കൊച്ചിൻ ഇന്റർനാഷണൽ മെയിൽ സർവീസും കൊച്ചിൻ ഫോറിൻ പോസ്റ്റും ഇല്ലാതാകും
കൊച്ചി വിമാനത്താവളം വഴിയുള്ള വിദേശ തപാൽ സേവനം നിർത്തുന്നു

കെ എ നിധിൻ നാഥ്
Published on Jul 31, 2025, 01:37 AM | 1 min read
തൃശൂർ
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള വിദേശ തപാൽ സേവനവും നിർത്തലാക്കാനുള്ള നീക്കത്തിലാണ്. മെയിൽ ആൻഡ് പാഴ്സൽ ഒപ്റ്റിമൈസേഷൻ പ്രോജക്ടിന്റെ (എംപിഒപി) ഭാഗമായാണ് നീക്കം. പുതിയ വിദേശ മെയിൽ ശൃംഖലയുടെ കരട് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം തയ്യാറാക്കി. ഇതുപ്രകാരം രാജ്യത്തെ വിവിധ അന്താരാഷ്ട്ര മെയിൽ സേവന കേന്ദ്രങ്ങൾ അടച്ചുപൂട്ടും. നിലവിൽ 30 കേന്ദ്രങ്ങൾ വഴിയുള്ള അന്താരാഷ്ട്ര മെയിൽ – പാഴ്സൽ സേവനങ്ങൾ അഞ്ചിടത്താക്കി ചുരുക്കും. ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത, ജയ്പൂർ എന്നിവിടങ്ങളിലൂടെ മാത്രമാക്കാനാണ് നീക്കം.
കൊച്ചി വിമാനത്താവളത്തോട് അനുബന്ധിച്ചുള്ള കൊച്ചിൻ ഇന്റർനാഷണൽ മെയിൽ സർവീസും കൊച്ചിൻ ഫോറിൻ പോസ്റ്റും ഇതോടെ ഇല്ലാതാകും. ഇനി ചെന്നൈ, മുംബൈ വഴി അയക്കണം. ഇത് തപാൽ സേവനങ്ങൾ വൈകുന്നതിന് വഴിവയ്ക്കും.
നിലവിൽ കേരളത്തിൽനിന്ന് വിദേശത്തേക്ക് അയക്കാനുള്ള തപാൽ ഉരുപ്പടികൾക്ക് 48 മണിക്കൂറിനകം കസ്റ്റംസ് ക്ലിയറൻസ് ലഭിക്കുന്നുണ്ട്. ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ 5 –7ദിവസം വരെയാണ് എടുക്കുന്നത്. രാജ്യത്ത് ഏറ്റവും വരുമാനമുള്ള കേന്ദ്രമാണ് കൊച്ചിയിലേത്. അഞ്ച് വർഷത്തിനുള്ളിൽ തപാൽ മേഖലയെ കൂടുതൽ വരുമാനം ലഭിക്കുന്ന രീതിയിൽ പരിഷ്കരിക്കുമെന്ന് അവകാശപ്പെട്ടാണ് എംപിഒപി നടപ്പാക്കുന്നത്. കാൽകിലോ ഭാരമുള്ള പാഴ്സൽ അമേരിക്കയിലേക്ക് തപാൽ വഴി അയക്കാൻ 995രൂപയാണ് നിരക്ക്. സ്വകാര്യ കമ്പനികൾ ഇടാക്കുന്നത് 1600 മുതൽ 3000 രൂപവരെയാണ്.









0 comments