ഹോമിയോ മേഖലയില്‍ ഗവേഷണത്തിന് പ്രാധാന്യം നല്‍കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹോമിയോ മേഖലയിൽ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് മന്ത്രി വീണാ ജോർജ്. ലോക ഹോമിയോ ദിനാചരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് 14 ജില്ലാ മെഡിക്കൽ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്‌പെൻസറികളും ഹോമിയോപ്പതി മേഖലയിലുണ്ട്. ഈ മേഖലയിൽ വലിയ പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിയത്. 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തികകൾ സൃഷ്ടിച്ചു. ദേശീയ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഫലമായി 102 സ്ഥാപനങ്ങൾക്ക് എൻഎബിഎച്ച് സർട്ടിഫിക്കേഷനും ലഭിച്ചു. മന്ത്രി പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി "പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഹോമിയോപ്പതിയുടെ പ്രസക്തി' എന്ന വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങൾ മുഖേന നടപ്പാക്കുന്ന പദ്ധതികളിൽനിന്ന് വിദഗ്ധ പാനൽ തെരഞ്ഞെടുത്തവയുടെ അവതരണവും സംഘടിപ്പിച്ചു. ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റം പോർട്ടലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി സജിത് ബാബു അധ്യക്ഷനായി. ഹോമിയോപ്പതിവകുപ്പ് ഡയറക്ടർ ഡോ. എം പി ബീന, ഐഎസ്എംവകുപ്പ് ഡയറക്ടർ ഡോ. കെ എസ് പ്രിയ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസവകുപ്പ് ഡയറക്ടർ ഡോ. ടി ഡി ശ്രീകുമാർ, പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ ഡോ. ടി കെ വിജയൻ, ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. ആർ ജയനാരായണൻ, ഹോംകോ എംഡി ഡോ. ശോഭാ ചന്ദ്രൻ, ഹോമിയോപ്പതി ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി കെ പ്രിയദർശിനി തുടങ്ങിയവരും പങ്കെടുത്തു.










0 comments