പ്രാബല്യത്തിലാകുന്നതോടെ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ ഇല്ലാതാകും
print edition സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ വെട്ടിക്കുറയ്‌ക്കും ; പദ്ധതിയുമായി റെയിൽവേ മന്ത്രാലയം

സുനീഷ് ജോ
Published on Jan 03, 2026, 01:30 AM | 1 min read
തിരുവനന്തപുരം
രണ്ടുമാസത്തിനകം രാജ്യത്തെ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വൻതോതിൽ വെട്ടിക്കുറയ്‌ക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. കൗണ്ടറുകൾ ഒഴിവാക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇല്ലാതാകും. റിസർവേഷനില്ലാത്ത ടിക്കറ്റുകൾ എടുക്കാൻ കൗണ്ടറുകൾക്കുമുന്നിൽ കൂടുതൽ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) അനുവദിക്കും. 150 കിലോമീറ്റർ, അതിന് മുകളിൽ എന്ന തോതിലാണ് ഓപ്പറേറ്റർമാർക്ക് കമീഷൻ.
കൗണ്ടറുകൾ വെട്ടിക്കുറയ്‌ക്കുന്പോഴുള്ള പ്രതിഷേധം മറികടക്കാൻ ഓൺലൈൻ ടിക്കറ്റുകൾ പ്രോൽസാഹിപ്പിക്കണമെന്ന നിർദേശം സോണുകൾക്ക് റെയിൽവേ ബോർഡ് നൽകിയിട്ടുണ്ട്. മാർച്ച് ഒന്നിനു മുന്പ് 40 ശതമാനമാക്കി ഉയർത്തണമെന്നാണ് നിർദേശം. അതിനായി വിവിധ പ്രചാരണമാർഗങ്ങൾ അവലംബിക്കാമെന്നും പറയുന്നു. 14 മുതൽ ജൂലൈ 14 വരെ റെയിൽവൺ ആപ്പിൽ ടിക്കറ്റ് എടുക്കുന്പോൾ മൂന്ന് ശതമാനം ഇളവും നൽകും. രാജ്യത്ത് 26 ശതമാനം അൺറിസർവ്‌ഡ് ടിക്കറ്റുകൾ ഓൺലൈൻ ആപ്പുകൾ വഴി എടുക്കുന്നുണ്ടെന്നാണ് കണക്ക്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും വടക്കേഇന്ത്യൻ സംസ്ഥാനങ്ങളിലും 20 ശതമാനമോ അതിൽ കുറവോ ആണ്. കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ 29.5 ശതമാനം യാത്രക്കാർ ഓൺലൈനായി ടിക്കറ്റ് എടുക്കുന്നു.
കൊമേഴ്‌സ്യൽ വിഭാഗം ജീവനക്കാരെയാണ് ടിക്കറ്റ് കൗണ്ടറുകളിൽ നിയമിക്കുന്നത്. കൗണ്ടറുകൾ കുറയ്‌ക്കുന്പോഴുള്ള അധിക ജീവനക്കാരെ ടിക്കറ്റ് പരിശോധനയ്‌ക്ക് നിയോഗിക്കും. ജോലി ഭാരവും സുരക്ഷാപ്രശ്‌നവും ചൂണ്ടിക്കാട്ടി വിവിധ ഡിവിഷനുകളിൽ ടിടിഇമാർ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്.
ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള ഡിവിഷനുകളും ദിവസം ഓൺലൈനായി എടുക്കുന്ന ശരാശരി അൺറിസർവ്‌ഡ് ടിക്കറ്റുകളുടെ എണ്ണവും: ചെന്നൈ–230841, തിരുച്ചിറപ്പള്ളി 18557, മധുര 18014, സേലം 13503, പാലക്കാട് 17854, തിരുവനന്തപുരം 45715.ആകെ– 3,44,484.










0 comments