print edition ഇവിടെ തളിർക്കും ജീവനും ജീവിതവും

കോഴിക്കോട്: ചേവായൂരിലെ ത്വക്ക് രോഗാശുപത്രി വളപ്പിൽ ഏക്കറുകൾ പരന്നുകിടക്കുന്ന ക്യാമ്പസിലെത്തിയപ്പോൾ മീരാഭായിയുടെ മുഖത്ത് പ്രതീക്ഷയുടെ തിളക്കം. ചുറ്റും കണ്ണോടിച്ച് കൗതുകത്തോടെ അവർ ചോദിച്ചു, ‘ഇവിടല്ലേ, അവയവം മാറ്റിവയ്ക്കാനുള്ള ആശുപത്രി വരുന്നത്..? അതെ എന്ന് കേട്ടതോടെ കൗതുകം, സന്തോഷമായി.. പിന്നിട്ട ജീവിതത്തിലെ വേദനകളെയും പ്രതിസന്ധികളെയും മായ്ക്കുന്ന ആശ്വാസ പുഞ്ചിരി തെളിഞ്ഞു.
വൃക്ക മാറ്റിവയ്ക്കലും ചികിത്സയുമായി 27 വർഷമായി അതിജീവനപാതയിലാണ് അത്തോളി കുന്നത്തറ കുറുവാളൂരിലെ മീരാഭായി. ചികിത്സയ്ക്കായി കേരളത്തിനുള്ളിലും പുറത്തും സഞ്ചരിച്ചതിന്റെ അനുഭവത്തിൽ നാട്ടിൽ കൂടുതൽ സൗകര്യങ്ങൾ വേണമെന്നവർ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കോഴിക്കോട് വരുന്നുവെന്നറിഞ്ഞ സന്തോഷത്തിലാണ് മീരാഭായ്.
‘ചെലവും യാത്രയും മറ്റു ബുദ്ധിമുട്ടുകളും അവയവം മാറ്റിവയ്ക്കുന്നവർ ഏറെ അനുഭവിക്കുന്നുണ്ട്. ആദ്യം മണിപ്പാലിൽ ആയിരുന്നു എന്റെ ചികിത്സ. സാന്പത്തികപ്രയാസമുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്നാണ് വൃക്ക മാറ്റിവച്ചത്. ഇന്നത്തെ സൗകര്യങ്ങൾ പോലുമില്ല. സാധാരണ ആശുപത്രിയിൽ മറ്റ് രോഗികൾക്കൊപ്പം ചികിത്സ കിട്ടുന്പോൾ അതിന്റേതായ കുറവുകളുണ്ട്. ഇതാവുന്പോൾ രോഗികൾക്ക് പ്രത്യേകം ശ്രദ്ധ കിട്ടും. സാധാരണക്കാർക്ക് വലിയ ഉപകാരമാണിത്’ മീരാഭായ് പറയുന്നു.
ലോകത്ത് മൂന്നാമത്തേതും രാജ്യത്തെ ആദ്യത്തേതുമായ സന്പൂർണ അവയവമാറ്റ ആശുപത്രി ചേവായൂരിൽ ഒരുങ്ങുന്പോൾ, മീരാഭായിയെ പോലെ അനേകരിലാണ് ആശ്വാസം നിറയുന്നത്. അവയവം മാറ്റിവയ്ക്കൽ ചികിത്സ മുതൽ പുനരധിവാസം വരെ സമഗ്രപരിചരണം നൽകുക എന്ന ലക്ഷ്യത്തിൽ ആരോഗ്യകേരളത്തിന്റെ ചരിത്ര ചുവടുവയ്‌പ്പായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്-പ്ലാന്റിന് (അവയവമാറ്റ ആശുപത്രി) കഴിഞ്ഞമാസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്.
ശസ്ത്രക്രിയകളും ഗവേഷണവും ചികിത്സയും ഒരു കുടക്കീഴിലാക്കുന്ന കേന്ദ്രം സജ്ജമാവുന്നതോടെ അവയവമാറ്റത്തിന്റെ ചെലവ് മൂന്നിലൊന്നായി കുറയും. പ്രതിവർഷം 1100 കോർണിയ, 520 വൃക്ക, 320 കരൾ, 15 ആന്ത്ര (ഇന്റസ്റ്റൈനൽ), 15 പാൻക്രിയാസ്, 50 ഹൃദയം, 40 ശ്വാസകോശം, 120 ബോൺമാരോ, 300 സോഫ്റ്റ്ടിഷ്യു/വിരൽ/കൈ/എല്ല്/മുഖം എന്നിങ്ങനെ മാറ്റിവയ്ക്കാനാണ് സൗകര്യമൊരുങ്ങുന്നത്.










0 comments