ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12ന് തുറക്കും

ദുബായ് : വേനൽക്കാല ഇടവേളയ്ക്കുശേഷം പുതിയ സീസണിനായി ദുബായ് സഫാരി പാർക്ക് ഒക്ടോബർ 12ന് തുറക്കും. ‘ലൈവ് മോർ വൈൽഡ് ലൈഫ്’ എന്ന ആശയവുമായി സന്ദർശകർക്ക് വന്യജീവികളുമായും പ്രകൃതിയുമായും സംരക്ഷണ പ്രവർത്തനങ്ങളുമായും കൂടുതൽ അടുത്തിടപഴകാൻ അവസരമൊരുക്കുന്നതാണ് പുതിയ സീസൺ.
യാത്രാമേഖലയിലെ പങ്കാളികൾക്കായി ‘റോയൽ സഫാരി എക്സ്‌പീരിയൻസ്’ എന്ന പ്രത്യേക സൗകര്യവും ഒരുക്കും. പരമാവധി 10 പേർക്ക് പങ്കെടുക്കാവുന്ന നാല് മണിക്കൂർ ദൈർഘ്യമുള്ള ഈ സന്ദർശനത്തിൽ സ്വകാര്യഗൈഡിന്റെ നേതൃത്വത്തിലുള്ള പാർക്ക് സന്ദർശനം, പ്രത്യേക പരിഗണന, റിസർവ് സീറ്റുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും.
വേനൽക്കാലത്തെ ഉയർന്ന ചൂട് കണക്കിലെടുത്താണ് ദുബായിലെ പ്രധാന തുറന്ന വിനോദകേന്ദ്രങ്ങൾ പതിവായി അടച്ചിടുന്നത്. ഈ കാലയളവിൽ സൗകര്യങ്ങൾ നവീകരിക്കുകയും പുതിയ അനുഭവങ്ങൾ ഒരുക്കുകയും ചെയ്യുന്നു. ദുബായ് മിറക്കിൾ ഗാർഡനും ഒക്ടോബറിൽ പുതിയ സീസണിനായി തുറക്കും. ഗ്ലോബൽ വില്ലേജ് ഒക്‌ടോബർ 14ന് 31-ാം സീസണിന് തുടക്കമിടും.









0 comments