കടൽ മണൽ ഖനനം: താളം തെറ്റും സമുദ്ര ആവാസവ്യവസ്ഥ

സ്വന്തം ലേഖിക
Published on Mar 11, 2025, 01:37 AM | 1 min read
തിരുവനന്തപുരം: കടൽമണൽ ഖനനം കടലിന്റെ അടിത്തട്ട് നിവാസികളായ ജന്തുജാലങ്ങളുടെയും പവിഴപ്പുറ്റുകളുടെയും കോളനികളെ ഇല്ലാതാക്കുമെന്ന് കേരള സർവകലാശാലയുടെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ മറൈൻ മോണിറ്ററിങ് ലാബ് (എംഎംഎൽ) നടത്തിയ ജൈവവൈവിധ്യ പഠന റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്‌റ്റെയിനബിൾ ഗവേണൻസും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയണൻമെന്റ് ആൻഡ് ഡെവലപ്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ ബിജുകുമാർ പഠനറിപ്പോർട്ട് അവതരിപ്പിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ ഒറ്റപ്പെട്ടതും മൃദുവായതുമായ പവിഴപ്പുറ്റുകളുള്ളത് കൊല്ലം മേഖലയിലാണ്. മണൽ ഖനനംമൂലം അവ നശിക്കുകയും ഇത് ജൈവവൈവിധ്യ നഷ്ടത്തിന് കാരണമാകുകയും ചെയ്യും. ആഴക്കടൽ ചെമ്മീൻ, സെഫലോപോഡുകൾ (നീരാളി, കണവ) പോലുള്ള ഉയർന്ന മൂല്യമുള്ള മത്സ്യങ്ങളുടെ പ്രധാന മത്സ്യബന്ധന കേന്ദ്രമാണ് കൊല്ലത്തിന് പുറത്തുള്ള ആഴക്കടൽ. ഖനനം അവയുടെ തീറ്റയും പ്രജനനവും തടസപ്പെടുത്തും. കേരളത്തിൽ കണ്ടെത്തിയ ചില പവിഴ ഇനങ്ങളുടെ മൂന്നിൽ രണ്ട് ഭാഗവും കൊല്ലം തീരത്താണ്.
40 മീറ്റർ ആഴം വരെയുള്ള സമുദ്ര ഭാഗം പാറപ്പാരുകളാൽ സമ്പന്നമാണെന്നും വംശനാശഭീഷണി നേരിടുന്ന പവിഴജീവികളുടെ നിറഞ്ഞ സാന്നിധ്യം പ്രദേശത്ത് ലഭ്യമാണെന്നും കണ്ടെത്തി. പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങൾ അവരുടെ സാമ്പത്തിക നിലനിൽപ്പിനായി ഈ പാറപ്പാരുകളുമായി ബന്ധപ്പെട്ട മത്സ്യസമ്പത്തിനെയാണ് ആശ്രയിക്കുന്നത്. പാറപ്പാരുകൾ ആവാസവ്യവസ്ഥയ്ക്ക് നൽകുന്ന സേവനങ്ങളെപ്പറ്റി പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ കൂടുതൽ പഠനം അനിവാര്യമാണെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.
സമഗ്രമായ പാരിസ്ഥിതിക ആഘാതം വിലയിരുത്താതെ കൊല്ലത്തെ തീരക്കടലിൽ ഖനനം ചെയ്യാനുള്ള ശ്രമം ഗുരുതരമായ പാരിസ്ഥിതിക പിഴവായിരിക്കും. കേരള തീരത്ത് കൃത്രിമ പാരുകൾ സ്ഥാപിക്കുന്നത് പോലെയുള്ള സംസ്ഥാന സർക്കാർ ശ്രമങ്ങൾക്കിടെയാണ് കേന്ദ്രത്തിന്റെ മണൽഖനന തീരുമാനം. ഇതുണ്ടാക്കുന്ന പാരിസ്ഥിതിക നാശം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. ഡോ. ജെ ബി രാജൻ പരിപാടിയിൽ മോഡറേറ്ററായി.









0 comments