നൂറ്റാണ്ടിലധികമായി തുടരുന്ന സേവനമാണ് സെപ്‌തംബർ ഒന്നിന് അവസാനിപ്പിക്കുന്നത്
‘രജിസ്‌റ്റേർഡ് തപാലിന്’ ഗുഡ്‌ബൈ

സുനീഷ് ജോ
Published on Jul 31, 2025, 01:41 AM | 1 min read
തിരുവനന്തപുരം
ഇനി 32 ദിവസം. അതുകഴിയുമ്പോൾ രജിസ്‌റ്റേർഡ് തപാൽ സേവനത്തോട് രാജ്യം ഗുഡ്‌ബൈ പറയും. നൂറ്റാണ്ടിലധികമായി തുടരുന്ന സേവനമാണ് സെപ്‌തംബർ ഒന്നിന് അവസാനിപ്പിക്കുന്നത്. തപാൽ സേവനം ലാഭകരമാക്കുന്നതിന്റെ ഭാഗമാണ് നപടിയെന്നാണ് വിശദീകരണം.
രജിസ്‌റ്റേർഡ് തപാൽ അയക്കാൻ 26 രൂപയാണ് ഈടാക്കുന്നത്. സ്‌പീഡ് പോസ്‌റ്റിന് 42 രൂപയും. കഴിഞ്ഞ രണ്ടുവർഷമായി തപാൽ ഓഫീസുകൾ ഒരേ ബാഗിലാണ് ഇവ മറ്റ് ഓഫീസിലേക്ക് അയക്കുന്നത്. രാജ്യത്ത് എവിടെയും സ്‌പീഡ് പോസ്‌റ്റ് 2 –3 ദിവസത്തിൽ ലഭിക്കുമ്പോൾ രജിസ്‌റ്റേർഡ് പോസ്‌റ്റ് 2 മുതൽ 7 ദിവസംവരെ എടുക്കും. വിലാസത്തിലുള്ള വ്യക്തിതന്നെ നേരിട്ട് കൈപ്പറ്റണം എന്നാണ് വ്യവസ്ഥ. മറ്റൊരാൾക്ക് കൈമാറില്ല.
ബാങ്കുകൾ, പാസ്‌പോർട്ട് ഓഫീസ്, പിഎസ്‌സി, കോടതി, പൊലീസ്, ഇതര സർക്കാർ ഓഫീസ് രേഖകൾ രജിസ്‌റ്റേർഡ് തപാലിലാണ് അയക്കാറുള്ളത്. ബ്രിട്ടീഷുകാരാണ് നിയമനടപടികൾ രേഖമൂലമാക്കാനായി രജിസ്‌റ്റേർഡ് തപാലിന് രൂപം നൽകിയത്. സ്വാതന്ത്ര്യാനന്തരവും കൂടുതൽ വിപുലമായി തപാൽ വകുപ്പ് അത് തുടർന്നു.
1986ലാണ് സ്‌പീഡ് പോസ്‌റ്റ് ആരംഭിച്ചത്. തപാൽ ഉരുപ്പടികൾ റോഡ് മാർഗം കൊണ്ടുപോകാൻ തുടങ്ങിയപ്പോഴാണ് രജിസ്‌റ്റേർഡ് പോസ്‌റ്റും സ്‌പീഡ് പോസ്‌റ്റും തമ്മിൽ വ്യതാസമില്ലാതായത്.









0 comments