സോഫ്‌റ്റ്‌വെയർ മാറ്റം: വേഗം കുറഞ്ഞ് തപാൽ ഓഫീസുകൾ

സുനീഷ് ജോ
Published on Jul 21, 2025, 02:09 AM | 1 min read
തിരുവനന്തപുരം : മതിയായ സാങ്കേതിക സംവിധാനമൊരുക്കാതെ സോഫ്‌റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്‌തതോടെ രാജ്യത്തെ തപാൽ ഓഫീസുകൾ മന്ദഗതിയിൽ. കഴിഞ്ഞ ദിവസങ്ങളിൽ സേവനങ്ങൾക്കായി സബ് പോസ്‌റ്റ് ഓഫീസിലും ഹെഡ് പോസ്‌റ്റ് ഓഫീസിലുമെത്തിയവർ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വന്നു. ഈ മാസം എട്ടിനാണ് ഒരുവിഭാഗം തപാൽ ഓഫീസുകളിൽ അഡ്വാൻസ്‌ഡ് പോസ്‌റ്റൽ ടെക്‌നോളജി (എപിടി) 2.0 എന്ന ഇന്റഗ്രേറ്റഡ് സംവിധാനത്തിലേക്ക് മാറിയത്. മൈസൂരുവിലെ സെന്റർ ഫോർ എക്‌സ്‌ലൻസ് ഇൻ പോസ്‌റ്റൽ ടെക്‌നോളജി ( സിഇപിടി) യാണ് സോഫ്‌റ്റ്‌വെയർ വികസിപ്പിച്ചത്.
രണ്ട് സ്വകാര്യകമ്പനികളിൽനിന്ന് ഏകദേശം 3500 കോടി മുടക്കിയാണ് 2015ൽ പത്തുവർഷത്തെ കരാറിലേർപ്പെട്ടത്. എന്നാൽ ലൈസൻസ് പുതുക്കാൻ വലിയ തുക ആവശ്യമായി വരുന്നതിനാൽ പഴയ സോഫ്‌റ്റ്‌വെയർ പുതുക്കി. ട്രയൽറൺ നടത്തി അപാകം പരിഹരിക്കാൻ കഴിയാഞ്ഞതാണ് ഇപ്പോൾ വിനയായത്.
ഇന്ന് ഇടപാട് ഉണ്ടാകില്ല
ചൊവ്വാഴ്‌ച മുതൽ പുതിയ സോഫ്‌റ്റ്‌വെയറിലേക്ക് മാറുന്ന തപാൽഓഫീസുകളിൽ തിങ്കളാഴ്‌ച ഇടപാടുകൾ നടക്കില്ല. മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തനം തടസ്സപ്പെടും.









0 comments