ad
Deshabhimani

പാലായിൽ പിന്തുണ പിന്‍വലിക്കുമെന്ന്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

pala nagarasabha
വെബ് ഡെസ്ക്

Published on Jul 05, 2026, 02:30 AM | 1 min read

പാലാ : യുഡിഎഫ്–സ്വതന്ത്ര കൂട്ടായ്മ സഖ്യം ഭരിക്കുന്ന പാലാ നഗരസഭയിൽ സ്വതന്ത്രകൂട്ടായ്മയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്ന്‌ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാർ. ശനിയാഴ്ച ചേർന്ന കൗണ്‍സില്‍ യോഗത്തില്‍നിന്ന് കോൺഗ്രസ്‌ അംഗങ്ങൾ ഇറങ്ങിപ്പോയി. ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊട്ടാരമറ്റം സ്വകാര്യ ബസ്‌സ്റ്റാന്‍ഡിൽ നടത്താൻ അനുമതി കൊടുക്കുന്നത്‌ സംബന്ധിച്ച വിഷയം ചർച്ച ചെയ്യുന്നതിനെതിരെയായിരുന്നു കോൺഗ്രസിന്റെ ഇറങ്ങിപ്പോക്ക്‌.

വിഷയം കൗണ്‍സിലിന്റെ പരിഗണനയ്‌ക്ക്‌ വന്ന യോഗത്തിൽ ഒരു കോൺഗ്രസ് കൗൺസിലർ ഉൾപ്പെടെ ഭരണസഖ്യത്തിലെ നാല് അംഗങ്ങൾ പങ്കെടുത്തില്ല. യാത്രക്കാർക്കും ബസുകൾക്കും അസൗകര്യം ഉണ്ടാകാത്ത വിധത്തിൽ യോഗത്തിന് സ്റ്റാൻഡ് അനുവദിക്കാമെന്ന നഗരസഭ സെക്രട്ടറിയുടെ കുറിപ്പോടെയാണ് വിഷയം കൗൺസിൽ പരിഗണനയ്ക്ക് വന്നത്. ഇതോടെ ചെയർപേഴ്സൺ വിഷയം അജണ്ടയിൽ ഉൾപ്പെടുത്തുകയായിരുന്നു. അജണ്ട മാറ്റിവയ്‌ക്കണമെന്ന കോൺഗ്രസ് അംഗങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതിന്റെ പേരിൽ കോൺഗ്രസിന്റെ അഞ്ചംഗങ്ങളും സ്വതന്ത്രയും വാക്കൗട്ട് നടത്തുകയായിരുന്നു.

അജണ്ടയിലെ വിഷയത്തിൽ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു വോട്ടെടുപ്പിന് അനുമതി നൽകിയതോടെ 22 അംഗങ്ങൾ പങ്കെടുത്ത കൗൺസിലിൽ പ്രതിപക്ഷത്തെ 11പേരുടെ പിന്തുണയിൽ ബസ് സ്റ്റാൻഡ് അനുവദിക്കാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു. സ്വതന്ത്രകൂട്ടായ്മയിലെ കൗണ്‍സിലര്‍മാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ സോണിയ ചിറ്റേട്ട്, കോണ്‍ഗ്രസിലെ റിയ ചീരാങ്കുഴി എന്നിവർ യോഗത്തിന് എത്തിയിരുന്നില്ല. സ്വതന്ത്രകൂട്ടായ്‌മ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി ലീഡര്‍ ടോണി തൈപ്പറമ്പിലിന്റെ ആരോപണം.

പിന്തുണ പിൻവലിക്കലിന്റെ തുടർ നടപടികൾ പാർടി തീരുമാനിക്കുമെന്ന്‌ കോൺഗ്രസ്‌ ക‍ൗൺസിലർമാർ അറിയിച്ചു. എന്നാൽ കോൺഗ്രസ് അംഗമുൾപ്പെടെ രണ്ട് യുഡിഎഫ് പ്രതിനിധികൾ വിട്ടുനിന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home