3.12 ലക്ഷം ഒഴിവുകൾ ; നിയമനം നടത്താതെ റെയിൽവേ , കരാർ ജീവനക്കാരുടെ എണ്ണം 7.5 ലക്ഷമായി

സുനീഷ് ജോ
Published on Jul 07, 2025, 03:25 AM | 1 min read
തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ വിവിധ തസ്‌തികളിലായി 3.12 ലക്ഷം ഒഴിവുകൾ. ലോക്കോ പൈലറ്റ്, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, സിഗ്‌നലിങ്, കൊമേഴ്‌സ്യൽ വിഭാഗങ്ങളിലാണ് കൂടുതൽ ഒഴിവുകൾ. വർഷം രണ്ട് ശതമാനം തസ്‌തികകൾ വെട്ടിക്കുറച്ചിട്ടും ഇത്രയും തസ്തികകളിൽ ഒഴിവുകളുണ്ട്.
രണ്ടായിരത്തിന്റെ തുടക്കംവരെ 16 ലക്ഷത്തിലധികം സ്ഥിരം ജീവനക്കാരുണ്ടായിരുന്ന റെയിൽവേയിൽ ഇപ്പോഴുള്ളത് 12.20 ലക്ഷംപേരാണ്. കരാർ ജീവനക്കാർ 7.5 ലക്ഷം പേരും. പല തസ്‌തികകളിലും വിരമിച്ച ജീവനക്കാരെ നിയമിക്കാനും ശ്രമം നടക്കുന്നു.
ഏറ്റവും കൂടുതൽ ഒഴിവുകളുള്ള അസി. ലോക്കോപൈലറ്റ് തസ്തികകളിൽ നിയമനം ഇഴഞ്ഞുനീങ്ങുകയാണ്. 17,966 പേരെ നിയമിക്കണം. പ്രാഥമിക പരീക്ഷയും മെയിൻ പരീക്ഷയും നടന്നെങ്കിലും മെഡിക്കൽ ടെസ്‌റ്റ് നടത്തി നിയമന പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല.
വിവിധ സോണുകളിലായി ഇവർക്ക് പരിശീലനം നൽകാനുള്ള കേന്ദ്രങ്ങളും കുറവാണ്. ദക്ഷിണ റെയിൽവേയിൽ 150 പേരെ പരിശീലിപ്പിക്കാനുള്ള സൗകര്യമേയുള്ളൂ. കേരളത്തിലെ രണ്ടുഡിവിഷനും തമിഴനാട്ടിലെ നാല് ഡിവിഷനും ദക്ഷിണറെയിൽവേയിലാണ്. ഈവർഷം 9970 അസി. ലോക്കോപൈലറ്റുമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചെങ്കിലും പരീക്ഷ നടത്താൻ ഒരുക്കങ്ങളായിട്ടില്ല.
ദക്ഷിണറെയിൽവേയിൽ 25000 ഒഴിവുകൾ
ആറുഡിവിഷനുള്ള ദക്ഷിണറെയിൽവേയിൽ നിലവിൽ 25000 ഒഴിവുകളുണ്ട്. ഇതിൽ ഗ്രൂപ്പ് എയിൽ 195, ഗ്രൂപ്പ് സിയിൽ 15228 എന്നിങ്ങനെയാണ് ഒഴിവുകൾ. ഉയർന്നതലത്തിലുള്ള ഓഫീസർമാരാണ് എ ഗ്രേഡിൽ. ഡിവിഷണൽ എൻജിനീയർമാരും ചീഫ് എൻജിനീയർമാരും ബിയിലും സീനിയർ സെക്‌ഷൻ ഓഫീസർ, സ്‌റ്റേഷൻ മാസ്‌റ്റർ, ലോക്കോ പൈലറ്റ് , ഗാർഡ് എന്നിവർ ഗ്രൂപ്പ് സിയിലും ഉൾപ്പെടുന്നു.
എൻജിനീയറിങ് വിഭാഗത്തിൽ 19702പേർ കരാർ ജീവനക്കാരാണ്. കൊമേഴ്‌സ്യൽ വിഭാഗത്തിൽ 464, സെക്യൂരിറ്റി വിഭാഗത്തിൽ 18, മെഡിക്കൽ വിഭാഗത്തിൽ 137 എന്നിങ്ങനെയാണ് കരാർ ജീവനക്കാരുടെ എണ്ണം.









0 comments