ad
Deshabhimani

പൊലീസുകാരൻ ചമഞ്ഞ് മോഷണം: പ്രതി പിടിയിൽ; പൊക്കിയത് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്ന്

Fake policeman arrest,.jpg

പൊലീസുകാരൻ ചമഞ്ഞ് മോഷണം നടത്തി അറസ്റ്റിലായ മനു

വെബ് ഡെസ്ക്

Published on May 31, 2026, 05:48 PM | 1 min read

ഉദുമ: പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിയിൽ നിന്നു സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ. സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം റൂറലിലെ നരികല്ലുമുക്കു ചാമരത്ത് തൊണ്ടുവില ഹൗസിലെ മനുവിനെ (36)യാണ് ഗോവയിലെ സുഖവാസ കേന്ദ്രത്തിൽ നിന്നും ഞായറാഴ്ച പുലർച്ചയോടെ ബേക്കൽ പൊലിസ് പിടികൂടിയത്. തൊണ്ടിമുതൽ കണ്ടെടുക്കാനായില്ല. മംഗളൂരുവിൽ വിറ്റതായി പ്രതി മൊഴിനൽകി. ഇതിനായി പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരുന്നതായി പൊലീസ് പറഞ്ഞു. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവം ഐപിഎസ്, സിഐ എം കെ അനിൽകുമാർ, എസ്ഐമാരായ അഖിൽ, റോഷിത്, പ്രജിത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്.


ഉദുമ റെയിൽവേ ഗേറ്റിന് സമീപത്തെ പുഷ്പലത ജ്വല്ലറിയിൽ നിന്നു മെയ് 28 ന് ഉച്ചയോടെയായിരുന്നു തട്ടിപ്പ്. കൊല്ലം സ്വദേശിയായ അഖിൽരാജ് ആണെന്നും ഏഴു മാസമായി ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസാണെന്നും സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ജ്വല്ലറി ഉടമയായ ഗണേശനെ തെറ്റിദ്ധരിപ്പിച്ചത്. ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുകൾ കൂടി പറഞ്ഞതോടെ പ്രതിയെ വിശ്വാസത്തിലെടുത്ത ജ്വല്ലറി ഉടമ ഈയാൾ ആവശ്യപ്പെട്ട സ്വർണം നൽകുകയായിരുന്നു.


കൈ ചെയിൻ, മോതിരം എന്നിവ വാങ്ങി 1,29,500 രൂപ അക്കൗണ്ടിലേക്ക് അയച്ച മെസേജ് ജ്വല്ലറി ഉടമയെ കാണിച്ച് സ്വർണ്ണവുമായി ഇയാൾ പോയി. പിന്നീട് വൈകീട്ട് നാലിന് തിരിച്ചെത്തി ഭാര്യ സഹോദരന് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞു ഒരു കൈചെയിൻ കൂടി വാങ്ങുകയായിരുന്നു. ഇതിന്റെ തുകയായ 1,31,000 രൂപ അക്കൗണ്ടിൽ അയച്ചതിന്റെ മെസേജ് ജ്വല്ലറി ഉടമയ്ക്ക് കാണിച്ച് ഇയാൾ തിരിച്ചു പോയി. പിന്നീട് ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് പണം അക്കൗണ്ടിൽ എത്തിയില്ലെന്ന് അറിയുന്നത്. മൊത്തം 2,60,500 രൂപയുടെ സ്വർണമാണ് തട്ടിയെടുത്തത്.


ഉടൻ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി പരിശോധിച്ചപ്പോളാണ് പ്രതി സ്ഥിരം തട്ടിപ്പ് വീരനായ തിരുവനന്തപുരം സ്വദേശി മനുവാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗോവിൽ നിന്നു പിടികൂടിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home