ദുരന്തപ്രതിരോധത്തിൽ "വയനാടി'നെ പഠിക്കാൻ ഹിമാചൽപ്രദേശ്

എൻ ഊര് | Image Credit: Kerala Tourism

സ്വന്തം ലേഖകൻ
Published on Oct 24, 2025, 09:46 PM | 1 min read
കൽപ്പറ്റ: കാലവർഷക്കെടുതിയും പ്രകൃതിദുരന്തവും നേരിടുന്നതിൽ വയനാട് ജില്ലയിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ പഠിക്കാൻ ഹിമാചൽ പ്രദേശ് സർക്കാർ. കാലവർഷത്തിൽ ജില്ലയിൽ നടപ്പാക്കിയ ദുരന്ത പ്രതിരോധ, അപകടരഹിത മൺസൂൺ പ്രതിരോധ പ്രവർത്തനങ്ങൾ പഠിക്കാൻ ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖുവാണ് താൽപ്പര്യമറിയിച്ചത്. സംസ്ഥാന സർക്കാർ, ജില്ലാ ഭരണസംവിധാനം, ദുരന്തനിവാരണ അതോറിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടപ്പാക്കിയ മുൻകരുതൽ, പ്രതിരോധ പ്രവർത്തനങ്ങൾ, അപകട മരണങ്ങളില്ലാത്ത മഴക്കാല പ്രവർത്തനം എന്നിവ പഠിക്കും.
തുടർച്ചയായി മൂന്ന് കാലവർഷങ്ങളിൽ ഹിമാചലിൽ സംഭവിച്ച പ്രകൃതി ദുരന്തം കണക്കിലെടുത്താണ് ഹിമാചൽ സർക്കാർ തീരുമാനം. കലക്‌ടർ, ജില്ലാ ഭരണസംവിധാന ഉദ്യോഗസ്ഥർ, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന് ഹിമാചൽ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസ് മുഖേന വിവരങ്ങൾ അറിയും. ഇതിന്റെ ഭാഗമായി ഹിമാചൽപ്രദേശ് ചീഫ് സെക്രട്ടറി കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. ഇതിന് മുന്നോടിയായി ഹിമാചൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി കെ കെ പന്തിന്റെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംസ്ഥാന റവന്യു ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ, കലക്‌ടർ ഡി ആർ മേഘശ്രീ എന്നിവരുമായി ആദ്യഘട്ട കൂടിക്കാഴ്ച നടത്തും. 26ന് ഓൺലൈനായി ആദ്യ കൂടിക്കാഴ്ച നടത്താനാണ് ഹിമാചൽ ചീഫ് സെക്രട്ടറി താൽപ്പര്യം അറിയിച്ചത്.
ഹിമാചൽ സർക്കാരിന്റെ ആവശ്യത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മൺസൂണിന് മുന്നോടിയായി സ്വീകരിച്ച പ്രവർത്തനങ്ങളിലൂടെയാണ് ജില്ലയിൽ മഴക്കാലപൂർവ അപകട മരണങ്ങൾ ഒഴിവാക്കാൻ സാധിച്ചതെന്നും കലക്‌ടർ ഡി ആർ മേഘശ്രീ പറഞ്ഞു. ഉദ്യോഗസ്ഥർക്കായി വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചു. മുപ്പതിലധികം തവണ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗങ്ങൾ ചേർന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ, മരങ്ങൾ, കേബിളുകൾ, വൈദ്യുതി ലൈനുകൾ മാറ്റി. പ്രദേശികതലത്തിൽ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്ന് പ്രവർത്തിച്ചു. സ്‌കൂളുകളിൽ ദുരന്ത പ്രതിരോധ പ്രചാരണം നടത്തി. വാർഡ് തലത്തിൽ പ്രത്യേക ദുരന്തനിവാരണ പദ്ധതി തയ്യാറാക്കിയാണ് ലക്ഷ്യം കൈവരിച്ചതെന്നും കലക്‌ടർ പറഞ്ഞു.










0 comments