print edition എൽപിജി അനധികൃത സംഭരണം; പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം : എല്‍പിജി മേഖലയിലെ കരിഞ്ചന്തയും അനധികൃത സംഭരണവും തടയാനുള്ള പരിശോധന കര്‍ശനമാക്കി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്. ശനിയാഴ്ച സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ആറ്റിങ്ങലിന് സമീപത്തുനിന്ന് പൊതുമേഖലാ ഓയിൽ കമ്പനികളുടെ ഗാർഹിക, വാണിജ്യ, ചോട്ടു സിലിണ്ടറുകൾ ഉൾപ്പെടെയുള്ള അറുനൂറിലധികം എൽപിജി സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. ഇതിന്റെ വിശദമായ പരിശോധനയും കണക്കെടുപ്പ് നടപടിയും പുരോഗമിക്കുകയാണ്.
കൂടാതെ രണ്ട് ഹോട്ടലുകളിൽ അനധികൃതമായി സൂക്ഷിച്ച അഞ്ച് ഗാർഹിക എൽപിജി സിലിണ്ടറുകളും സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു. വെള്ളിയാഴ്ച സാധുവായ രേഖകളില്ലാതെ വാഹനത്തിൽ കൊണ്ടുപോയ 50 വാണിജ്യ എൽപിജി സിലിണ്ടറുകൾ പൊലീസ് കണ്ടെത്തിയിരുന്നു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ വാഹനവും സിലിണ്ടറുകളും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത സിലിണ്ടറുകളിൽ നിറച്ചതും ശൂന്യവുമായതും ഉണ്ടായിരുന്നു. ഇത് അനധികൃതമായി ഗ്യാസ് മാറ്റി നിറയ്ക്കുന്നതിനും നിയമവിരുദ്ധ വിതരണത്തിനും ഉപയോഗിച്ചതായാണ് സംശയം.
പിടിച്ചെടുത്ത സാധനങ്ങൾ തുടർ അന്വേഷണത്തിനായി സുരക്ഷിത കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് എൽപിജി വാർ റൂമിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ മുഹമ്മദ് ഷഫീഖ് അറിയിച്ചു. ഗാർഹികവും വാണിജ്യവുമായ എൽപിജി സിലിണ്ടറുകളുടെ കരിഞ്ചന്ത ഉൾപ്പെടെ എല്ലാ തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും പരിശോധന ഊര്‍ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു.










0 comments