print edition സന്തോഷത്തോടെ യാത്ര; കണ്ണീരോർമയായി മടക്കം

എൽദോ ജോൺ
Published on Nov 03, 2025, 03:47 AM | 1 min read
പിറവം
കഴിഞ്ഞമാസം 14നാണ് ഇന്ദ്രജിത് കൊച്ചിയിൽനിന്ന് മൊസാംബിക്കിലേക്ക് പോയത്. തിരികെവരുന്നത് നാടിനെയൊന്നാകെ കണ്ണീരിലാഴ്‌ത്തിയാകുമെന്ന് ആരും കരുതിയിരുന്നില്ല. മെക്കാനിക്കൽ ഡിപ്ലോമ പാസായ ഇന്ദ്രജിത് ഒരുവർഷംമുമ്പാണ് കപ്പൽകമ്പനിയിൽ ജോലിക്ക് ചേർന്നത്. കപ്പലുകളിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സംഘത്തിൽ അംഗമായിരുന്നു. കമ്പനി നിർദേശമനുസരിച്ചായിരുന്നു മൊസാംബിക്കിലേക്കുള്ള യാത്ര. ബെയ്റ തുറമുഖത്തുനിന്ന് കിലോമീറ്ററുകൾ അകലെയുള്ള കപ്പലിലേക്ക് ബോട്ടിൽ പോകുംവഴിയാണ് ഇന്ദ്രജിത്തിന്റെ ജീവനെടുത്ത അപകടം. കടൽക്ഷോഭത്തിനിടെ കപ്പലിൽ ഇടിച്ചാണ് ബോട്ട് മുങ്ങിയത്. 16ന് രാത്രി ബന്ധുക്കൾക്ക് അപകടത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചു.
അന്നുമുതൽ പ്രദേശവാസികളെല്ലാം പോത്തൻകുടിലിലെ രണ്ട് വീടുകളിലായി ഇന്ദ്രജിത്തിനായുള്ള കാത്തിരിപ്പിലായിരുന്നു.വെളിയനാട് പോത്തൻകുടിലിൽ സന്തോഷിന്റെയും ഷീനയുടെയും മൂന്ന് മക്കളിൽ മൂത്തയാളാണ് ഇന്ദ്രജിത്. അച്ഛൻ സന്തോഷും ഇതേ കപ്പൽക്കമ്പനിയിൽ ജോലിക്കാരനാണ്. അപകടവിവരമറിഞ്ഞാണ് ആഫ്രിക്കയിൽനിന്ന് നാട്ടിലെത്തിയത്.
അനുജൻ അഭിജിത് സന്തോഷ് ഇതേ കമ്പനിയുടെ ഖത്തർ ബ്രാഞ്ചിൽ ജോലിക്ക് കയറാനിരിക്കുകയായിരുന്നു. ആരക്കുന്നം ടോക് എച്ച് എൻജിനിയറിങ് കോളേജ് വിദ്യാർഥി ശ്രീജിത്താണ് ഇളയ സഹോദരൻ. അപകടവിവരമറിഞ്ഞ് മൊസാംബിക്കിലേക്ക് പോയ ഇന്ദ്രജിത്തിന്റെ ബന്ധു പോത്തൻകുടിലിൽ പി എസ് അഖിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം വെള്ളിയാഴ്‌ച രാത്രിയോടെ മുബൈയിൽ എത്തിച്ചു. അവിടെനിന്നാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കൊല്ലം സ്വദേശി ശ്രീരാഗ് രാധാകൃഷ്‌ണന്റെ മൃതദേഹം കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നു.
വെളിയനാട് കപ്പൽ ജോലിക്കാരുടെ ഗ്രാമം
വെളിയനാട് ഗ്രാമം കപ്പൽജോലിക്കാരുടെ നാടാണ്. പ്രദേശത്തെ ഇരുപതിലേറെ വീടുകളിൽനിന്നുള്ളവർ ഇന്ദ്രജിത് ജോലിചെയ്തിരുന്ന കമ്പനിയായ ഏരിസിന്റെ വിവിധ ബ്രാഞ്ചുകളിലായി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ജോലിചെയ്യുന്നുണ്ട്. ആദ്യമായാണ് ഇതുപോലൊരു വേർപാടെന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. ഇന്ദ്രജിത്തിനെ കണ്ടെത്തുന്നതിനും മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനും ആശങ്കയോടെ ദിവസങ്ങൾ തള്ളിനീക്കിയ കുടുംബാംഗങ്ങൾക്ക് യഥാസമയം വിവരങ്ങൾ കൈമാറാൻ കമ്പനി അധികൃതർ ശ്രദ്ധിച്ചിരുന്നതായും അവർ പറഞ്ഞു.










0 comments