 AM | 1 min read


പാലക്കാട്‌ : കൊച്ചി –ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ വ്യവസായ സ്‌മാർട്‌ സിറ്റിക്ക്‌ ഏറ്റെടുത്ത സ്ഥലത്തിൽനിന്ന്‌ 220 ഏക്കർകൂടി കൈമാറി സംസ്ഥാന സർക്കാർ. പദ്ധതി നടപ്പാക്കുന്ന കേരള ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ്‌ കോർപറേഷനാണ്‌ ഭൂമി കൈമാറിയത്‌. കഞ്ചിക്കോട് വ്യവസായ മേഖലയിലെ പുതുശേരി സെൻട്രൽ വില്ലേജ്‌, കണ്ണമ്പ്ര – -ഒന്ന്‌ വില്ലേജുകളിൽ 1,301 ഏക്കർ ഏറ്റെടുത്തിരുന്നു. 850 ഭൂവുടമകള്‍ക്ക്‌ 1,489 കോടി രൂപ കിൻഫ്ര നഷ്ടപരിഹാരം നൽകി. ഇതിൽ 110 ഏക്കർ കഴിഞ്ഞവർഷം കോർപറേഷന്‌ കൈമാറി.


അയ്യമ്പുഴയിലെ 
ഗ്ലോബൽ സിറ്റി യാഥാർഥ്യമാക്കും

കൊച്ചി – -ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ എറണാകുളം ജില്ലയിലെ അയ്യമ്പുഴയിലെ ഗ്ലോബൽ സിറ്റി പദ്ധതിയുമായി തത്വത്തിൽ മുന്നോട്ടുപോകാനും തീരുമാനിച്ചതായി മന്ത്രി പി രാജീവ്‌ അറിയിച്ചു. പദ്ധതിയിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറിയിരുന്നു. സംസ്ഥാനത്തിന് അധിക ബാധ്യത ഉണ്ടാകുമെങ്കിലും പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്‌ സർക്കാർ.


അയ്യമ്പുഴയിൽ സ്ഥലമുടമകളുടെ യോഗം വിളിച്ചു. തുടർ നടപടി ഏകോപിപ്പിക്കാൻ കലക്ടർ, എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ്‌ എന്നിവരുൾപ്പെട്ട സമിതിക്ക് രൂപം നൽകും.

ഇടനാഴിയുടെ ഭാഗമായി കൊച്ചി ഗിഫ്റ്റ്സിറ്റി വിഭാവനം ചെയ്തപ്പോൾ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ പദ്ധതിയുടെ അമ്പത് ശതമാനം വീതം തുക പങ്കിടാനാണ് തീരുമാനിച്ചിരുന്നത്. ഗിഫ്റ്റ് സിറ്റി ഗുജറാത്തിന് മാത്രമായി നിശ്ചയിക്കപ്പെട്ടതാണെന്ന് അറിയിച്ചതിനെ തുടർന്ന് ഗ്ലോബൽ സിറ്റി എന്ന് പദ്ധതിയുടെ പേരുമാറ്റി. പദ്ധതിക്ക് അംഗീകാരം തേടി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടെങ്കിലും ഈ പദ്ധതിയും വ്യവസായ ഇടനാഴിയുടെ ഭാഗമായി അനുവദിക്കാനാകില്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.


500 ഏക്കർ ഏറ്റെടുക്കാൻ 500 കോടി വകയിരുത്താനായിരുന്നു ആദ്യ ധാരണ. സ്ഥലത്തിന്റെ വിസ്തൃതി 358 ഏക്കറായി പിന്നീട് കുറഞ്ഞിട്ടുണ്ടെങ്കിലും സ്ഥലം ഏറ്റെടുക്കാൻ 849 കോടി രൂപ ആകുമെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ തുക കിഫ്ബി അനുവദിച്ചു. 358ൽ 215 ഏക്കർ മാത്രമേ വ്യവസായ പദ്ധതിക്കൾക്കായി ഇവിടെ കൈമാറാനാകൂ. ഇത് കാരണം സംരംഭകർക്ക് കൈമാറുന്ന ഭൂമിവില വർധിക്കാൻ സാധ്യതയുണ്ട്. ഗ്ലോബൽ സിറ്റിയെ ലാഭകരമായി മാറ്റാൻ എങ്ങനെ സാധിക്കുമെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും മന്ത്രി പി രാജീവ്‌ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home