ad
Deshabhimani

ഇന്‍ഡിഗോയുടെ ആകാശക്കൊള്ള; കണ്ണൂരിന്‌ തിരിച്ചടി

kannur airport indigo
avatar
സ്വന്തം ലേഖിക

Published on Sep 20, 2026, 10:36 AM | 1 min read

കണ്ണൂർ : ഇൻഡിഗോ എയർലൈൻസ്‌ ആഭ്യന്തര വിമാനസർവീസുകളിലെ സേവന നിരക്ക് കൂട്ടിയത്‌ കണ്ണൂർ വിമാനത്താവളത്തിന്‌ തിരിച്ചടിയാകും. കണ്ണൂരിൽ പ്രധാന സർവീസ്‌ നടത്തുന്ന ഇൻഡിഗോയുടെ നിരക്ക്‌ വർധന മലബാറിലെ യാത്രക്കാരെയാണ്‌ നേരിട്ട്‌ ബാധിക്കുക. കുടുംബയാത്രക്കാരും പ്രവാസികളുമാണ്‌ വിമാനത്താവളത്തെ ആശ്രയിക്കുന്നതിലേറെയും. ഇൻഡിഗോ ദിവസേന ആറുമുതൽ ഒമ്പതുവരെ സർവീസുകളാണ്‌ നടത്തുന്നത്‌. പ്രതിദിനം രണ്ടായിരത്തോളം യാത്രക്കാർ. എയർ ഇന്ത്യയ്‌ക്ക്‌ ദിവസേന 10 സർവീസുകളാണുള്ളത്‌. രണ്ട്‌ എയർലൈൻസുകളിലുമായി നാലായിരത്തോളംപേർ യാത്രചെയ്യുന്നു. ഇവരിൽ നൂറിലധികം കുട്ടികളുമുണ്ട്‌.

വിമാനനിരക്കിലെ വർധന ബജറ്റിന്റെ താളം തെറ്റിക്കുമെന്ന ആശങ്കയിലാണ്‌ യാത്രക്കാർ. കുട്ടികളോടൊപ്പം യാത്രചെയ്യുന്ന കുടുംബങ്ങൾക്കും അധിക ബാഗേജുള്ള യാത്രക്കാർക്കുമാണ്‌ നിരക്ക്‌ വർധന ഇരുട്ടടിയാകുക.


കുഞ്ഞുങ്ങൾ, ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികൾ, അധിക ബാഗേജ്, മുൻഗണനാടിസ്ഥാനത്തിൽ ചെക്ക് ഇൻ, ബോർഡിങ്ങ്, യാത്രാ സർട്ടിഫിക്കറ്റ് തുടങ്ങിയവയ്ക്ക്‌ കഴിഞ്ഞ ദിവസമാണ്‌ ഇൻഡിഗോ നിരക്ക് വർധിപ്പിച്ചത്. മൂന്നുദിവസത്തിൽ കൂടുതലും രണ്ട് വയസിൽതാഴെയും പ്രായമുള്ള കുഞ്ഞുങ്ങളുടെ യാത്രാനിരക്ക് 2,000 രൂപയിൽനിന്ന്‌ 3,000 ആക്കി. മുതിർന്ന ആൾക്കൊപ്പം ഒരു കുഞ്ഞിനെ മാത്രമേ അനുവദിക്കൂ. ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികളുടെ നിരക്ക് 5,000 രൂപയിൽനിന്ന്‌ 6,000 രൂപയാക്കി. കുട്ടികളുടെ ഒറ്റക്കുള്ള അന്താരാഷ്ട്ര യാത്രകളുടെ നിരക്ക് 13,000 ആയും ഉയര്‍ത്തി.

ബാഗേജിന് ഓരോ കിലോയ്ക്കും അധികം നൽകേണ്ട തുക 700ൽനിന്നും 800 രൂപയാക്കി. മുൻഗണനാ ചെക്ക് ഇൻ, ബോർഡിങ് നിരക്ക് 450ൽനിന്നും 650 രൂപയാക്കി. ട്രാവൽ സർട്ടിഫിക്കറ്റിന് 100 രൂപയും വർധിപ്പിച്ച്‌ 300 രൂപയാക്കി. കുഞ്ഞുങ്ങളുടെ പ്രീ-ബുക്കിങ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home