ad
Deshabhimani

സ‍ൗമ്യ പീഡനത്തിനിരയായി കൊല്ലപ്പെട്ട്‌ 14 വർഷത്തിനുശേഷവും സുരക്ഷാ നടപടിയില്ലാതെ റെയിൽവേ , ദക്ഷിണ റെയിൽവേയിൽമാത്രം സംരക്ഷണസേനയിൽ 1,038 ഒഴിവുകൾ

print edition പാഠം പഠിക്കാതെ 
റെയിൽവേ

RAILWAY
avatar
വേണു കെ ആലത്തൂർ

Published on Nov 06, 2025, 03:46 AM | 2 min read


പാലക്കാട്‌

എറണാകുളം– ഷൊർണൂർ പാസഞ്ചറിൽനിന്ന്‌ തള്ളിയിട്ടശേഷം സ‍ൗമ്യയെന്ന പെൺകുട്ടിയെ ഗോവിന്ദച്ചാമി അതിക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയിട്ട്‌ 14വർഷങ്ങൾ പിന്നിടുന്നു. 2011 ഫെബ്രുവരി ഒന്നിന്‌ രാത്രി വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനുസമീപംവച്ചാണ്‌ ഓടുന്ന ട്രെയിനിൽനിന്ന്‌ പെൺകുട്ടിയെ ട്രാക്കിലേക്ക്‌ തള്ളിയിട്ടശേഷം അതിക്രൂരമായി ആക്രമിച്ചത്‌. കേരളത്തിലോടുന്ന ട്രെയിനിലെ കോച്ചുകളിൽ സുരക്ഷയില്ലെന്നത്‌ അന്ന്‌ പ്രധാന ചർച്ചയായിരുന്നു.


കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ്‌ കേരള എക്‌സ്‌പ്രസിലെ ജനറൽ കോച്ചിൽ മദ്യപന്റെ ചവിട്ടേറ്റ്‌ പുറത്തേക്ക്‌ തെറിച്ചുവീണ്‌ പെൺകുട്ടിക്ക്‌ ഗുരുതരമായി പരിക്കേറ്റത്‌. ഇപ്പോഴും ചർച്ച ട്രെയിനിലെ സുരക്ഷയെക്കുറിച്ചാണ്‌. പതിനാലുവർഷം കഴിഞ്ഞിട്ടും സുരക്ഷയുടെ കാര്യത്തിൽ റെയിൽവെ ഒരിഞ്ചുപോലും മുന്നോട്ട്‌ പോയിട്ടില്ല.


സുരക്ഷയ്‌ക്ക്‌ സംസ്ഥാന പൊലീസ്‌ സേനാംഗങ്ങളെ നൽകാൻ തയ്യാറായെങ്കിലും അത്‌ റെയിൽവേ അനുവദിച്ചില്ല. ഇത്തരം ജീവനക്കാരുടെ പകുതി ശന്പളം റെയിൽവേ നൽകണമെന്നതാണ്‌ വ്യവസ്ഥ. അതിന്‌ റെയിൽവെ തയ്യാറായില്ല. ദക്ഷിണ റെയിൽവെയിൽമാത്രം സുരക്ഷാജീവനക്കാരുടെ 1,038 ഒഴിവുണ്ട്‌. ആകെയുള്ള 4,375 തസ്തികകളിൽ 3,337 പേരാണുള്ളത്‌. 1977ലെ സ്‌റ്റാഫ്‌ പാറ്റേൺ പ്രകാരമാണ്‌ ഇപ്പോഴും നിയമനം. അന്ന്‌ പ്രധാന ജങ്‌ഷനുകളിൽ മാത്രമാണ്‌ ആർപിഎഫ്‌ സേവനമുണ്ടായിരുന്നത്‌. ഇന്ന്‌ ഓരോ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കൂടി. കേരള എക്‌സ്‌പ്രസിൽ 1977ൽ 15 കോച്ചായിരുന്നത്‌ ഇപ്പോൾ ഇരുപത്തിരണ്ടായി. സാധാരണ കോച്ചുകളിൽ 72 ബർത്തായിരുന്നെങ്കിൽ എൽഎച്ച്‌ബി കോച്ച്‌ വന്നതോടെ ബർത്തുകൾ 80 ആയി. 48 വർഷത്തിനിടെ യാത്രക്കാർ മൂന്നിരട്ടി വർധിച്ചു. ട്രെയിനുകളും കൂടി. ജീവനക്കാരുടെ എണ്ണം മാത്രം കൂടിയില്ല.


ദക്ഷിണ റെയിൽവെയിൽ വിവിധ വിഭാഗങ്ങളിലായി 94,947 ജീവനക്കാരാണ്‌ വേണ്ടത്‌. നിലവിൽ 80,517 പേരേയുള്ളൂ, ഒഴിവാകട്ടെ 14,430. സുരക്ഷാസേനയുടെ ചുമതലകളിലും കൃത്യനിർവഹണത്തിലും കാലാനുസൃത മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്‌. സിസിടിവി പരിപാലനം, റെയിൽവെയുടെ ആസ്‌തി സംരക്ഷണം എന്നിവകൂടി ആർപിഎഫിന്റെ ചുമതലയാണ്‌. ഇതിന്‌ പുറമെയാണ്‌ ട്രെയിനുകളിലെ സുരക്ഷ. ഇതിനനുസൃതമായി ഒഴിവുകൾ നികത്താനോ സ്‌റ്റാഫ്‌ പാറ്റേൺ പരിഷ്കരിക്കാനോ നടപടിയില്ല.


ട്രെയിൻ യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കണം: ഡിആർഇയു

ട്രെയിനുകളിൽ യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പാക്കണമെന്ന്‌ ദക്ഷിണ റെയിൽവേ എംപ്ലോയീസ്‌ യൂണിയൻ (ഡിആർഇയു) ആവശ്യപ്പെട്ടു. ലഹരി ഉപയോഗിക്കുന്നവർ യാത്രക്കാരെയും ജീവനക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ വർധിക്കുന്നത്‌ ആശങ്കയുണ്ടാക്കുന്നു. യാത്രക്കാർ വർധിക്കുന്നതിനനുസരിച്ച്‌ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെയും (ആർപിഎഫ്‌) ടിക്കറ്റ് പരിശോധകരെയും അനുവദിക്കാത്തതാണ് ഇത്തരം അക്രമങ്ങൾ ആവർത്തിക്കാനുള്ള കാരണം. 500 യാത്രക്കാർക്ക് ഒരു ടിക്കറ്റ് പരിശോധകൻ എന്ന തോതിലാണ്‌ അനുവദിക്കേണ്ടത്‌. എന്നാൽ വന്ദേഭാരത്‌ എക്‌സ്‌പ്രസിന്‌ ഉൾപ്പെടെ റെയിൽവേ ബോർഡ്‌ തസ്‌തിക അനുവദിക്കുന്നില്ല.


സ്റ്റേഷന്റെ ഗ്രേഡ് അനുസരിച്ച് ആർപിഎഫിന്റെ ശേഷി വർധിപ്പിക്കാനും റെയിൽവേ തയ്യാറാവുന്നില്ല. മാത്രമല്ല, കരാർ ജീവനക്കാരെ നിയമിക്കാനാണ്‌ നിർദേശം .


ഇത്തരം ജനവിരുദ്ധ പരിഷ്കാരങ്ങൾ അവസാനിപ്പിച്ച്‌ യാത്രക്കാർക്കും ജീവനക്കാർക്കും സുരക്ഷ ഒരുക്കാനുള്ള നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന്‌ ഡിആർഇയു ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home