കുതിപ്പിന്റെ പാതയിൽ കൊച്ചി മെട്രോ ! യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി മെട്രോയുടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധന രേഖപ്പെടുത്തി. 2024-ൽ 3.49 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം 2025-ൽ 3.64 കോടിയായി ഉയർന്നു, അതായത് ഏകദേശം 14.88 ലക്ഷം പേരുടെ വർധനവാണ് കഴിഞ്ഞ വർഷം മാത്രം ഉണ്ടായത്. ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള നാല് മാസത്തിനുള്ളിൽ തന്നെ 1,16,87,186 പേർ മെട്രോ ഉപയോഗിച്ചു കഴിഞ്ഞു.
വാട്ടർ മെട്രോയുടെ വരവും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഇലക്ട്രിക് ഫീഡർ ബസ് സർവീസുകളും യാത്രക്കാർക്ക് വലിയ തോതിൽ ഗുണകരമായതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്. കൂടാതെ, കൊച്ചി ബിനാലെയും പുതുവർഷാഘോഷങ്ങളും യാത്രക്കാരുടെ എണ്ണം കൂട്ടാൻ സഹായിച്ചു.
കഴിഞ്ഞ പുതുവത്സര തലേന്ന് പുലർച്ചെ രണ്ട് മണി വരെ സർവീസ് നടത്തിയ മെട്രോയിൽ അന്ന് മാത്രം 1,39,766 പേരാണ് യാത്ര ചെയ്തത്. വാട്ടർ മെട്രോയും ഫീഡർ ബസുകളും ഉൾപ്പെടെ അന്നേദിവസത്തെ ആകെ യാത്രക്കാരുടെ എണ്ണം 1,61,683 ആയി ഉയർന്നു. ഡിസംബർ 31-ന് മാത്രം 44,67,688 രൂപ വരുമാനം ലഭിച്ചത് ഒരു റെക്കോഡ് നേട്ടമാണ്.
2017-ൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇതുവരെ ഏകദേശം 17.52 കോടി ആളുകൾ കൊച്ചി മെട്രോ ഉപയോഗിച്ചതായും കെ എം ആർ എൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2026-ലെ ആദ്യ നാല് മാസങ്ങളിൽ ജനുവരിയിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് (32,72,067 പേർ).










0 comments