print edition ഇന്ത്യ ഭരിക്കുന്നത് അന്ധത ബാധിച്ച സർക്കാർ: എം എ ബേബി

ഡൽഹി വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച ഉപവാസ സമരം സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം: അന്ധത ബാധിച്ച ഒരു സർക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ഡൽഹിയിലെ വിദ്യാർഥി– യുവജന പോരാളികൾക്ക് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ സംഘടിപ്പിച്ച സമരം ‘ഡേ ഫോർ ഡൽഹി' ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പിന്നോട്ട് നടത്തുന്ന നയങ്ങളാണ് മോദി സർക്കാരിന്റേത്. ഡൽഹിയിൽ തുടങ്ങി രാജ്യത്തിന്റെ നാനാഭാഗത്തേക്കും വ്യാപിച്ച സമരമാണിത്. രാജ്യാതിർത്തികൾക്ക് അപ്പുറവും ഈ പ്രക്ഷോഭത്തിന് ഐക്യദാർഢ്യമുണ്ടാകുന്നു. സാധാരണഗതിയിൽ രാഷ്ട്രീയനിലപാട് എടുക്കാതെ തങ്ങളുടെ മേഖലയിൽമാത്രം ഒതുങ്ങിനിൽക്കുന്നവർപോലും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുവന്നിരിക്കുന്നു. ഒരു ജനാധിപത്യ സമരത്തോട് പ്രതികരിക്കേണ്ട നിലയിലാണോ മോദി സർക്കാർ പ്രതികരിച്ചതെന്ന് എം എ ബേബി ചോദിച്ചു.
സമരത്തിന്റെ അടിസ്ഥാനകാരണം പ്രവേശന പരീക്ഷയിലെ അഴിമതിയാണ്. എന്തിനെയും കച്ചവടമാക്കുന്നവരാണ് ബിജെപി. ഡൽഹിയിൽ യുദ്ധസമാനമായ സാഹചര്യമാണ്. പെല്ലറ്റ് ആക്രമണത്തിൽ വിദ്യാർഥികൾക്ക് ഗുരുതര പരിക്കേറ്റു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ‘അധർമേന്ദ്ര പ്രധാൻ’ ആയി മാറിയെന്നും അദ്ദേഹം വിമർശിച്ചു.ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി അനൂപ് അധ്യക്ഷനായി. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, എം വിജയകുമാർ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ഡി കെ മുരളി, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽ കുമാർ, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്, സെക്രട്ടറി വി കെ സനോജ്, ചിന്താ ജെറോം, ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ, വി എസ് ശ്യാമ, ആര്യ രാജേന്ദ്രൻ, എ അൻസാരി, എ സമ്പത്ത്, എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്, സെക്രട്ടറി പി എസ് സഞ്ജീവ്, ജി എസ് പ്രദീപ് തുടങ്ങിയവർ സംസാരിച്ചു. മുരുകൻ കാട്ടാക്കട, പുഷ്‌പവതി എന്നിവർ ഗാനങ്ങൾ ആലപിച്ചു.










0 comments