കാൻസർ ഗവേഷണ പദ്ധതികൾക്കായി ഐഎച്ച്‌ആർഡിയും ആർസിസിയും ധാരണപത്രം ഒപ്പുവെച്ചു

ihrd
വെബ് ഡെസ്ക്

Published on Sep 18, 2025, 08:54 PM | 1 min read

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കേരളത്തിലെ മികച്ച സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ഡെവലപ്‌മെന്റും (ഐഎച്ച്‌ആർഡി) ഇന്ത്യയിലെ കാൻസർ ചികിത്സാ രംഗത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും തമ്മിൽ കാൻസർ ഗവേഷണ പദ്ധതികൾക്കായുള്ള ധാരണപത്രം ഒപ്പുവെച്ചു.


കാൻസർ രോഗനിർണ്ണയ കാര്യങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ വിവിധ സാധ്യതകൾ ഉപയോഗിച്ച് വിവിധ ഗവേഷണങ്ങൾ നടത്തി ടെക്‌നോളജി അധിഷ്ഠിത ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കുകയും ചെയ്യുകയാണ്‌ ലക്ഷ്യം.തദ്ദേശീയമായ കണ്ടുപിടുത്തങ്ങൾക്കും അത് വഴി ഗവേഷകർക്കും വിദ്യാർഥികൾക്കും കാൻസർ ഗവേഷണത്തിന്റെ പുതിയ തലങ്ങളിലേക്ക് കടക്കുവാനും പദ്ധതി വഴിയൊരുക്കും. കേരളത്തിലെ എൻജിനീയറിങ്‌ വിദ്യാഭ്യാസ മേഖലയിൽ നിന്ന് ആദ്യമായാണ്‌ നൂതന സാങ്കേതിക വിദ്യകൾ വഴി ഇത്തരത്തിൽ കാൻസർ ഗവേഷണ പ്രവർത്തനങ്ങൾ നടത്താനുള്ള ഉദ്യമം ആരംഭിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെയും ആരോഗ്യ മന്ത്രി വീണാ ജോർജിന്റെയും സാന്നിദ്ധ്യത്തിൽ ആർസിസി ഡയറക്ടർ ആർ രജനീഷ് കുമാറും ഐഎച്ച്ആർഡി ഡയറക്ടർ വി എ അരുൺ കുമാറും ഒപ്പിട്ട ധാരണ പത്രങ്ങൾ പരസ്പരം കൈമാറി.


ഈ ധാരണാപത്രം കേരളത്തിൽ ആരോഗ്യ- വിദ്യാഭ്യാസ മേഖലയെ ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികൾക്ക് വഴിയൊരുക്കുമെന്നും ഗവേഷണ ഫലങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുന്ന വിധത്തിൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഈ സഹകരണം പുതിയ ഊർജം നൽകുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. ഇത് കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ വലിയ കുതിപ്പാണ്. ഗവേഷകർക്കും വിദ്യാർഥികൾക്കും പ്രായോഗിക വിജ്ഞാനം നൽകാനും പുതിയ അവസരങ്ങൾ ഒരുക്കാനും ഇതിലൂടെ കഴിയുമെന്ന് ഐഎച്ച്ആർഡി ഡയറക്ടർ വി എ അരുൺകുമാർ അഭിപ്രായപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home